കറാച്ചി: ചാംപ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേ കിടിലന്‍ ക്യാപ്റ്റന്‍സുമായി കൈയടി നേടിയിരിക്കുകയാണ് പാകിസ്താന്‍ നായകനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍. തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നേറിയ കിവികളെ അദ്ദേഹത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് ഞെട്ടിക്കുക തന്നെ ചെയ്തു. ഞായറാഴ്ച പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടം ഇന്ത്യക്കു അത്ര എളുപ്പമാവില്ലെന്ന സൂചന കൂടിയാണ് ഇതു നല്‍കുന്നത്.
ലാഹോറിലെ ദേശീയ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ടോസ് ലഭിച്ചത് പാകിസ്താനായിരുന്നു. കിവികളെ ബാറ്റിങിന് അയക്കാനായിരുന്നു റിസ്വാന്റെ തീരുമാനം. ഇതു ശരിവയ്ക്കുന്ന രീതിയിലാണ് പാക് ബൗളര്‍മാര്‍ പന്തെറിയുന്നത്. ആദ്യ പത്തോവര്‍ കഴിയുമ്പോള്‍ കിവികള്‍ രണ്ടു വിക്കറ്റിന് 48 റണ്‍സെന്ന നിലയിലാണ്. പാക് ടീമിനെ റിസ്വാന്‍ എങ്ങനെയാണ് കളിയിലേക്കു തിരികെ കൊണ്ടുവന്നതെന്നു നോക്കാം.

റിസ്വാന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്
പാകിസ്താന്റെ ന്യൂബോള്‍ ജോടികളായ ഷഹീന്‍ ഷാ അഫ്രീഡിയെയും നസീം ഷായെയും വളരെ ശ്രദ്ധേയോടെയാണ് പവര്‍പ്ലേയില്‍ ന്യൂസിലാന്‍ഡ് നേരിട്ടത്. അവരുടെ ഓപ്പണിങ് ജോടികളായ വില്‍ യങും ഡെവന്‍ കോണ്‍വേയും തുടക്കത്തില്‍ ഒരു റിസ്‌കുകളും എടുക്കാന്‍ മുതിര്‍ന്നില്ല. പകരം പരമാവധി സിംഗിളും ഡബിളുമെടുത്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാനാണ് ഓപ്പണര്‍മാര്‍ ശ്രമിച്ചത്.
പാക് ടീമിന്റെ ഫീല്‍ഡിങും അത്ര മികച്ചതല്ലാത്തതിനാല്‍ അതിവേഗം സിംഗിളുകളെുത്ത് കിവി ഓപ്പണര്‍മാര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. അഞ്ചോവറുകള്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്മില്ലാതെ കിവികള്‍ 30 റണ്‍സിലെത്തുകയും ചെയ്തു. റിസ്‌കുകളൊന്നും എടുക്കാതെ തന്നെ ആറ് ഇക്കോണമി റേറ്റിലായിരുന്നു അവരുടെ മുന്നേറ്റം. ഇതോടെയാണ് മുഹമ്മദ് റിസ്വാന്‍ ഗെയിം പ്ലാന്‍ മാറ്റിയത്.
അഞ്ചാം ഓവറില്‍ തന്നെ തന്റെ സ്പിന്നറായ അബ്രാര്‍ അഹമ്മദിനെ അദ്ദേഹം പരീക്ഷിക്കുകയായിരുന്നു. ബൗളിങിനിടെ ഓഫ്‌സ്റ്റംപിനു പുറത്തേക്കു എറിയാതെ സ്റ്റംപുകള്‍ക്കു നേരെ പന്തെറിയാന്‍ അബ്രാറിനോടു വിക്കറ്റിനു പിന്നില്‍ നിന്നും റിസ്വാന്‍ വിളിച്ചുപറയുന്നതും കാണാമായിരുന്നു. ക്യാപ്റ്റന്റെ നിര്‍ദേശം പാലിച്ച അബ്രാര്‍ കിവി ബാറ്റര്‍മാര്‍ക്കു റണ്ണെടുക്കാനുള്ള ഒരു പഴുതും നല്‍കിയതുമില്ല. ആദ്യ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ അബ്രാര്‍ വഴങ്ങിയുള്ളൂ.

തന്റെ അടുത്ത ഓവറില്‍ കോണ്‍വോയെ അദ്ദേഹം പുറത്താക്കുകയും ചെയ്തു. എട്ടാമത്തെ ഓവറിലെ മൂന്നാമത്തെ ബോളിലാണ് 17 ബോളില്‍ 10 റണ്‍സെടുത്ത കോണ്‍വേ ബൗള്‍ഡായത്. അധികം ടേണ്‍ ചെയ്യാതിരുന്ന ഒരു കാരം ബോളാണ് അബ്രാര്‍ പരീക്ഷിച്ചത്. ഷോട്ടിനു ശ്രമിച്ച കോണ്‍വേയുടെ ബാറ്റില്‍ എഡ്ജായ ബോള്‍ വിക്കറ്റില്‍ പതിക്കുകയായിരുന്നു.
ബോളിന്റെ മികച്ച ലൈന്‍ തന്നെയാണ് കോണ്‍വേയെ വീഴ്ത്തിയതെന്നു നിസംശയം പറയാം. ബാറ്റര്‍മാര്‍ക്കു ഷോട്ടിനുള്ള പഴുത് കൊടുക്കാതെ സ്റ്റംപുകള്‍ ലക്ഷ്യമിടൂയെന്ന റിസ്വാന്റെ ഉപദേശം അബ്രാര്‍ പാലിച്ചതാണ് വിക്കറ്റ് സമ്മാനിച്ചത്.
ഷഹീനെ പിന്‍വലിച്ച റിസ്വാന്‍ നസീമിനെയാണ് ബൗളിങില്‍ മറുവശത്തു നിയോഗിച്ചത്. ഈ നീക്കവും ഫലം കണ്ടു. ഒമ്പതാം ഓവറിലെ ആദ്യ ബോളില്‍ സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസണിനെ (1) നസീം മടക്കി. ബാറ്റില്‍ എഡ്ജായ വില്ലിയെ റിസ്വാന്‍ തന്നെയാണ് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. ഇതോടെ കിവികള്‍ രണ്ടിനു 40 റണ്‍സിലേക്കു വീഴുകയും ചെയ്തു.