Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തല്ല, ഇന്ത്യയുടെ വിജയ ശില്‍പ്പി ഗംഭീര്‍; കിവീസിനെ തകര്‍ത്ത പ്ലാനിതാ

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീട പ്രതീക്ഷ സജീവമാക്കി ഇന്ത്യ സെമിയിലെത്തിയിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ടിക്കറ്റ് നേടിയിരിക്കുന്നത്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. നിര്‍ണ്ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പിലെ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 249 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് 205 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

44 റണ്‍സിന്റെ ജയം ഇന്ത്യ നേടിയെടുക്കുകയായിരുന്നു. ശ്രേയസ് അയ്യരുടേയും (79) അക്ഷര്‍ പട്ടേലിന്റേയും (42) ഹാര്‍ദിക് പാണ്ഡ്യയുടേയും (45) ബാറ്റിങ്ങും വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. വരുണാണ് കളിയിലെ താരമായി മാറിയതും. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ നീക്കങ്ങളും ഇന്ത്യക്ക് ഗുണകരമായി മാറി. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ വിജയത്തില്‍ കൂടുതല്‍ കൈയടി അര്‍ഹിക്കുന്നത് രോഹിത്തല്ല. അത് പരിശീലകന്‍ ഗൗതം ഗംഭീറാണെന്ന് പറയാം. അതിനുള്ള കാരണം പരിശോധിക്കാം.

ഹര്‍ഷിതിനെ പുറത്തിരുത്തിയത് മാസ്റ്റര്‍പ്ലാന്‍

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ മൂന്ന് സ്പിന്നര്‍മാരേയും രണ്ട് പേസര്‍മാരെയും ഉപയോഗിച്ചാണ് കളിച്ചത്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ നാല് സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ഇന്ത്യ നേരിട്ടത്. ഇത് ഗംഭീര നീക്കമായിത്തന്നെ പറയാം. ഹര്‍ഷിത് റാണയെ പുറത്തിരുത്തി വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കാനാണ് ഗംഭീര്‍ തീരുമാനിച്ചത്. ന്യൂസീലന്‍ഡിനെതിരേ നാല് സ്പിന്നര്‍മാരെന്നത് വളരെ സാഹസികമായ തീരുമാനമാണ്. എന്നിട്ടും ഗംഭീര്‍ ഇതിന് ധൈര്യം കാട്ടി.

ദുബായിലെ പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മികവ് കാട്ടാന്‍ സാധിക്കുമെന്ന ഗൗതം ഗംഭീറിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വരുണിനെ നന്നായി ഉപയോഗിക്കാന്‍ നായകന്‍ രോഹിത് ശര്‍മക്കും സാധിച്ചതോടെ കിവീസിനെ അനായാസം തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പരിശീലകനെന്ന നിലയില്‍ പലപ്പോഴും വലിയ വിമര്‍ശനമാണ് ഗംഭീര്‍ നേരിട്ടിട്ടുള്ളത്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ ജയത്തില്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് ഗംഭീറിന്റെ നീക്കമാണെന്ന് പറയാം.

ക്യാപ്റ്റന്‍സിയില്‍ ഞെട്ടിച്ച് രോഹിത്

വീണ്ടും ക്യാപ്റ്റന്‍സിയിലെ മികച്ച നീക്കങ്ങള്‍ക്കൊണ്ട് രോഹിത് കൈയടി നേടി. ദുബായിലെ പിച്ചില്‍ രണ്ടാമത് പന്തെറിയുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് നല്ല ടേണ്‍ ലഭിക്കുന്നുണ്ടായിരുന്നു. ഇത് കൃത്യമായി മനസിലാക്കി രോഹിത് സ്പിന്നര്‍മാര്‍ക്കാണ് ഡെത്തോവറിലടക്കം പന്ത് നല്‍കിയത്.

ind vs nz

മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും നാല് ഓവര്‍ വീതമാണ് ആകെ എറിഞ്ഞത്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ മാത്രം കിവീസിന്റെ ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. സ്പിന്നര്‍മാരുടെ മികവിനനുസരിച്ച് കൃത്യമായി ഉപയോഗിക്കാന്‍ നാകന്‍ രോഹിത് ശര്‍മക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

അക്ഷര്‍ പട്ടേല്‍ എക്‌സ് ഫാക്ടര്‍ താരം

ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ കൂടുതല്‍ കൈയടി നേടുന്നത് വരുണ്‍ ചക്രവര്‍ത്തിയാണ്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രാസ് വെല്‍, വില്‍ യങ്, മിച്ചല്‍ സാന്റ് നര്‍, മാറ്റ് ഹെന്റി എന്നിവരെയെല്ലാം പുറത്താക്കാന്‍ വരുണിന് സാധിച്ചു. ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയ വരുണ്‍ കളിയിലെ താരമാവുകയും എല്ലാവരുടേയും പ്രശംസ ഏറ്റുവാങ്ങുകയും ചെയ്യുന്നു.

എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ കൈയടി അര്‍ഹിക്കുന്ന മറ്റൊരു താരമാണ് അക്ഷര്‍ പട്ടേലെന്ന് പറയാം. ഇന്ത്യയുടെ ടോപ് ഓഡര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ നിര്‍ണ്ണായകമായ 42 റണ്‍സുമായി തിളങ്ങിയത് അക്ഷര്‍ പട്ടേലാണ്. മൂന്ന് ഫോറും ഒരു സിക്‌സും താരം പറത്തി. കെയ്ന്‍ വില്യംസണ്‍ സെഞ്ച്വറിയോടടുത്ത് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തവെ വില്യംസണേയും പുറത്താക്കാന്‍ അക്ഷര്‍ പട്ടേലിന് സാധിച്ചു. കൈയടി അര്‍ഹിക്കുന്ന പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്.

Story first published: Monday, March 3, 2025, 6:30 [IST]
Other articles published on Mar 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+