ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ തന്റെ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്‌ത കമന്റേറ്ററും ക്രിക്കറ്റ് നിരൂപകനുമായ ഹര്‍ഷ ഭോഗ്‌ലെ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരെയൊക്കെ താന്‍ ഉള്‍പ്പെടുത്തുമെന്നു അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, ശനിയാഴ്ച നടക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനലിനു ശേഷം ചാംപ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞടുക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയ ചില താരങ്ങളെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയേക്കുകയും ചെയ്യുമെന്നാണ് സൂചനകള്‍.

മുന്‍നിരയില്‍ ആരൊക്കെ?
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരെയാണ് ഹര്‍ഷ ഭോഗ്‌ലെ ഉള്‍പ്പെടുത്തിയത്. ബാക്കപ്പായി സ്‌ക്വാഡിലുള്ളത് യശസ്വി ജയ്‌സ്വാളുമാണ്. രോഹിത്തും ഗില്ലും തന്നെയാണ് ഓപ്പണിങില്‍ വേണ്ടത്. എങ്കിലും യശസ്വി ജയ്‌സ്വാളിനെ ഒരു ഓപ്പണിങ് ഓപ്ഷനായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ ഇടംകൈയന്‍ ബാറ്ററായതാണ് കാരണം.
മാത്രമല്ല, ജയ്‌സാളിന്റെ ബാറ്റിങ് ശൈലിക്കു യോജിച്ചതായിരിക്കും അവിടുത്തെ സാഹചര്യങ്ങളെന്നും ഞാന്‍ കരുതുന്നു. യുഎഇയിലെ സ്ലോ പിച്ചുകളില്‍ മികച്ചൊരു തുടക്കം കിട്ടുന്നതിനായി ഇത്തരമൊരു താരത്തെ നിങ്ങള്‍ക്കു ആവശ്യവുമാണ്. അതുകൊണ്ടു തന്നെ ഈ മൂന്നു പേരെയാണ് ഓപ്പണിങ് ഓപ്ഷനുകളായി താന്‍ തിരഞ്ഞെടുക്കുകയെന്നും ഭോഗ്‌ലെ വ്യക്തമാക്കി.
മധ്യനിരയില്‍ ഇവര്‍ മതി
ഇന്ത്യന്‍ മധ്യനിരയില്‍ മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ വേണം. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ കോലി എല്ലായ്‌പ്പോഴും റണ്ണെടുക്കുക തന്നെ ചെയ്യും. അക്കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയവും വേണ്ട.
അതിനു ശേഷം ശ്രേയസ് അയ്യരെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. 2023ലെ ഏകദിന ലോകകപ്പില്‍ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം ശ്രേയസ് നടത്തിയിരുന്നുവെന്നും ഭോഗ്‌ലെ വ്യക്തമാക്കി. അതിനു ശേഷം രണ്ടു വിക്കറ്റ് കീപ്പര്‍മാരായി കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്.
ധ്രുവ് ജുറേലിനെക്കുറിച്ചു പറഞ്ഞെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ പേര് പോലും പരാമര്‍ശിക്കാന്‍ ഭോഗ്‌ലെ തയ്യാറായില്ല. രാഹുലാണ് ഞാന്‍ തിരഞ്ഞെടുക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹം ഉറപ്പായും കളിക്കണമെന്നും ഭോഗ്‌ലെ ആവശ്യപ്പെട്ടു.
റിഷഭാണ് എന്റെ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തെ ഞാന്‍ തീര്‍ച്ചയായും ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ഏതു പൊസിഷനിലും ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം റിഷഭിനെ കളിപ്പിക്കാനും സാധിക്കുമെന്നും ഭോഗ്‌ലെ വിലയിരുത്തി.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്
ഹാര്‍ദിക് പാണ്ഡ്യയാണ് എന്റെ ഇന്ത്യന്‍ ടീമിലെ ആദ്യത്തെ ഓള്‍റൗണ്ടര്‍. ജസ്പ്രീത് ബുംറയ്ക്കു പരിക്കു കാരണം ടൂര്‍ണമെന്റ നഷ്ടമായാല്‍ അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ മൂന്നു ഫാസ്റ്റ് ബൗളര്‍മാരായി ടീമിലുള്‍പ്പെടുത്തും.
ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം
മൂന്നു ഫിംഗര്‍ സ്പിന്നര്‍മാരുടെ റോളില്‍ ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് ഞാന്‍ പരിഗണിക്കുക. അതിനു ശേഷം റിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയെയും ഉള്‍പ്പെടുത്തും. ഇതാണ് തന്റെ 15 അംഗ സ്‌ക്വാഡെന്നും ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു. റിസര്‍വ് താരങ്ങളായി നിതീഷ് റെഡ്ഡി, രവി ബിഷ്‌നോയ്, ഹര്‍ഷിത് റാണ എന്നിവരും ഇടം പിടിച്ചു.
ഹര്‍ഷ ഭോഗ്‌ലെ തിരഞ്ഞെടുത്ത ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി.
റിസര്‍വ് കളിക്കാര്‍- നിതീഷ് റെഡ്ഡി, രവി ബിഷ്‌നോയ്, ഹര്‍ഷിത് റാണ.