ലോകകപ്പുകള്‍ കഴിഞ്ഞാല്‍ ഐസിസിയുടെ ഏറ്റവും വലിയ ടൂര്‍ണമെന്റായ ചാംപ്യന്‍സ് ട്രോഫി അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുകയാണ്. ഹൈബ്രിഡ് മോഡലില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. പാകിസ്താനോപ്പം ദുബായിലുമായിരിക്കും മല്‍സരങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിലെ പ്രധാന കിരീട ഫേവറിറ്റുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്. കൂടാതെ ഇംഗ്ലണ്ടും കിരീട സാധ്യതയില്‍ മുന്നിലുള്ള ടീമുകളിലൊന്നാണ്. എന്നാല്‍ ഇവരൊന്നുമാവില്ല, മറിച്ച ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ പാകിസ്തായിരിക്കും ഇത്തവണ കിരീടം നേടിയേക്കുക.
2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാന എഡിഷനില്‍ ഇന്ത്യയെ 180 റണ്‍സിനു മുക്കിയാണ് പാക് ടീം കിരീടമണിഞ്ഞത്. ഇത്തവണ ടൂര്‍ണമെന്റില്‍ അവരെ കിരീട ഫേവറിറ്റുകളാക്കി മാറ്റുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

റിസ്വാന്റെ ക്യാപ്റ്റന്‍സി
പാകിസ്താന്‍ ക്രിക്കറ്റിനെ സമീപകാലത്തു വലച്ചിരുന്ന പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന് മികച്ച ക്യാപ്റ്റന്റെ അഭാവമായിരുന്നു. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദിനു ശേഷം നല്ലൊരു ക്യാപ്റ്റന്‍ പാക് ടീമിനുണ്ടായിട്ടില്ല. ബാബര്‍ ആസമുള്‍പ്പെടെ പലരെയും പാകിസ്താന്‍ പരീക്ഷിച്ചെങ്കിലും ആര്‍ക്കും പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. എന്നാല്‍ ഇപ്പോള്‍ വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്വാനിലൂടെ പാക് ടീമിനു മികച്ചൊരു നായകനെ ലഭിച്ചിരിക്കുകയാണ്.
അടുത്തിടെ പാക് ടീമിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത റിസ്വാന്‍ മികച്ച രീതിയിലാണ് ടീമിനെ നയിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിനു കീഴില്‍ തുടര്‍ച്ചയായി മൂന്ന് ഏകദിന പരമ്പരകള്‍ സ്വന്തമാക്കാനും പാക് പടയ്ക്കായിരുന്നു. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുടെ അവരുടെ നാട്ടില്‍ വച്ചാണ് പാക് പട കെട്ടുകെട്ടിച്ചത്. ക്യാപ്റ്റന്നെ നിലയില്‍ റിസ്വാന്റെ മിടുക്ക് അരക്കിട്ടുറപ്പിക്കുന്നതാണ് ഈ പ്രകടനം.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറുന്നില്ല എന്നതാണ് റിസ്വാനെ ക്യാപ്റ്റനെന്ന നിലയില്‍ സ്‌പെഷ്യലാക്കി മാറ്റുന്നത്. കൂടാതെ ബാറ്റിങിലും ടീമിനു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ റിസ്വാന് കീഴില്‍ പാക് ടീം അടുത്ത ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയാല്‍ അദ്ഭുതപ്പെടാനില്ല.
മികച്ച ബാറ്റിങ് നിര
ശക്തമായ ബാറ്റിങ് ലൈനപ്പാണ് ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കിരീട ഫേവറിറ്റുകളാക്കുന്ന രണ്ടാമത്തെ കാരണം. സയീം അയുബിലൂടെ ബാറ്റിങില്‍ പുതിയൊരു ഹീറോയെയാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹം രണ്ടിലും സെഞ്ച്വറി കുറിച്ചിരുന്നു.
കഴിഞ്ഞ പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും പാക് ക്രിക്കറ്റിലെ മറ്റൊരു കഴിവുറ്റ ബാറ്ററാണ് അബ്ദുള്ള ഷഫീഖ്. കൂടാതെ സൂപ്പര്‍ താരം ബാബര്‍ ആസവും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും കഴിവ് തെളിയിച്ച് കഴിഞ്ഞ മാച്ച് വിന്നര്‍മാരാണ്. യുവതാരങ്ങളായ തയ്യബ് താഹിര്‍, കമ്രാന്‍ ഖുലാം എന്നിവരിലും വലിയ പ്രതീക്ഷയാണ് പാക് ടീമിനുള്ളത്. അതുകൊണ്ടു തന്നെ ബാറ്റിങ് ലൈനപ്പില്‍ ടോപ്പ് സിക്‌സ് വളരെ മികച്ചതാണെന്നു തന്നെ പറയാന്‍ സാധിക്കും.

പേസ് നിരയും സ്പിന്‍ ബൗളിങും
പാകിസ്താന്‍ ക്രിക്കറ്റില്‍ പ്രതിഭാധനരായ ഫാസ്റ്റ് ബൗളര്‍മാര്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അവര്‍ക്കു പേസര്‍മാരുടെ കാര്യത്തില്‍ പഞ്ഞമില്ല. കൂടാത പുതിയ സ്പിന്നര്‍മാരും ഇപ്പോള്‍ പാക് ടീമിലേക്കു വന്നു കൊണ്ടിരിക്കുകയാണ്. അബ്രാര്‍ അഹമ്മദും സുഫിയാന്‍ മുഖീമുമാണ് സ്പിന്‍ ബൗളിങില്‍ ഇപ്പോള്‍ പാകിസ്താന്റെ പ്രധാന കണ്ടെത്തലുകള്‍.
ചാംപ്യന്‍സ് ട്രോഫിയില്‍ പാക് ബൗളിങിലെ തുറുപ്പുചീട്ടുകളായി മാറാന്‍ സാധിക്കുന്നവരാണ് രണ്ടുപേരും. ഇവര്‍ക്കൊപ്പം പേസ് നിരയില്‍ ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ കൂടി ചേരുന്നതോടെ പാക് ബൗളിങ് നിര അപകടകാരികളായി മാറും.