ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടൂളായ ചാറ്റ്ജിപിടി (ChatGPT) 15 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. രണ്ടു സര്‍പ്രൈസ് താരങ്ങള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയപ്പോള്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിനെ ചാറ്റ്ജിപിടി തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. പാകിസ്താനിലും യുഎഇയിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകള്‍ മാറ്റുരയ്ക്കും. ഫെബ്രുവരി 19ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം മാര്‍ച്ച് ഒമ്പതിനാണ്.

ജയ്‌സ്വാളും സഞ്ജുവുമില്ല
ചാറ്റ് ജിപിടി തിരഞ്ഞെടുത്ത ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ മാത്രമല്ല മിന്നുന്ന ഫോമിലുള്ള യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ഉള്‍പ്പെട്ടിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലുമാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍.
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് സ്‌ക്വാഡിലെ മറ്റു മുന്‍നിര ബാറ്റര്‍മാര്‍. രോഹിത്തിനെ നായകനായി തിരഞ്ഞെടുത്ത ചാറ്റ്ജിപിടി അദ്ദേഹത്തിനു വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിക്കാനുള്ള ശേഷിയുണ്ടെന്നും ചൂണ്ടിക്കാട്ടി.
സൂര്യയും ചഹലും ടീമില്‍
ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ രണ്ടു സര്‍പ്രൈസ് താരങ്ങള്‍ ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ്. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സ്‌കൈ. പക്ഷെ ടൂര്‍ണമെന്റില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി. ടി20യിലെ തന്റെ അസാധാരണ ബാറ്റിങ് മിടുക്ക് ഏകദിനത്തില്‍ ഒരിക്കലും പുറത്തെടുക്കാന്‍ സൂര്യക്കായിട്ടില്ല.
എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ചാറ്റ്ജിപിടിയുടെ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഉള്‍പ്പെട്ടിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിലിടം നേടി. ടീമിന്റെ വൈസ് ക്യാപ്റ്റനായും ചാറ്റ്ജിപിടി അദ്ദേഹത്തെ തിരഞ്ഞെടുത്തു. പുതിയ സെന്‍സേഷനായി മാറിയിട്ടുള്ള യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിക്കു ടീമില്‍ സ്ഥാനം ലഭിച്ചില്ല.
ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്താണ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ടീമിലെത്തിയത് വെറ്ററന്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ്. മോശം ഫോമിലുള്ള ജഡ്ഡുവിനെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും ബിസിസിഐ തഴഞ്ഞേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ടീമില്‍ വേണമെന്നാണ് ചാറ്റ്ജിപിടയുടെ നിരീക്ഷണം.

ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ നാലു സ്‌പെഷഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോടൊപ്പം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസ് നിരയിലുള്ളത്.
എന്നാല്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞ ചാറ്റ്ജിപിടി പ്രധാന സ്പിന്നറായി യുസ്വേന്ദ്ര ചഹലിനെയാണ് ടീമിലുള്‍പ്പെടുത്തിയത്. നിലവില്‍ ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ല അദ്ദേഹം. 2023 ജനുവരിക്കു ശേഷം ഏകദിനത്തില്‍ ചഹല്‍ കളിക്കുകയും ചെയ്തിട്ടില്ല.
ചാറ്റ്ജിപിടിയുടെ ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി,. ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.