ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് ആവേശകരമായി തുടക്കമാവുകയാണ്. ആതിഥേയരായ പാകിസ്താനും ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളുടെ വേദി ദുബായിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം 23നാണ്. ടൂര്‍ണമെന്റിനിറങ്ങുന്ന ഇന്ത്യക്ക് വലിയ തലവേദനയാകുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ്.
ഓസീസ് പരമ്പരക്കിടെ പരിക്കേറ്റ ബുംറക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെ ഇന്ത്യക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാണ് ഉയര്‍ന്നിരിക്കുന്നത്. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലുള്ളത്. ഇവരില്‍ ആരെയാണ് കളിപ്പിക്കാന്‍ സാധിക്കുകയെന്നത് ടീം മാനേജ്‌മെന്റിന് മുന്നിലെ വലിയ ചോദ്യമാണ്. ഇപ്പോഴിതാ ബുംറയുടെ ഉത്തമ പകരക്കാരന്‍ ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്.
അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണം
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യ കളിപ്പിക്കേണ്ടത് അര്‍ഷ്ദീപ് സിങ്ങിനെയാണെന്നാണ് പോണ്ടിങ് പറയുന്നത്. ഇടം കൈയന്‍ പേസര്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരം കളിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി മിടുക്കുകാട്ടാന്‍ അര്‍ഷ്ദീപിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം പാകിസ്താനെതിരേയടക്കം കളിച്ച് മികവ് കാട്ടാന്‍ സാധിച്ചിട്ടുള്ള പേസറാണ് അര്‍ഷ്ദീപ് സിങ്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപ് സിങ് ഇന്ത്യക്കായി കളിക്കണമെന്നാണ് പോണ്ടിങ് പറയുന്നത്.
'ഇടം കൈയന്‍ പേസര്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഞാന്‍ ബുംറക്ക് പകരമായി അര്‍ഷ്ദീപ് സിങ്ങിനെയാണ് കളിപ്പിക്കേണ്ടത്. ടി20യില്‍ അവന്‍ എത്രത്തോളം മികവ് കാട്ടിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ബുംറ ഇന്ത്യക്കായി ചെയ്തത് ആവര്‍ത്തിക്കാന്‍ പ്രതിഭയുള്ള ബൗളറാണ് അര്‍ഷ്ദീപ്. ന്യൂബോളിലും ഡെത്തോവറിലും ബുംറ ചെയ്യുന്നത് ആവര്‍ത്തിക്കാന്‍ അര്‍ഷ്ദീപിനാവും' റിക്കി പോണ്ടിങ് പറഞ്ഞു.

ഗംഭീറിന്റെ പിന്തുണ ഹര്‍ഷിതിന്
ഇന്ത്യയുടെ യുവ പേസറാണ് ഹര്‍ഷിത് റാണ. ബുംറ പരിക്കേറ്റ് പുറത്തായെന്ന സ്ഥിരീകരണത്തിന് പിന്നാലെ ഇന്ത്യ ടീമിലെടുത്തത് ഹര്‍ഷിതിനെയാണ്. പരിശീലകന്‍ ഗൗതം ഗംഭീറുമായി അടുത്ത ബന്ധമുള്ള താരമാണ് ഹര്‍ഷിത് റാണ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലടക്കം ഹര്‍ഷിതിന് അവസരം ലഭിച്ചിരുന്നു. ബംഗ്ലാദേശിനെതിരേ ഗംഭീര്‍ ഹര്‍ഷിതിന് മുന്‍തൂക്കം നല്‍കാനാണ് സാധ്യത. യുവ പേസര്‍ ഇംഗ്ലണ്ട് പരമ്പരയില്‍ മിന്നിച്ചെങ്കിലും അര്‍ഷ്ദീപിനെ മറികടന്ന് കളിക്കാനുള്ള യോഗ്യതയില്ലെന്നാണ് പോണ്ടിങ് ചൂണ്ടിക്കാട്ടുന്നത്.
'ഹര്‍ഷിത് റാണ പ്രതിഭയുള്ള ബൗളറാണെന്ന് നമുക്കറിയാം. ന്യൂബോളില്‍ ശോഭിക്കാന്‍ അവന് സാധിക്കുമെങ്കിലും ഡെത്തോവറില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ടീമില്‍ ഇടത്, വലത് ബൗളിങ് കൂട്ടുകെട്ട് വരേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. വലിയ മത്സരങ്ങളിലെ നിര്‍ണ്ണായക സമയത്ത് ശോഭിക്കാന്‍ അര്‍ഷ്ദീപിന് ശേഷിയുണ്ട്. ഞാനൊരു ഇന്ത്യന്‍ നായകനായിരുന്നെങ്കില്‍ തീര്‍ച്ചയായും അര്‍ഷ്ദീപിനെയാവും കളിപ്പിക്കുക' പോണ്ടിങ് പറഞ്ഞു.
വരുണ്‍ ചക്രവര്‍ത്തി കളിച്ചേക്കും
ഇന്ത്യയുടെ സ്പിന്‍ നിരയില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് കളിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഇന്ത്യ കുല്‍ദീപിനെ മറികടന്ന് വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിച്ചേക്കുമെന്നാണ് വിവരം. ഗൗതം ഗംഭീറിന്റെ ഇഷ്ട സ്പിന്നറാണ് വരുണ്‍. കുല്‍ദീപ് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. പഴയ ഫോം കുല്‍ദീപിന് അവകാശപ്പെടാന്‍ സാധിക്കില്ല.
അതുകൊണ്ടുതന്നെ വരുണിന് ഇന്ത്യ അവസരം നല്‍കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം. ഇന്ത്യയുടെ പ്ലേയിങ് 11 റിഷഭ് പന്ത് ഉണ്ടായേക്കില്ല. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലാവും കളിക്കുക. അഞ്ചാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ ബാറ്റ് ചെയ്യുമെന്നും ഏറെക്കുറെ ഉറപ്പിക്കാം.