ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടിയിരിക്കുകയാണ്. ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 253 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കി നിര്‍ത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഫൈനലില്‍ നായകന്‍ രോഹിത് ശര്‍മ 76 റണ്‍സോടെ മുന്നില്‍ നിന്ന് നയിച്ചു. കളിയിലെ താരമാവുകയും ചെയ്തു. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഐസിസി ട്രോഫിയാണിത്.
ടി20 ലോകകപ്പിന് പിന്നാലെ തന്നെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ നേടിയതോടെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും ഇത് അഭിമാന നിമിഷമാണ്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കുമെന്ന് കരുതിയ നായകനാണ് വിരാട് കോലി. ഗംഭീര ബാറ്റിങ്ങുകൊണ്ടും ആക്രമണോത്സക ശൈലികൊണ്ടും ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്ക് സാധിച്ചു. പക്ഷെ കിരീടത്തിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഇപ്പോള്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ രണ്ട് ഐസിസി ട്രോഫി അലമാരയിലെത്തിക്കവെ കൈയടി പോകുന്നത് മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിക്കാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തേക്കെത്തിച്ചത് ഗാംഗുലിയുടെ ഇടപെടലായിരുന്നു. അതുകൊണ്ടാണ് ഇന്ത്യക്ക് രണ്ട് ഐസിസി ട്രോഫി നേടാനായതെന്നാണ് രോഹിത് ആരാധകര്‍ പറയുന്നത്.
അന്ന് കോലിയെ മാറ്റിയത് ഗാംഗുലി
ഇന്ത്യന്‍ ടീമിന്റെ നായകനായി വിരാട് കോലി തുടരാന്‍ തന്നെയായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ വിരാട് കോലി നായകസ്ഥാനമൊഴിയണമെന്ന നിലപാട് എടുത്തത് അന്നത്തെ ബിസിസി ഐ പ്രസിഡന്റായിരുന്ന ഗാംഗുലിയായിരുന്നു. വിരാട് കോലിയോട് വേണ്ടത്ര ചര്‍ച്ച പോലും നടത്താതെയാണ് അന്ന് ഇത്തരമൊരു തീരുമാനം ഗാംഗുലിയെടുത്തത്.
ഇതിന് പിന്നാലെ കോലി ടെസ്റ്റിലെ നായകസ്ഥാനവുമൊഴിഞ്ഞു. കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ പേരില്‍ വലിയ വിവാദമുണ്ടാവുകയും ഗാംഗുലിയും കോലിയും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തു. ഐപിഎല്ലിനിടെ ഗാംഗുലി നടന്നുവന്നപ്പോള്‍ ബഹുമാനിക്കാതെ കോലി കാലിന്മേല്‍ കാലുവെച്ച് ഇരുന്നതടക്കം പല സംഭവങ്ങളും ഇതിനെത്തുടര്‍ന്ന് സംഭവിച്ചു. കോലി പല തവണ പരോക്ഷമായി ഗാംഗുലിക്കെതിരേ സംസാരിക്കുകയും ചെയ്തു.
എന്നാല്‍ അന്ന് ഗാംഗുലിയെടുത്ത ധീരമായ തീരുമാനം ഇന്ന് ഇന്ത്യക്ക് ഗുണകരമായി മാറിയിരിക്കുകയാണ്. വിരാട് കോലി മികച്ച നായകനാണെങ്കിലും സമ്മര്‍ദ്ദ സാഹചര്യത്തില്‍ പതറും. ഭാഗ്യമില്ലാത്ത നായകനാണ് കോലി. എന്നാല്‍ രോഹിത് ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ മറികടന്ന് കപ്പിലേക്കെത്താന്‍ കഴിവുള്ള നായകനാണ്. ഇത് കാലം തെളിയിച്ചിരിക്കുകയാണ്.

രോഹിത് വലിയ മത്സരം ജയിപ്പിക്കുന്ന ക്യാപ്റ്റന്‍
ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തിയതിന് ശേഷം പരിമിത ഓവറിലെ പ്രകടനത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. നായകനെന്ന നിലയില്‍ ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ രോഹിത്തിന് സാധിക്കുന്നു. നോക്കൗട്ടിലേക്കെത്തിക്കാന്‍ പല തവണ കോലിക്കുമായിട്ടുണ്ടെങ്കിലും ഇത് കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ നോക്കൗട്ട് മത്സരങ്ങളിലടക്കം ജയിക്കുകയും ഐസിസി കിരീടത്തിലേക്കെത്തുകയും ചെയ്യുന്നു.
നിര്‍ണ്ണായക തീരുമാനങ്ങളെടുത്ത് കളിയുടെ ഗതി മാറ്റാന്‍ രോഹിത്തിന് കഴിവുണ്ട്. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത്തിന് സാധിച്ചു. 2024ലെ ടി20 ലോകകപ്പ് ഫൈനലിലും രോഹിത്തിന്റെ ബൗളിങ് ചെയ്ഞ്ചുകളെല്ലാം ഫലം കണ്ടിരുന്നു. എന്തായാലും ഗാംഗുലി അന്ന് കടുത്ത തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഇപ്പോഴും രോഹിത് ടീമിലെ സീനിയര്‍ താരമായി ഒതുങ്ങാനായിരുന്നു സാധ്യത.