ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് രണ്ട് പന്ത് ബാക്കി നിര്‍ത്തി 241 റണ്‍സില്‍ പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ 42.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം മറികടന്നത്. വിരാട് കോലിയുടെ (100*) സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുമാണ് (56) ഇന്ത്യക്ക് കരുത്തായത്.
പാകിസ്താന്‍ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു. നേരത്തെ രണ്ട് തവണ ഇന്ത്യയെ ദുബായില്‍ തോല്‍പ്പിച്ച ടീമാണ് പാകിസ്താന്‍. എന്നാല്‍ ഇത്തവണ പാകിസ്താന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ മത്സരത്തിനിടെ പാകിസ്താന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്. പാകിസ്താന്റെ ബാറ്റിങ്ങിനിടെയിലെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
തസ്ബീഹുമായി പാകിസ്താന്‍ നായകന്‍
ഇന്ത്യ-പാക് പോരാട്ടം വൈകാരികമായതിനാല്‍ത്തന്നെ രണ്ട് ടീമിനും ജയം അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ജയത്തിനായി ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെക്കാനാവും ഇരു ടീമുകളും ശ്രമിക്കുക. മത്സരത്തിനിടെ പാകിസ്താന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ തസ്ബീഹുമായി പ്രാര്‍ത്ഥിക്കുന്നത് ക്യാമറാമാന്‍ ഒപ്പിയെടുക്കുകയായിരുന്നു. പാകിസ്താന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ആത്മ ബലത്തിനായി പാക് നായകന്‍ പ്രാര്‍ത്ഥനയില്‍ മുഴുകുകയായിരുന്നു.
ബാറ്റിങ്ങിലും കാര്യമായ പ്രകടനം നടത്താന്‍ പാകിസ്താന്‍ നായകന് സാധിച്ചില്ല. 77 പന്ത് നേരിട്ട് 66 റണ്‍സാണ് നേടാനായത്. പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ഗുണം ചെയ്യുമെന്ന റിസ്വാന്റെ വിലയിരുത്തലും തെറ്റായിപ്പോയി. ഫഖര്‍ സമാന്റെ അഭാവവും പാകിസ്താന്റെ ബാറ്റിങ് നിരയില്‍ നിഴലിച്ച് നിന്നു. എന്തായാലും പാകിസ്താന് മികച്ചൊരു പോരാട്ടം കാഴ്ചവെക്കാനാവാതെ ഇന്ത്യയോട് തോല്‍ക്കേണ്ടി വന്നു. ഇതോടെ റിസ്വാന്റെ പ്രാര്‍ത്ഥനകളും വിഫലമായി എന്ന തരത്തിലുള്ള പ്രതികരണങ്ങളും നിറഞ്ഞു.

റിസ്വാനെ പിന്തുണച്ചും ആരാധകര്‍
പാകിസ്താന്‍ മതപരമായ കാര്യങ്ങളെ കൃത്യമായി പിന്തുടരുന്നവരാണ്. അതുകൊണ്ടുതന്നെ പരിശീലനത്തിനിടെയും മത്സരത്തിനിടെയിലുമെല്ലാം പ്രാര്‍ത്ഥിക്കുന്നതും തസ്ബീഹ് ഉപയോഗിക്കുന്നതുമൊന്നും വലിയ കാര്യമായി പറയാനാവില്ല. പരിശീലനത്തിടെ നിസ്‌കാരത്തിന്റെ സമയത്തെല്ലാം കൃത്യമായി ഇത് പിന്തുടരുന്ന രീതിയാണ് പാകിസ്താനുള്ളത്. അഫ്ഗാനിസ്ഥാനും ഇത്തരത്തില്‍ മുസ്ലിം നിയമങ്ങള്‍ പിന്തുടരുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ പ്രാര്‍ത്ഥിക്കുന്നതിനെ ട്രോളുന്നത് ശരിയല്ലെന്ന തരത്തിലും പ്രതികരണങ്ങളുണ്ട്.
മുസ്ലിം വിശ്വാസികളായ പാകിസ്താന്‍ താരങ്ങള്‍ മത്സരത്തിനിടെ അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്നതിനെ തെറ്റായി കാണാനാവില്ല. തസ്ബീഹ് ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നതും അവരെ സംബന്ധിച്ച് സ്വാഭാവികമായ സംഭവമാണ്. ഇതിനെ വലിയ ചര്‍ച്ചയാക്കി മാറ്റേണ്ടതില്ലെന്നും ജയവും പരാജയവും മത്സരത്തിന്റെ ഭാഗമാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും റിസ്വാന്റെ പ്രാര്‍ത്ഥനാ ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.
സെമി കാണാതെ പാകിസ്താന്‍ പുറത്തേക്ക്
ന്യൂസീലന്‍ഡിനോടും പാകിസ്താനോടും തോറ്റതിന് പിന്നാലെ പാകിസ്താന്റെ സെമി പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. മഹാത്ഭുതം സംഭവിച്ചാല്‍ മാത്രമെ പാകിസ്താന് സെമിയില്‍ പ്രവേശിക്കാനാവൂ. അതിനുള്ള സാധ്യത വിരളമാണെന്നതിനാല്‍ ആതിഥേയരായിട്ടും പാകിസ്താന് സെമിയിലെത്താനാവാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും സെമി ഉറപ്പിക്കുമ്പോള്‍ പാകിസ്താനൊപ്പം ബംഗ്ലാദേശും പുറത്തുപോകേണ്ടി വരികയാണ്.
ഇത്തവണ ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാവാത്തതിനാല്‍ പാകിസ്താന്‍ ഇന്ത്യയോട് പ്രതികാരം വീട്ടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യ ഏകപക്ഷീയമായ ജയമാണ് നേടിയെടുത്തതെന്ന് നിസംശയം പറയാം.