ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ദുബായില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫഖര്‍ സമാന്റെ അഭാവത്തിലിറങ്ങിയ പാകിസ്താനായി ഇമാം ഉല്‍ ഹഖും ബാബര്‍ അസമും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രണ്ട് പേരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് പാകിസ്താന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
26 പന്തില്‍ 23 റണ്‍സെടുത്ത ബാബര്‍ അസമിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ബാബറിന്റെ മടക്കം. ഇതിന് പിന്നാലെ ഇമാം ഉല്‍ ഹഖ് റണ്ണൗട്ടായി പുറത്തായി. കുല്‍ദീപ് യാദവിന്റെ ഓവറില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ച ഇമാം ഉല്‍ ഹഖിനെ അക്ഷര്‍ പട്ടേല്‍ നേരിട്ടുള്ള ത്രോയില്‍ പുറത്താക്കുകയായിരുന്നു. അനാവശ്യമായി റണ്‍സിന് ശ്രമിച്ചാണ് ഇമാം റണ്ണൗട്ടായതെന്ന് നിസംശയം പറയാം. സാഹസികമായ സിംഗിളായിരുന്നു ഇത്.
അതുകൊണ്ടുതന്നെ ഇമാമിന്റെ പുറത്താകലില്‍ ആരാധകും സഹതാരങ്ങളുമെല്ലാം കടുത്ത നിരാശരായിരുന്നു. ഫഖറിന്റെ അഭാവത്തില്‍ ലഭിച്ച അവസരത്തെ മുതലാക്കാന്‍ ഇമാമിന് സാധിക്കാതെ പോയി എന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ ഇമാമിന്റെ പുറത്താകലിന് പിന്നാലെയുള്ള പാക് ആരാധികമാരുടെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തലയില്‍ കൈവെച്ച് ആരാധികമാര്‍
മിഡ് ഓണില്‍ അക്ഷര്‍ പട്ടേല്‍ ഫീല്‍ഡ് ചെയ്യുന്നത് കണ്ടിട്ടും ഇമാം ഉല്‍ ഹഖ് റണ്‍സിനായി ശ്രമിക്കുകയായിരുന്നു. ഷോട്ടിന് നല്ല വേഗമുണ്ടായിരുന്നതിനാല്‍ പന്ത് വേഗത്തില്‍ അക്ഷറിലേക്കുമെത്തി. ആദ്യ ശ്രമത്തില്‍ത്തന്നെ പന്ത് കൈയിലാക്കി പിച്ച് ചെയ്യിക്കാതെ അക്ഷര്‍ എറിഞ്ഞ ത്രോ സ്റ്റംപിളക്കുകയായിരുന്നു. ഇമാം ഡൈവ് ചെയ്‌തെങ്കിലും ക്രീസിലേക്കെത്തുന്നതിന് മുമ്പ് സ്റ്റംപ് ഇളക്കി. ഇമാമിന്റെ പുറത്താകല്‍ പാകിസ്താന് വലിയ തിരിച്ചടിയായി.

ബാബറിന് പിന്നാലെ തന്നെ ഇമാമും മടങ്ങിയത് ആരാധകരേയും നിരാശപ്പെടുത്തി. ഇമാമിന്റെ പുറത്താകലിന് പിന്നാലെ തലയില്‍ കൈവെച്ചാണ് പാകിസ്താന്‍ ആരാധികമാര്‍ പ്രതികരിച്ചത്. ദുബായിലെ ഗ്യാലറിയില്‍ മത്സരം കണ്ടുകൊണ്ടിരുന്ന പാകിസ്താന്റെ ആരാധികമാര്‍ തലയില്‍ കൈവെച്ചാണ് പ്രതികരിച്ചത്. ചില ആരാധികമാര്‍ വായില്‍ കൈവെച്ചും ചിലര്‍ പതാക മുഖത്തോട് ചേര്‍ത്തുമാണ് നിരാശ പങ്കുവെച്ചത്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ വൈറലാണ്.
പാകിസ്താന്റെ ബാറ്റിങ്ങിന് ട്രോള്‍
ഇന്ത്യക്കെതിരേ തുടക്കം മുതലേ പാകിസ്താന്‍ ശ്രദ്ധയോടെയാണ് കളിച്ചത്. അനാവശ്യ ഷോട്ടിന് ശ്രമിക്കാതെ കരുതലോടെയാണ് പാക് താരങ്ങള്‍ ബാറ്റ് ചെയ്തത്. ഇതോടെ സ്‌ട്രൈക്ക് റേറ്റ് വളരെയധികം പിന്നോട്ട് പോയി. ദുബായില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് 270ന് മുകളില്‍ സ്‌കോര്‍ നേടാന്‍ സാധിക്കാറുണ്ട്. എന്നാല്‍ പാകിസ്താന്റെ പവര്‍പ്ലേയിലേ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ അവര്‍ക്ക് സാധിക്കാതെ പോയി.
ബൗണ്ടറി കണ്ടെത്താന്‍ 30ലധികം പന്തുകള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു പാകിസ്താന് ഉണ്ടായിരുന്നത്. നായകന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലുമെല്ലാം പതിയെ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. ഇതോടെ പാകിസ്താന്റെ സ്‌കോര്‍ബോര്‍ഡിന് ഒച്ചിഴയും വേഗമായിരുന്നു. 129 റണ്‍സാണ് 30 ഓവറില്‍ ആകെ പാകിസ്താന് നേടാനായത്. ദുബായിലെ സാഹചര്യത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് അല്‍പ്പം പ്രയാസമാണ്. അതുകൊണ്ടുതന്നെ 250ന് മുകളില്‍ സ്‌കോര്‍ നേടിയാലും അത് മികച്ചതായി മാറും.
30 ഓവറില്‍ ഒരു സിക്‌സര്‍ പോലുമില്ല
പാകിസ്താന്‍ താരങ്ങള്‍ വലിയ ഷോട്ടിന് ശ്രമിക്കാത്തതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണുള്ളത്. 30 ഓവറില്‍ ഒരു സിക്‌സര്‍ പോലും നേടാന്‍ പാകിസ്താന് സാധിച്ചില്ല. ഫഖര്‍ സമാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ എന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഫഖറിന്റെ അഭാവം പാകിസ്താന്‍ നിരയിലുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുകയാണ്.