ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ നടക്കാന്‍ പോവുകയാണ്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. അതേ സമയം ദക്ഷിണാഫ്രിക്കയെ സെമിയില്‍ തകര്‍ത്താന്‍ ന്യൂസീലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം. കിവീസിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോം കണ്ടെത്തിയത് അവര്‍ക്ക് കരുത്തായിട്ടുണ്ട്.
ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് കൂടുതല്‍ പ്രമുഖരും പറയുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. വിരാട് കോലിയുടെ മിന്നും ഫോമും ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ മധ്യനിരയിലെ കരുത്തുറ്റ പ്രകടനവുമെല്ലാം ഇന്ത്യയുടെ കിരീട പ്രതീക്ഷ സജീവമാക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ ഭയമില്ലെന്നും കിവീസിന് തലവേദന ഇന്ത്യയുടെ ഒരു സ്പിന്നര്‍ മാത്രമാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് കിവീസ് മുഖ്യ പരിശീലകനായ ഗാരി സ്റ്റീഡ്.
വരുണ്‍ ചക്രവര്‍ത്തിയാണ് ഭീഷണി
ന്യൂസീലന്‍ഡിനെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തകര്‍ത്തപ്പോള്‍ നിര്‍ണ്ണായകമായത് വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനമാണ്. അഞ്ച് വിക്കറ്റുമായി വരുണ്‍ കസറിയതാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. ഫൈനലിലും ഇന്ത്യയുടെ സ്പിന്നര്‍മാരില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നുണ്ട്. നാല് സ്പിന്നര്‍മാരുമായി തന്നെ ഇന്ത്യ ഇറങ്ങാനാണ് സാധ്യത. കിവീസ് ഭയപ്പെടുന്നതും ഇതു തന്നെയാണ്. കിവീസിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം സ്പിന്നിനെതിരേ മികച്ച റെക്കോഡാണുള്ളത്.
എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഈ മികവ് കാട്ടാനാവുന്നില്ല. 'വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങ് പ്രകടനത്തെയാണ് ഭയപ്പെടുന്നത്. 42 റണ്‍സിന് 5 വിക്കറ്റാണ് അവന്‍ ഞങ്ങള്‍ക്കെതിരേ വീഴ്ത്തിയത്. ക്ലാസ് ബൗളറാണവന്‍. കഴിഞ്ഞ മത്സരത്തിലൂടെ അതവന്‍ കാട്ടുകയും ചെയ്തു. ഇത്തവണയും വലിയ ഭീഷണിയാണവന്‍. അതുകൊണ്ടുതന്നെ അവനെ പൂട്ടാനുള്ള തന്ത്രങ്ങളാണ് പ്രധാനമായും ഞങ്ങള്‍ ആവിഷ്‌കരിക്കുന്നത്. അവനെതിരേ എങ്ങനെ റണ്‍സ് നേടാമെന്നാണ് ആലോചിക്കുന്നത്' ഗാരി സ്റ്റീഡ് പറഞ്ഞു.

ദുബായിലെ പിച്ചില്‍ ഇന്ത്യക്ക് മുന്‍തൂക്കം
ഇന്ത്യക്ക് ദുബായിലെ പിച്ചില്‍ മുന്‍തൂക്കമുണ്ട്. ഇന്ത്യ ഇത്തവണ കളിച്ചത് ദുബായില്‍ മാത്രമാണ്. ന്യൂസീലന്‍ഡടക്കം മറ്റ് ടീമുകളെല്ലാം പാകിസ്താനിലും ദുബായിലും കളിച്ചു. നാല് മത്സരം ദുബായില്‍ കളിച്ച് പിച്ചിനെക്കുറിച്ച് കൂടുതല്‍ അറിവ് ഇന്ത്യക്കുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഈ അനുഭവസമ്പത്ത് ഇന്ത്യക്ക് ഫൈനലിലും ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. പല ടീമുകളും ഇന്ത്യക്ക് ഷെഡ്യൂളില്‍ മുന്‍തൂക്കം ലഭിച്ചുവെന്ന് തന്നെ ആരോപിച്ചിട്ടുണ്ട്.
ഗാരി സ്റ്റീഡും പറയുന്നത് ഇത് തന്നെയാണ്. 'ഷെഡ്യൂള്‍ ഒന്നും ഞങ്ങളുടെ കൈയിലുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ആലോചിച്ച് അധികം ആശങ്കപ്പെടുന്നുമില്ല. ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിച്ചത്. ഞങ്ങള്‍ ഒരു മത്സരം ദുബായില്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിച്ചിനെക്കുറിച്ച് ഞങ്ങള്‍ക്കും അറിയാം' ന്യൂസീലന്‍ഡ് പരിശീലകന്‍ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ടോപ് ഓഡറിനെ തളക്കാന്‍ കിവീസിനായിരുന്നു.
എന്നാല്‍ ശ്രേയസ് അയ്യരുടെ കരുത്തിലാണ് തിരിച്ചുവരവ് നടത്തിയത്. ഇത്തരമൊരു മാജിക് ഫൈനലില്‍ ഇന്ത്യക്കാ സാധിക്കേണ്ടതായുണ്ട്. ഫൈനല്‍ മത്സരം നടക്കുക ഇന്ത്യയും പാകിസ്താനും കളിച്ച പിച്ചിലാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പ്.
മുന്‍ കണക്കുകള്‍ ന്യൂസീലന്‍ഡിനൊപ്പം
കിവീസ് നിശബ്ദരായ പോരാളികളാണ്. വലിയ ആരവങ്ങളൊന്നുമില്ലാതെ തങ്ങളുടെ മികവ് കളത്തില്‍ കാട്ടി വിജയം നേടി പോകുന്നതാണ് ന്യൂസീലന്‍ഡിന്റെ രീതി. ഇത്തവണ ഫൈനലിലും കിവീസിനെ ഭയക്കണം. സമ്മര്‍ദ്ദത്തെ മറികടക്കാന്‍ ന്യൂസീലന്‍ഡിന് ശേഷിയുണ്ട്. കൃത്യമായ പദ്ധതികളോടെ ഇറങ്ങുന്ന ടീമാണ് ന്യൂസീലന്‍ഡ്. ഇതിന് മുമ്പ് രണ്ട് തവണ ഇന്ത്യയെ ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ നേരിട്ടു. രണ്ട് തവണയും ജയം ന്യൂസീലന്‍ഡിനായിരുന്നു. ഈ ചരിത്രം ഇന്ത്യ ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.