ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആവേശകരമായി ഇന്ന് തുടക്കമാവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനി പോരാട്ടത്തിന്റെ നാളുകളാണ്. ആതിഥേയരായ പാകിസ്താന്‍ കപ്പിലേക്കെത്തുമോ അതോ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ വമ്പന്മാര്‍ കപ്പിലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വപ്‌നം കണ്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
രോഹിത് ശര്‍മക്ക് കീഴില്‍ ഗംഭീര താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം 23നാണ്. ഇത്തവണ കിരീട സാധ്യതയില്‍ എല്ലാവരും മുന്‍തൂക്കം നല്‍കുന്നത് ഇന്ത്യക്കാണ്. ദുബായിലെ സാഹചര്യത്തില്‍ കളിച്ച് അനുഭവസമ്പത്തും ഇന്ത്യക്കുണ്ട്. സംതുലിതമായ താരനിരയാണ് ഇന്ത്യയുടേത്. എന്നാല്‍ ഇന്ത്യയെ അലട്ടുന്ന ഒരു പ്രധാന ദൗര്‍ബല്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ചാമ്പ്യന്‍സ് ട്രോഫി ഹീറോയുമായ ശിഖര്‍ ധവാന്‍.
ബുംറയുടെ അഭാവം ഇന്ത്യക്ക് തലവേദന
ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ശക്തമാണ്. പ്രധാനമായും ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍. എന്നാല്‍ ഇന്ത്യയുടെ പേസ് ബൗളിങ് നിരയിലെ ജസ്പ്രീത് ബുംറയുടെ അഭാവം നികത്താനാവാത്ത വലിയ വിടവാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ശിഖര്‍ ധവാന്‍. ബുംറയില്ലാത്ത ഇന്ത്യന്‍ ടീം എപ്പോഴും കരുത്ത് അല്‍പ്പം കുറവുള്ളവരാണെന്നും ബുംറയുള്ളപ്പോള്‍ ടീം മറ്റൊരു തലത്തിലാണെന്നുമാണ് ധവാന്‍ ചൂണ്ടിക്കാട്ടുന്നത്. പരിക്കേറ്റ ബുംറക്ക് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം നഷ്ടമാവുകയായിരുന്നു.
'ഇന്ത്യന്‍ നിരയില്‍ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. സംതുലിതമായ ടീമാണ് ഇന്ത്യയുടേത്. ഇംഗ്ലണ്ടിനെതിരായ ടീമിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഇന്ത്യയുടെ വലിയ പ്രശ്‌നം ജസ്പ്രീത് ബുംറയുടെ വിടവാണ്. ബുംറയുടെ അഭാവം വലിയ വിടവാണെന്ന് നിസംശയം പറയാം. ഇത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കും. എന്നെ സംബന്ധിച്ച് ബുംറയാണ് ഏറ്റവും മികച്ച പേസര്‍. അവന്റെ കൃത്യതക്ക് പകരം വെക്കാനാകില്ല. വളരെ ശാന്തതയോടെ കളിക്കുന്ന താരമാണവന്‍. വലിയ ടൂര്‍ണമെന്റുകളില്‍ ശാന്തതയോടെ കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്' ധവാന്‍ പറഞ്ഞു.

ഹര്‍ഷിത് റാണ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് നിര എങ്ങനെയാവുമെന്നാണ് പ്രധാനപ്പെട്ട ചോദ്യം. മുഹമ്മദ് ഷമി സീനിയര്‍ താരമായി ടീമിലുണ്ട്. എന്നാല്‍ പരിക്കേറ്റ് 14 മാസത്തോളം വിശ്രമമെടുത്താണ് ഷമി തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഷമിയുടെ പ്രകടനം ശരാശരി നിലവാരം പുലര്‍ത്തുന്നതായിരുന്നു. പഴയ ഫോമിലേക്കെത്താന്‍ ഷമിക്ക് സാധിക്കുന്നില്ല. ഇത് ഇന്ത്യയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന കാര്യമാണ്. ബുംറയുടെ അഭാവത്തില്‍ ഇന്ത്യ ഹര്‍ഷിത് റാണയെ കളിപ്പിക്കണമെന്നാണ് ധവാന്‍ പറയുന്നത്.
ഹര്‍ഷിതിന് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാവാന്‍ സാധിക്കുമെന്നും ധവാന്‍ പറയുന്നു. 'ഹര്‍ഷിത് റാണയെ ഇന്ത്യ ടീമിലെടുത്തത് സന്തോഷം നല്‍കുന്ന കാര്യമാണ്. അവനില്‍ എല്ലാവരും ശ്രദ്ധ നല്‍കണം. അവന്റെ കരിയറിലെ വഴിത്തിരിവാകുന്ന ടൂര്‍ണമെന്റായി ഇത് മാറും. അവന്റെ മനോഭാവം എനിക്കിഷ്ടമാണ്. വെല്ലുവിളികളെ മറികടന്ന് വിക്കറ്റ് നേടാന്‍ സാധിക്കുന്ന ബൗളറാണ് ഹര്‍ഷിത്. ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനമാണ് അവനില്‍ നിന്ന് കാണാനായത്. ഈ അവസരം ഇന്ത്യ മുതലാക്കിയാല്‍ എക്‌സ് ഫാക്ടറായി മാറാന്‍ സാധ്യതയുണ്ട്' ധവാന്‍ പറഞ്ഞു.
ഇന്ത്യയുടെ പേസ് നിര അല്‍പ്പം ദുര്‍ബലമാണ്
ഇന്ത്യയുടെ പേസ് നിരയുടെ കരുത്ത് പരിശോധിക്കുമ്പോള്‍ അല്‍പ്പം ദുര്‍ബലമാണെന്ന് പറയാം. മുഹമ്മദ് ഷമിക്ക് ഫോമിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ പ്രതീക്ഷ നല്‍കുന്നവരാണ്. എന്നാല്‍ സമ്മര്‍ദ്ദമുള്ള വലിയ മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരാന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ പേസ് നിരയുടെ ദൗര്‍ബല്യം നികത്താന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.