ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ പാകിസ്താനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയരായത്. വലിയ പ്രകടനം കാഴ്ചവെച്ച് പാകിസ്താന്‍ ഇത്തവണ കപ്പിലേക്കെത്തുമെന്നാണ് പിസിബിയും പാകിസ്താന്റെ ആരാധകരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാകിസ്താന് ഇത്തവണ ഒരു ജയം പോലും നേടാനാവാതെ നാണംകെടേണ്ടി വന്നു. ചിരവൈരികളായ ഇന്ത്യയോട് ഒന്ന് പൊരുതാന്‍ പോലുമാവാതെയാണ് പാകിസ്താന്‍ നാണംകെട്ടത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെമിയിലേക്ക് മുന്നേറിയപ്പോള്‍ സ്വന്തം നാട്ടില്‍ പോലും പാകിസ്താന് പ്രതീക്ഷിച്ച നിലവാരം കാട്ടാനാവാതെ പോയി. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരേ മുന്‍ പാക് താരങ്ങളടക്കം രംഗത്തെത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കണ്ട് പഠിക്കണമെന്നടക്കമാണ് പല മുന്‍ താരങ്ങളും ഉപദേശിക്കുന്നത്. പാകിസ്താനൊപ്പം മികച്ച താരങ്ങളുണ്ടെങ്കിലും അവരൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ല. ഇപ്പോഴിതാ പാകിസ്താനെ പൂര്‍ണ്ണമായും തള്ളിക്കളയരുതെന്നും ഇന്ത്യ പരമ്പരക്ക് തയ്യാറാവണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പാക് താരമായ സക്ലെയ്ന്‍ മുഷ്താഖ്.
ഇന്ത്യ പരമ്പര കളിക്കാന്‍ തയ്യാറാവണം
ഇന്ത്യയും പാകിസ്താനും ചിരവൈരികളാണ്. അതുകൊണ്ടുതന്നെ ഏറെ നാളുകളായി ഇരു ടീമും തമ്മിലുള്ള പരമ്പര നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. ഇന്ത്യ-പാക് പരമ്പര പുനരാരംഭിക്കണമെന്നത് ഏറെ നാളുകളായുള്ള പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യമാണ്. എന്നാല്‍ ബിസിസി ഐ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴും പിസിബിയുടെ പരമ്പരയെന്ന ആവശ്യം ബിസിസി ഐ നിരസിക്കുകയാണ്.
ഇപ്പോഴിതാ ഇന്ത്യയെ വെല്ലുവിഴിക്കുകയാണ് സക്ലെയ്ന്‍ മുഷ്താഖ്. 'രാഷ്ട്രീയം മാറ്റിവെക്കൂ. അവരെല്ലാം നല്ല താരങ്ങളും നല്ല ക്രിക്കറ്റ് കാഴ്ചവെക്കുന്നവരുമാണ്. നിങ്ങളൊരു മികച്ച ടീമാണെങ്കില്‍ 10 ടെസ്റ്റും 10 ഏകദിനവും 10 ടി20യും പാകിസ്താനെതിരേ കളിക്കണം. അതിന് ശേഷം എല്ലാം വ്യക്തമാവും' സക്ലെയ്ന്‍ മുഷ്താഖ് പറഞ്ഞു. പാകിസ്താനെ ഒരു മത്സരത്തില്‍ മാത്രം തോല്‍പ്പിച്ചതുകൊണ്ട് ഇന്ത്യ ശക്തരാണെന്ന് പറയാനാവില്ലെന്നും പരമ്പര കളിക്കണമെന്നുമാണ് പിസിബിയുടെ നിലപാട്.

ബിസിസി ഐ പരമ്പരക്ക് തയ്യാറാവില്ല
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയുമായി പരമ്പരക്ക് നിര്‍ബന്ധിക്കുന്നതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങള്‍ക്കൂടിയുണ്ട്. പാകിസ്താന്‍ ടീമിന്റെ ശരിയായ മികവ് തെളിയിക്കുക എന്നതിലുപരിയായി പാകിസ്താന് സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരമ്പര ദുബായില്‍ നടത്താമെന്നാണ് പിസിബി പറയുന്നത്. ഇങ്ങനെ പരമ്പര നടത്തുന്നത് പാകിസ്താന് സാമ്പത്തികമായ വലിയ നേട്ടമുണ്ടാക്കും.
ഇത് പിസിബിയുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തും. ഇന്ത്യ, പാകിസ്താന്‍ മത്സരം നടന്നാല്‍ വലിയ ആരാധക പിന്തുണയും സ്‌പോണ്‍സര്‍മാരുടെ പിന്തുണയുമുണ്ടാവും. ഇത് പാകിസ്താന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കും. ഇതും ബിസിസിഐ പരമ്പരയോട് സഹകരിക്കാതിരിക്കാനുള്ള കാരണമാണ്. പാകിസ്താന്‍ ഐസിസി മുഖേനെ പരമ്പരയ്ക്കായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിസിസി ഐ അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്.
പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാവില്ല
ഇന്ത്യ ലോകകപ്പിന് വേദിയാകുമ്പോഴും ഏഷ്യാ കപ്പിന് വേദിയാകുമ്പോഴും പാകിസ്താന്‍ ഇന്ത്യയില്‍ കളിക്കാന്‍ വരാറുണ്ട്. എന്നാല്‍ പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറല്ല. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാവാത്തതിനാലാണ് ദുബായില്‍ വേദിയാക്കിയത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് നടക്കാന്‍ പോകുന്നത്. ഇതിനായി പാകിസ്താന്‍ ഇന്ത്യയിലേക്ക് വരുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യ വിട്ടുനില്‍ക്കുന്നതുപോലെ കടുത്ത നിലപാടെടുക്കാന്‍ പാകിസ്താനാവില്ല. ഇത് സാമ്പത്തികമായി ടീമിനെ കാര്യമായി ബാധിക്കുമെന്നതിനാല്‍ അവര്‍ക്ക് ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറാവാതെ മറ്റ് വഴികളില്ലെന്ന് തന്നെ പറയാം.