ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ത്രില്ലിങ് ഫൈനലിനു ദുബായ് തയ്യാറായിക്കഴിഞ്ഞു. ഞായറാഴ്ച പകലും രാത്രിയുമായിട്ടാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഈ ത്രില്ലിങ് പോരാട്ടം. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുകയെങ്കില്‍ കിവികള്‍ സ്വപ്‌നം കാണുന്നത് രണ്ടാമത്തെ ട്രോഫിയാണ്.
പാകിസ്താനും യുഎഇയും സംയുക്തമായാണ് ഇത്തവണ ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചത്. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായില്‍ നടന്നപ്പോള്‍ മറ്റു ടീമുകള്‍ക്കു പാകിസ്താനിലും ദുബായിലുമെല്ലാം മാറി മാറി കളിക്കേണ്ടതായി വന്നു.
ഇന്ത്യക്കെതിരേയുള്ള മല്‍സരങ്ങള്‍ക്കു വേണ്ടി മാത്രമാണ് മറ്റു ടീമുകള്‍ക്കു ദുബായില്‍ എത്തേണ്ടതായി വന്നത്. അല്ലാത്ത കളികള്‍ പാകിസ്താനിലെ ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നീ മൂന്നു വേദികളായി ശേഷിച്ച ടീമുകള്‍ കളിക്കുകയും ചെയ്തു. ഇപ്പോഴിതാ ടൂര്‍ണമെന്റില്‍ ഓരോ ടീമുകളും യാത്ര ചെയ്തതിന്റെ കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്.

തലപ്പത്ത് ന്യൂസിലാന്‍ഡ്
ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ പങ്കെടുത്തിട്ടുള്ള എട്ടു ടീമുകളെ എടുത്താല്‍ അവരില്‍ ഏറ്റവുമധികം കിമി യാത്ര ചെയ്തിട്ടുള്ളത് ഇപ്പോള്‍ ഫൈനലിലെത്തിയ ന്യൂസിലാന്‍ഡാണ്. ഗ്രൂപ്പുഘട്ടം മുതല്‍ ഫൈനല്‍ വരെ അവര്‍ പറന്നത് 7048 കിലോ മീറ്ററാണ്. മറ്റൊരു ടീമും അവരുടെ ഏഴയലത്തു പോലുമില്ലെന്നതാണ് കൗതുകകരമായ കാര്യം. ഇത്രയുമധികം ദൂരം യാത്ര ചെയ്യേണ്ടി വന്നിട്ടും അതിന്റെ ക്ഷീണമൊന്നുമില്ലാതെയാണ് കിവികള്‍ ഫൈനലില്‍ പറന്നിറങ്ങിയത്.
ന്യൂസിലാന്‍ഡ് കഴിഞ്ഞാല്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടി വന്നിട്ടുളള രണ്ടാമത്തെ ടീം സെമി ഫൈനലില്‍ പുറത്തായ സൗത്താഫ്രിക്കയാണ്. ഗ്രൂപ്പുഘട്ടത്തിലും സെമി ഫൈനലിമായി 3286 കിമി അവര്‍ യാത്ര ചെയ്തു. ദുബായില്‍ വച്ച് ഇന്ത്യയുമായി ഒരു മല്‍സരം പോലും അവര്‍ക്കു കളിക്കേണ്ടി വന്നിട്ടില്ല. പാകിസ്താനിലെ മൂന്നിടത്തു തന്നെയാണ് മുഴുവന്‍ മല്‍സരങ്ങളിലും അവര്‍ കളിച്ചത്. എന്നിട്ടും ഇത്രയും ദൂരം അവര്‍ യാത്ര ചെയ്തുവെന്നതാണ് രസകരം.
ആതിഥേയര്‍ കൂടിയായ പാകിസ്താനാണ് മൂന്നാമത്തെ ടീം. ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും അവര്‍ ആകെ 3133 കിമി യാത്ര ചെയ്തിട്ടുണ്ട്. ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സരങ്ങള്‍ നാട്ടില്‍ കളിച്ച പാക് ടീം ഇന്ത്യയുമായുള്ള സൂപ്പര്‍ പോരാട്ടത്തിനായി ദുബായിലുമെത്തിയിരുന്നു.
പാകിസ്താനു ശേഷം ലിസ്റ്റില്‍ നാലാമത് ഓസ്‌ട്രേലിയയാണ്. 2509 കിമിയാണ് ഓസീസ് ടീം യാത്ര ചെയ്തത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരവും പാകിസ്താനില്‍ കളിച്ച അവര്‍ ഇന്ത്യയായുള്ള സെമി ഫൈനലില്‍ ഇറങ്ങിയത് ദുബായിലാണ്.
അവസാന 4 ടീമുകള്‍
ഏറ്റവും കുറച്ചു ദൂരം യാത്ര ചെയ്തിട്ടുള്ള അവസാനത്തെ നാലു ടീമുകളിലേക്കു വരികയാണെങ്കില്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരാണ് അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍. 1953 കിമിയാണ് ബംഗ്ലാദേശ് ടീം യാത്ര ചെയ്തത്. ഇന്ത്യയുമായി ദുബായില്‍ ഒരു കളിയില്‍ ഏറ്റുമുട്ടിയ അവര്‍ തുടര്‍ന്നുള്ള രണ്ടു കളികള്‍ക്കായി പാകിസ്താനിലേക്കു തിരിക്കുകയും ചെയ്തു.
അഫ്ഗാനിസ്താനാവട്ടെ ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളും പാകിസ്താനിലാണ് കളിച്ചത്. 1020 കിമിയാണ് ഇതിനിടെ അവര്‍ പിന്നിട്ടത്. ഇംഗ്ലണ്ട് ടീമിന്റെയും മൂന്നു കളികള്‍ പാകിസ്താനിലായിരുന്നു. അവര്‍ യാത്ര ചെയ്തതാവട്ടെ 1020 കിമിയുമാണ്. ഇനി ഏറ്റവും പിറകിലുള്ള ഇന്ത്യയിലേക്കു വന്നാല്‍ വേദികളില്‍ നിന്നും വേദികളിലേക്കുള്ള ദൂരമെടുത്താല്‍ അതു പൂജ്യം കിലോ മീറ്ററാണ്.

കാരണം ടൂര്‍ണമെന്റിനെത്തിയതു മുതല്‍ ടീം ദുബായില്‍ തമ്പടിച്ചിരിക്കുകയാണ്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളിയും ദുബായിലാണ് ഇന്ത്യ കളിച്ചത്. പിന്നീട് സെമി ഫൈനലിലേക്കു യോഗ്യത നേടിയപ്പോള്‍ അതും അവിടെ തന്നെ. ഇനി ഫൈനല്‍ കളിക്കാന്‍ പോവുന്നതും ഇതേ വേദിയിലാണ്.
അതുകൊണ്ടു തന്നെ മറ്റു ഏഴു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഒട്ടും തന്നെ യാത്ര ചെയ്യേണ്ടതായി വന്നിട്ടില്ലെന്നും കാണാം.ഈ കാരണത്താലാണ് ഇന്ത്യക്കു ടൂര്‍ണമെന്റില്‍ അനാവശ്യമായ മുന്‍തൂക്കം ലഭിച്ചിട്ടുണ്ടെന്നു മറ്റു പല ടീമുകളും വിമര്‍ശിക്കുകയും ചെയ്യുന്നത്.