കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായില്‍ നടക്കും. പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനാലാണ് ഇത്തരമൊരു വേദി മാറ്റം. ആതിഥേയരെന്ന നിലയില്‍ പാകിസ്താന് കപ്പ് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലന്‍ഡുമെല്ലാമുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ പല താരങ്ങളുടേയും ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ചാമ്പ്യന്‍സ് ട്രോഫിയാകും. രോഹിത് ശര്‍മ, വിരാട് കോലി, ഗൗതം ഗംഭീര്‍ എന്നിവരുടെയെല്ലാം ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് നിര്‍ണ്ണായക പങ്ക് വഹിക്കും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് കപ്പിലേക്കെത്തേണ്ടതായുണ്ട്. 2013ന് ശേഷം വീണ്ടുമൊരു ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ ആധിപത്യമുള്ള ടൂര്‍ണമെന്റാണ്. മറ്റാര്‍ക്കുമില്ലാത്ത പല വമ്പന്‍ റെക്കോഡുകളും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്
ചാമ്പ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗും ചേര്‍ന്നാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരേ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 192 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. സെവാഗ് 126 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 117 റണ്‍സോടെ ഗാംഗുലി പുറത്താവാതെ നിന്നു. ഈ മത്സരം എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഈ റെക്കോഡ് ഇത്തവണ ആരെങ്കിലും തകര്‍ക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
കൂടുതല്‍ സെഞ്ച്വറി നേടിയ താരം
ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് ഇന്ത്യയുടെ ശിഖര്‍ ധവാന്റെ പേരിലാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഗംഭീര റെക്കോഡ് സ്വന്തമാക്കിയ താരമാണ് ധവാന്‍. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ മൂന്ന് സെഞ്ച്വറികളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നേടിയത്.

ഹെര്‍ഷല്‍ ഗിബ്‌സ്, സൗരവ് ഗാംഗുലി, ക്രിസ് ഗെയ്ല്‍ എന്നിവരും ഈ റെക്കോഡില്‍ ധവാനൊപ്പം തലപ്പത്തുണ്ട്. എന്നാല്‍ ഇവരെക്കാള്‍ ഉയര്‍ന്ന ശരാശരിയുള്ള ധവാന്‍ ഈ റെക്കോഡില്‍ ഒന്നാമനായി നില്‍ക്കുകയാണ്. 2013ല്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരേയാണ് ധവാന്‍ സെഞ്ച്വറി നേടിയത്. ശ്രീലങ്കയ്‌ക്കെതിരേയാണ് ഒരു സെഞ്ച്വറി പ്രകടനം.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരമെന്ന റെക്കോഡ് ശിഖര്‍ ധവാന്റെ പേരിലാണ്. 101.59 ആണ് ധവാന്റെ ടൂര്‍ണമെന്റിലെ സ്‌ട്രൈക്ക് റേറ്റ്. വിരാട് കോലി 93.32 സ്‌ട്രൈക്ക് റേറ്റോടെ രണ്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാന്‍ കളിച്ചത്. 701 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടാന്‍ ധവാനായിട്ടുണ്ട്. 77.88 എന്ന മികച്ച ശരാശരിയും ധവാന്റെ പേരിലുണ്ട്. ശരാശരിയില്‍ നാലാം സ്ഥാനത്താണ് ധവാന്‍. ക്രിസ് ഗെയ്ല്‍ 88.77 ശരാശരിയില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ സനത് ജയസൂര്യക്ക് 88.01 ശരാശരിയും ഗ്രെയിം സ്മിത്തിന് 86.71 ശരാശരിയുമുണ്ട്.
കൂടുതല്‍ 50 പ്ലസ് സ്‌കോര്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ തവണ 50ലധികം സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡും ധവാന്റെ പേരിലാണ്. ആറ് തവണയാണ് ധവാന്‍ ഈ നേട്ടത്തിലേക്കെത്തിയത്. മൂന്ന് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ധവാന്റെ പേരിലുണ്ട്. സൗരവ് ഗാംഗുലും രാഹുല്‍ ദ്രാവിഡും ആറ് തവണ ഈ നേട്ടത്തിലെത്തിയെങ്കിലും ധവാന്റെ അത്ര ശരാശരിയില്‍ കളിക്കാനായിട്ടില്ല. ഇത്തവണ ധവാന്റെ അഭാവം നികത്തുന്ന പ്രകടനം ആരാവും കാഴ്ചവെക്കുകയെന്നതാണ് കണ്ടറിയേണ്ടത്.
കൂടുതല്‍ സിക്‌സര്‍ ഗാംഗുലിക്ക്
ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡ് സൗരവ് ഗാംഗുലിയുടെ പേരിലാണ്. 13 മത്സരത്തില്‍ നിന്ന് 17 സിക്‌സുകളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയത്. ഓയിന്‍ മോര്‍ഗന്‍ 14 സിക്‌സും ഷെയ്ന്‍ വാട്‌സന്‍ 12 സിക്‌സും പോള്‍ കോളിങ് വുഡ് 11 സിക്‌സുകളും നേടി പിന്നാലെയുണ്ട്. ഇത്തവണ രോഹിത് ശര്‍മക്ക് ഈ റെക്കോഡ് തകര്‍ക്കാനുള്ള അവസരം മുന്നിലുണ്ട്. ഇന്ത്യന്‍ നായകന് ഈ റെക്കോഡിലേക്കെത്താനാവുമോയെന്നത് കണ്ടറിയാം.