കറാച്ചി: ടോം ലാതവും വില്‍ യങും മിന്നും സെഞ്ച്വറികളുമായി ആറാടിയപ്പോള്‍ ചാംപ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മല്‍സരത്തില്‍ പാകിസ്താന്‍ തരിപ്പണം. നിലവിലെ ജേതാക്കള്‍ കൂടിയായ പാക് പടയ്‌ക്കെതിരേ 60 റണ്‍സിന്റെ വമ്പന്‍ ജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിലെ കരുത്തരുടെ പോരില്‍ 321 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് പാകിസ്താന് കിവികള്‍. റണ്‍ചേസില്‍ അവര്‍ ഒരിക്കല്‍പ്പോലും ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു.
വാലറ്റത്ത് ഖുശ്ദില്‍ ഷായും (69) സൂപ്പര്‍ താരം ബാബര്‍ ആസവും (64) ഫിഫ്റ്റികളോടെ പൊരുതിയെങ്കിലും മറ്റാരില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഇതോടെ 47.2 ഓവറില്‍ 260 റണ്‍സിനു പാക് പട കൂടാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.
ഈ തോല്‍വിയോടെ ഗ്രൂപ്പിലെ ഇനിയുള്ള രണ്ടു മല്‍സരങ്ങളും പാകിസ്താന് നിര്‍ണായകമായി മാറി. ഇന്ത്യ, ബംഗ്ലാദേശ് എന്നിവരുമായാണ് അവരുടെ ഇനിയുള്ള മല്‍സരങ്ങള്‍. സെമിയിലെത്തണമെങ്കില്‍ രണ്ടിലും പാകിസ്താന് ജയിക്കേണ്ടതുണ്ട്.

തണുപ്പന്‍ റണ്‍ചേസ്
അടുത്തിടെ സൗത്താഫ്രിക്കയ്‌ക്കെതിരേ 350 പ്ലസ് റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച പാകിസ്താന്‍ ഇത്തവണയും സമാനമായൊരു അദ്ഭുതം പുറത്തെടുക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. 320 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരണമെങ്കില്‍ മികച്ചൊരു തുടക്കം അവര്‍ക്കു ആവശ്യമായിരുന്നു. പക്ഷെ അതുണ്ടായില്ല. തുടക്കം മുതല്‍ തണുപ്പന്‍ ബാറ്റിങാണ് അവര്‍ കാഴ്ചവച്ചത്. ഇതിനിടെ വിക്കറ്റുകളും നഷ്മായിക്കൊണ്ടിരുന്നു.
49 ബോളില്‍ 10 ഫോറും ഒരു സിക്‌സറുമടക്കമാണ് ഖുശ്ദില്‍ ഷാ ടീമിന്റെ അമരക്കാരനായത്. 90 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടക്കമാണ് ബാബര്‍ ആസം 64 റണ്‍സെടുത്തത്. സല്‍മാന്‍ ആഗ (42), ഫഖര്‍ സമാന്‍ (24) എന്നിവരും പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഫീല്‍ഡിങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഫഖര്‍ ഓപ്പണിങില്‍ ഇറങ്ങിയില്ല. പകരം സൗദ് ഷക്കീലിനെ പ്രൊമോട്ട് ചെയ്യുകയായിരുന്നു. പക്ഷെ ആറു റണ്‍സിനു താരം പുറത്തായി.
നായകന്‍ മുഹമ്മദ് റിസ്വാനും (3) പെട്ടെന്നു മടങ്ങിയതോടെ പാകിസ്താന്‍ രണ്ടിന് 22. മൂന്നാം വിക്കറ്റില്‍ ബാബര്‍ - ഫഖര്‍ ജോടി 47 റണ്‍സ് കൂട്ടിച്ചേത്തു. പക്ഷെ ഫഖറിനെ മടക്കി കിവികള്‍ തിരിച്ചടിച്ചു. നാലാം വിക്കറ്റില്‍ ബാബര്‍- ആഗ സഖ്യം 58 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി പാകിസ്താനെ തിരികെ കൊണ്ടുവന്നു.
പക്ഷെ ആഗ മടങ്ങിയതോടെ അവരുടെ വിജയപ്രതീക്ഷകളും അവസാനിക്കുകയായരുന്നു. ഖുശ്ദില്‍ അഗ്രസീവ് ഫിഫ്റ്റിയോടെ മിന്നിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. ന്യൂസിലാന്‍ഡിനായി നായകന്‍ മിച്ചെല്‍ സാന്റ്‌നറും വില്ല്യം ഒറൂക്കിയും മൂന്നു വീതം വിക്കറ്റുകളെടുത്തു. മാറ്റ് ഹെന്‍ട്രിക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു.
ബാറ്റിങ് വിരുന്ന്
കറാച്ചിയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള പാകിസ്താന്‍ നായകന്‍ മുഹമ്മദ് റിസ്വാന്റെ തീരുമാനം പാളുകയായിരുന്നു. അഞ്ചു വിക്കറ്റിനാണ് 320 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അവര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാമനായെത്തിയ ടോം ലാതം പുറത്താവാതെ 118 റണ്‍സ് അടിച്ചെടുത്തു. 104 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഓപ്പണറായെത്തിയ വില്‍ യങ് 107 റണ്‍സ് നേടിയാണ് മടങ്ങിയത്. 113 ബോള്‍ നേരിട്ട താരം 12 ഫോറും ഒരു സിക്‌സറുമടിച്ചു. 61 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും കിവി ടോട്ടല്‍ 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വെറും 39 ബോളിലാണ് നാലു സിക്‌സറും മൂന്നു ഫോറുമടക്കം താരം 61ലെത്തിയത്.
ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയ കിവികള്‍ക്കു രണ്ടോവറിനിടെയാണ് രണ്ടു വിക്കറ്റുകള്‍ നഷ്ടമായത്. ഇതോടെ അവര്‍ രണ്ടിന് 40ലേക്കു വീണു. മൂന്നാം വിക്കറ്റില്‍ യങ്- മിച്ചെല്‍ ജോടി 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ യങ്- ലാതം സഖ്യം 118 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ കിവികള്‍ വലിയ ടോട്ടല്‍ ഉറപ്പിച്ചു.
ടീം സ്‌കോര്‍ 191ല്‍ വച്ച് യങ് മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റില്‍ ലാതം- ഫിലിസ് 125 റണ്‍സ് വാരിക്കൂട്ടി ടീമിനെ കൂറ്റന്‍ ടോട്ടലില്‍ എത്തിക്കുകയായിരുന്നു. പാകിസ്താനു വേണ്ടി നസീം ഷായും ഹാരിസ് റൗഫും രണ്ടു വീതം വിക്കറ്റുകള്‍ വീതം വീഴ്ത്തി.
അതേസമസം, എട്ടു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ അണിനിരക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരും മാറ്റുരയ്ക്കും. ഓരോ ഗ്രൂപ്പിലും ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.
പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- ഫഖര്‍ സമാന്‍, ബാബര്‍ ആസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുശ്ദില്‍ ഷാ, ഷഹീന്‍ അഫ്രീഡി, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്.
ന്യൂസിലാന്‍ഡ്- വില്‍ യങ്, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍, ഡാരില്‍ മിച്ചെല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‍ട്രി, നതാന്‍ സ്മിത്ത്, വില്ല്യം ഒറൂക്കി.