Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ഫൈനലില്‍ കിവീസല്ല, ഇന്ത്യ ആഗ്രഹിക്കുന്നത് സൗത്താഫ്രിക്കയെ! കാരണമുണ്ട്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്വപ്‌ന ഫൈനലിലേക്കെത്തിയിരിക്കുകയാണ് ഇന്ത്യ. ആവേശകരമായ സെമിയില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മൂന്ന് പന്ത് ബാക്കി നില്‍ക്കെ 264 റണ്‍സില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ഇന്ത്യ 11 പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. വിരാട് കോലിയുടേയും (84) ശ്രേയസ് അയ്യരുടേയും (45) കെ എല്‍ രാഹുലിന്റേയും (42*) ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോട് തോറ്റ് നാണംകെട്ട ഇന്ത്യക്ക് ഇത്തവണ കപ്പിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. ന്യൂസീലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയിയെയാവും ഇന്ത്യ ഫൈനലില്‍ നേരിടേണ്ടത്. ഇന്ത്യ ഫൈനലില്‍ ന്യൂസീലന്‍ഡിനെയല്ല ദക്ഷിണാഫ്രിക്കയെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കിവീസിന് ഇന്ത്യയുടെ തന്ത്രവും പിച്ചും അറിയാം

ഇന്ത്യ ഫൈനലില്‍ കടന്നതോടെ ഫൈനല്‍ ദുബായിലാവുമെന്നുറപ്പാണ്. ന്യൂസീലന്‍ഡ് ഇതിനോടകം ഇന്ത്യയെ ദുബായില്‍ നേരിട്ട് കഴിഞ്ഞു. വിജയം ഇന്ത്യക്കൊപ്പമായിരുന്നെങ്കിലും ദുബായിലെ പിച്ചില്‍ ഇതിനോടകം അനുഭവസമ്പത്ത് നേടാന്‍ കിവീസിന് സാധിച്ചിട്ടുണ്ട്. ഫൈനലില്‍ ന്യൂസീലന്‍ഡ് എത്തിയാല്‍ പിച്ചിന്റെ മുന്‍തൂക്കം ഇന്ത്യക്ക് ലഭിക്കില്ല. ദക്ഷിണാഫ്രിക്ക പാകിസ്താനില്‍ മാത്രമാണ് കളിച്ചത്. അതുകൊണ്ടുതന്നെ ദുബായിലെ പിച്ചിനെക്കുറിച്ച് അറിയില്ല.

ദുബായില്‍ ദക്ഷിണാഫ്രിക്ക കളിച്ചാല്‍ പിച്ചിലെ മുന്‍പരിചയത്തിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ടാവുമെന്നുറപ്പാണ്. ന്യൂസീലന്‍ഡ് ഇതിനോടകം ഇന്ത്യയുടെ സ്പിന്‍ തന്ത്രത്തെ നേരിട്ടവരാണ്. നാല് സ്പിന്നര്‍മാരുമായി ഇറങ്ങുന്ന ഇന്ത്യയുടെ തന്ത്രം പൊളിക്കാന്‍ കിവീസ് കൃത്യമായ തന്ത്രം മെനയും. ദക്ഷിണാഫ്രിക്കയ്ക്കും തന്ത്രങ്ങളുണ്ടാവുമെങ്കിലും അനുഭവസമ്പത്തില്‍ നിന്ന് കിവീസ് പഠിച്ചതുപോലെയാവില്ല. ഇന്ത്യയുടെ സ്പിന്‍ തന്ത്രം ഫലം കാണാനും പിച്ചില്‍ മുന്‍തൂക്കം ലഭിക്കാനും ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നതാണ് നല്ലത്.

india cricket

ഇന്ത്യക്ക് മാനസികമായ മുന്‍തൂക്കം ലഭിക്കും

അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് കപ്പുയര്‍ത്തിയത്. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയിലും എതിരാളികളായി ദക്ഷിണാഫ്രിക്കയെത്തുന്നത് ഇന്ത്യക്ക് മാനസികമായി മുന്‍തൂക്കം നല്‍കും. ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യത്തിന്റെ ചരിത്രവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ദക്ഷിണാഫ്രിക്ക പ്രധാന ഐസിസി മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമാണ്. സൂപ്പര്‍ താരങ്ങളേറെയുണ്ടായിട്ടും പലപ്പോഴും വലിയ മത്സരങ്ങളില്‍ തോല്‍ക്കാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി.

ഇത് ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് ഗുണകരമായി മാറും. എന്നാല്‍ ന്യൂസീലന്‍ഡ് ഫൈനലിലെത്തിയാല്‍ ഇന്ത്യക്കാവും സമ്മര്‍ദ്ദം. പ്രധാന നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യയെ കണ്ണീരണിയിച്ചിട്ടുള്ള ടീമാണ് ന്യൂസീലന്‍ഡ്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഇപ്പോഴും ഇന്ത്യക്ക് മറക്കാനാവാത്ത അധ്യായമാണ്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഫൈനലില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് ദക്ഷിണാഫ്രിക്കയയെയാണെന്ന് നിസംശയം പറയാം.

Story first published: Tuesday, March 4, 2025, 22:59 [IST]
Other articles published on Mar 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+