ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനല്‍ സീറ്റ് നേടിയെടുത്തിരിക്കുകയാണ്. ആവേശ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ സീറ്റ് നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ 11 പന്തും നാല് വിക്കറ്റും ബാക്കിയാക്കിു വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ ആവേശകമായി ഇന്ത്യ ഫൈനലിലേക്കെത്തുകയും ചെയ്തു.
ഓസ്‌ട്രേലിയയോട് അവസാന ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം ചെയ്യാനും ഇന്ത്യക്ക് സാധിച്ചു. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും നേരിടും. ഇതിലെ വിജയിയാവും ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍. കലാശപ്പോരിനിറങ്ങുന്ന ഇന്ത്യ നിലവിലെ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ നിര്‍ണ്ണായകമായ ഒരു മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. അത് എന്താണെന്ന് നോക്കാം.
കുല്‍ദീപ് യാദവിന് പകരം ഹര്‍ഷിത് റാണ
ഇന്ത്യ പ്ലേയിങ് 11 നിന്ന് കുല്‍ദീപ് യാദവിനെ തഴയാന്‍ സാധ്യതയുണ്ട്. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് മാച്ച് വിന്നറായ താരമാണെങ്കിലും പ്രധാന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നു. ഓസ്‌ട്രേലിയക്കെതിരേ ഒരു വിക്കറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല മോശം ഫീല്‍ഡിങ്ങിന് വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും പഴിയും കുല്‍ദീപിന് നേരിടേണ്ടി വന്നു. കുല്‍ദീപിന്റെ കളത്തിലെ മോശം ശരീര ഭാഷയില്‍ നായകന് അതൃപ്തിയുണ്ട്.
ഫൈനലില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയില്ല. കുല്‍ദീപ് യാദവിനെ പുറത്തിരുത്തി ഹര്‍ഷിത് റാണയെ പേസ് നിരയിലേക്ക് തിരികെ കൊണ്ടുവന്നേക്കും. ഇന്ത്യയുടെ പേസ് നിരയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് പേസറുടെ അഭാവമുണ്ട്. ഇത് എതിരാളികള്‍ മുതലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫൈനലില്‍ ഹര്‍ഷിത് റാണയെ ഇന്ത്യ തിരികെ ടീമിലേക്കെത്തിക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം. ഇത്തരമൊരു മാറ്റം ഇന്ത്യക്ക് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍.

റിഷഭ് പന്തിന് ഇനി പ്രതീക്ഷ വേണ്ട
ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് എത്താമെന്ന പ്രതീക്ഷ ഇനി റിഷഭ് പന്തിന് വേണ്ട. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇന്ത്യ കെ എല്‍ രാഹുലില്‍ പ്രതീക്ഷവെച്ച് മുന്നോട്ട് പോവുകയായിരുന്നു. ഈ തീരുമാനം തെറ്റായില്ലെന്ന് തന്നെ പറയാം. സെമിയില്‍ മാച്ച് വിന്നിങ് പ്രകടനത്തോടെ രാഹുല്‍ തന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് പറയാം.
34 പന്തില്‍ 42 റണ്‍സോടെയാണ് രാഹുല്‍ പുറത്താവാതെ നിന്നത്. രണ്ട് വീതം ഫോറും സിക്‌സും രാഹുല്‍ നേടുകയും ചെയ്തു. സിക്‌സറിലൂടെ മത്സരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കാനും രാഹുലിന് സാധിച്ചു. ഇന്ത്യയുടെ മാച്ച് വിന്നറാവുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ച വെച്ചതെന്ന് പറയാം. ഇന്ത്യയുടെ പ്ലേയിങ് 11 വേറെ മാറ്റങ്ങള്‍ക്കൊന്നും വലിയ സാധ്യതകളില്ലെന്ന് പറയാം.
ബാറ്റിങ് നിരയും ബൗളിങ് നിരയും ശക്തമായ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നിവര്‍ തമ്മിലുള്ള മത്സരത്തില്‍ ആരാവും വിജയിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഫൈനലിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
ഇന്ത്യയുടെ സാധ്യതാ 11
രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി