ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടിയിരിക്കുകയാണ് മുഹമ്മദ് ഷമി. പരിക്കേറ്റ് 14 മാസത്തോളം പുറത്തിരുന്ന ഷമി ശക്തമായ തിരിച്ചുവരവാണ് ഇന്ത്യക്കായി നടത്തിയിരിക്കുന്നത്. 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഷമി നേടിയിരിക്കുന്നത്. സൗമ്യ സര്‍ക്കാര്‍, മെഹതി ഹസന്‍ മിറാസ്, ജാക്കര്‍ അലി, തന്‍സിം ഹസന്‍ സക്കീബ്, ടസ്‌കിന്‍ അഹമ്മദ് എന്നിവരെ പുറത്താക്കിയാണ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനം.
തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ ഷമിക്ക് സാധിച്ചിരിക്കുകയാണ്. പാകിസ്താനെതിരായ മത്സരം വരാനിരിക്കെ ഷമി ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്ന പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെച്ചിരിക്കുന്നത്. ഷമിയുടെ പ്രകടനമാണ് ബംഗ്ലാദേശിനെ 228 എന്ന സ്‌കോറിലേക്ക് ഒതുക്കിയത്. വമ്പന്‍ പ്രകടനത്തോടെ മറ്റാര്‍ക്കും നേടാനാവാത്ത ചില റെക്കോഡുകളും ഷമി സ്വന്തം പേരിലാക്കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഐസിസി ടൂര്‍ണമെന്റുകളില്‍ അഞ്ച് വിക്കറ്റ് നേട്ടം
ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന രണ്ട് ഐസിസി ടൂര്‍ണമെന്റുകളില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ ബൗളറായി ഷമി മാറിയിരിക്കുകയാണ്. ഏകദിന ലോകകപ്പില്‍ നേരത്തെ തന്നെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഷമി ഇപ്പോള്‍ ബംഗ്ലാദേശിനെതിരേ ചാമ്പ്യന്‍സ് ട്രോഫിയിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതോടെയാണ് ഈ ചരിത്ര നേട്ടത്തിലേക്കെത്തിയത്. രവീന്ദ്ര ജഡേജക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളറായി ഷമി മാറിയിരിക്കുകയാണ്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പേസറാണ് അദ്ദേഹം. ഇന്ത്യയുടെ ജസ്പ്രീത് ബുംറക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഷമി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഷമിയുടെ മികവിനൊപ്പമെത്താന്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കും സാധിക്കില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഷമി കാഴ്ചവെച്ചിരിക്കുന്നത്. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയാനും മികച്ച വേഗം നിലനിര്‍ത്താനും ഷമിക്ക് സാധിക്കുന്നുണ്ട്.

ഐസിസി ടൂര്‍ണമെന്റിലെ ഇന്ത്യന്‍ ഹീറോ
ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളറെന്ന റെക്കോഡ് ഷമിയുടെ പേരിലാണ്. ഏകദിന ഫോര്‍മാറ്റിലാണ് ഷമി കൂടുതല്‍ മികവ് കാട്ടുന്നത്. ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായി ഷമി മാറിയിരിക്കുകയാണ്. 19 ഇന്നിങ്‌സില്‍ നിന്ന് 60 വിക്കറ്റുകളാണ് ഷമി നേടിയിരിക്കുന്നത്. ഐസിസി ടൂര്‍ണമെന്റുകളിലെ ആകെയുള്ള വിക്കറ്റ് വേട്ട നോക്കുമ്പോള്‍ 73 വിക്കറ്റുകളുമായി ഷമി ഇന്ത്യക്കാരില്‍ തലപ്പത്താണ്.
71 വിക്കറ്റ് നേടിയ സഹീര്‍ ഖാന്റെ റെക്കോഡാണ് ഷമി തിരുത്തിയത്. ജസ്പ്രീത് ബുംറ ഈ റെക്കോഡില്‍ പിന്നിലാണ്. ഇന്ത്യ സുപ്രധാന ബൗളറായി ബുംറയെയാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഐസിസി ടൂര്‍ണമെന്റിലെ മികവില്‍ ബുംറക്ക് മുകളിലാണ് ഷമിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റൊരു പേസര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തിലാണ് ഷമി മിന്നിക്കുന്നത്. പാകിസ്താനെതിരായ നിര്‍ണ്ണായക മത്സരത്തിലും ഷമി മിന്നിക്കുമെന്ന് തന്നെ കരുതാം.
വേഗത്തില്‍ 200 ഏകദിന വിക്കറ്റ്
ഏകദിനത്തില്‍ വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ബൗളറായും ഷമി മാറിയിരിക്കുകയാണ്. പന്തുകളുടെ അടിസ്ഥാനത്തിലാണ് ഷമി തലപ്പത്തേക്കെത്തിയത്. 5126 പന്തുകളില്‍ നിന്നാണ് ഷമി ഈ നേട്ടത്തിലേക്കെത്തിയത്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഷമി മറികടന്നത്. സ്റ്റാര്‍ക്ക് 5240 പന്തുകളില്‍ നിന്നാണ് 200 വിക്കറ്റ് നേട്ടം കൈവരിച്ചത്. മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഷമി ഇന്ത്യക്കാരില്‍ തലപ്പത്തേക്കുമെത്തി. 104 മത്സരത്തില്‍ നിന്നാണ് ഷമി ഈ നേട്ടം കൈവരിച്ചത്.