ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. എല്ലാ മല്‍സരങ്ങളിലും ജയിച്ച് സെമി ഫൈനലിലേക്കു ടിക്കറ്റെടുത്ത ഏക ടീം ഇന്ത്യയാണെന്നു കാണാം. ഗ്രൂപ്പ് എയിലെ മൂന്നു കളിയിലും വെന്നിക്കൊടി പാറിച്ചാണ് രോഹിത് ശര്‍മയും സംഘവും സെമിയിലേക്കു മുന്നേറിയത്. ഇനി സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ഓസ്‌ട്രേലിയയാണെങ്കില്‍ മറ്റൊരു സെമിയില്‍ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും.
ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളെടുത്താല്‍ വിവിധ ടീമുകള്‍ക്കായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയ പല താരങ്ങളെയും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഈ തരത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഗ്രൂപ്പുഘട്ടത്തിലെ സംയുക്ത 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

ടോപ്പ് ത്രീയില്‍ ആരെല്ലാം
സംയുക്ത ഇലവന്റെ ടോപ്പ് ത്രീയിലേക്കു വന്നാല്‍ അവിടെ ഇന്ത്യയുടെ ഒരു താരത്തെപ്പോലും കാണാന്‍ സാധിക്കില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സൂപ്പര്‍ ബാറ്ററായ വിരാട് കോലി തുടങ്ങിയവര്‍ക്കൊന്നും ബെസ്റ്റ് 11ല്‍ സ്ഥാനമില്ല.
പകരം അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാന്‍, ഇംഗ്ലീഷ് ജോടികളായ ബെന്‍ ഡക്കെറ്റ്, ജോ റൂട്ട് എന്നിവരാണ് ടോപ്പ് ത്രീയിലുള്ളത്. മൂന്നു പേരുടെയും ടീമുകള്‍ പുറത്തായെങ്കിലും ഗ്രൂപ്പുഘട്ടത്തില്‍ ഇവരെല്ലാം ബാറ്റിങില്‍ മിന്നിച്ചിരുന്നു.
72 ശരാശരിയില്‍ 106.40 സ്‌ട്രൈക്ക് റേറ്റില്‍ സദ്രാന്‍ 216 റണ്‍സ് അടിച്ചെടുത്തിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് സ്‌കോറായ 177 റണ്‍സും താരം സ്വന്തം പേരില്‍ കുറിച്ചു.
എന്നാല്‍ 75.66 ശരാശരിയില്‍ ഒരു സെഞ്ച്വറിയടക്കം 227 റണ്‍സ് വാരിക്കൂട്ടിയ ഡക്കെറ്റ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ്. റൂട്ടും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. 75 ശരാശരിയില്‍ 225 റണ്‍സാണ് ഗ്രൂപ്പുഘട്ടത്തില്‍ അദ്ദേഹം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും.
മധ്യനിരയില്‍ ഇവര്‍
സംയുക്ത ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ഇന്ത്യയുടെ ശ്രേയസ് അയ്യര്‍, ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടോം ലാതം, അഫ്ഗാനിസ്താന്റെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണുള്ളത്.
ഇന്ത്യക്കു വേണ്ടി നാലാമനായി കസറുകയാണ് ശ്രേയസ്. 50 ശരാശരിയില്‍ രണ്ടു ഫിഫ്റ്റിയടക്കം 150 റണ്‍സാണ് ഗ്രൂപ്പുഘട്ടത്തില്‍ താരം നേടിയത്. കിവികള്‍ക്കായി ലാതം 93.50 ശരാശരിയില്‍ 187 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. അസ്മത്തുള്ളയാവട്ടെ അഫ്ഗാനു വേണ്ടി 126 റണ്‍സ് നേടുന്നതിനൊപ്പം ഏഴു വിക്കറ്റുകളും ഗ്രൂപ്പുഘട്ടത്തില്‍ നേടി.
ഏഴ്, എട്ട് സ്ഥാനങ്ങളില്‍ മറ്റു രണ്ടു ഓള്‍റൗണ്ടര്‍മാര്‍ കൂടി സംയുക്ത ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ മൈക്കല്‍ ബ്രേസ്വെല്ലും സൗത്താഫ്രിക്കയുടെ മാര്‍ക്കോ യാന്‍സണുമാണിത്. ബ്രേസ്വെല്‍ 13 റണ്‍സ് നേടുന്നതിനൊപ്പം അഞ്ചു വിക്കറ്റുകളാണ് നേടിയത്. യാന്‍സണ്‍ 4.73 ഇക്കോണി റേറ്റില്‍ നാലു വിക്കറ്റുകളും വീഴ്ത്തി.

ബൗളിങ് ലൈനപ്പ്
ബൗളിങ് ലൈനപ്പിലെ രണ്ടു സ്പിന്നര്‍മാരും ഇന്ത്യന്‍ താരങ്ങളാണ്. ഒരാള്‍ വരുണ്‍ ചക്രവര്‍ത്തിയും മറ്റൊരാള്‍ കുല്‍ദീപ് യാദവുമാണ്. ഗ്രൂപ്പുഘട്ടത്തില്‍ ഒരേയൊരു മല്‍സരം കളിച്ച വരുണ്‍ അതില്‍ ഫൈഫര്‍ കുറിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം 4.2 ഇക്കോണമി റേറ്റില്‍ അഞ്ചു പേരെ മടക്കിയത്.
കുല്‍ദീപാവട്ടെ മൂന്നു മല്‍സരത്തില്‍ നിന്നും 4.87 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. സംയുക്ത ഇലവനിലെ 11ാമന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍ട്രിയാണ്. 5.09 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.
ഗ്രൂപ്പുഘട്ടത്തിലെ സംയുക്ത 11
ഇബ്രാഹിം സദ്രാന്‍, ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, ശ്രേയസ് അയ്യര്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്കോ യാന്‍സണ്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, മാറ്റ് ഹെന്‍ട്രി.