For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy 2025: കിരീട ഫേവറിറ്റല്ല, പക്ഷെ ഇവരെ ഭയക്കണം! കറുത്ത കുതിരകളാവാന്‍ ഈ ടീമുകള്‍

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അടുത്ത ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടിയാണ്. ഏകദിന ഫോര്‍മാറ്റില്‍ പാകിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക എട്ടു മുന്‍നിര ടീമുകളാണ്. റൗണ്ട് റോബിന്‍, നോക്കൗട്ട് ഫോര്‍മാറ്റില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ആകെ 15 മല്‍സരങ്ങള്‍ മാത്രമേയുള്ളൂ. വളരെ പെട്ടെന്നു അവസാനിക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ ഓരോ മല്‍സരവും തീപാറുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എട്ടു ടീമുകളില്‍ ചിലരെ കിരീട ഫേവറിറ്റുകളിലായി നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇന്ത്യ, ഓസ്‌ട്രേലിയ, ആതിഥേയരായ പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവരെയെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താം. എന്നാല്‍ ഫേവറിറ്റുകളുടെ നിരയില്‍ ഇടം പിടിച്ചിട്ടില്ലാത്ത ചില ടീമുകള്‍ക്കു സ്വപ്‌നതുല്യമായ കുതിപ്പ് നടത്തി ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറാന്‍ സാധിക്കും. ആരൊക്കെയാണ് ഈ ടീമുകളെന്നു പരിശോധിക്കാം.

AFGANISTAN TEAM

അഫ്ഗാനിസ്താന്‍

ഏഷ്യന്‍ ക്രിക്കറ്റിലെ കരുത്തരായ ടീമുകളിലൊന്നായി അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അഫ്ഗാനിസ്താനാണ് ഈ ലിസ്റ്റിലെ ഒരു ടീം. തങ്ങളുടേതായ ദിവസം ഏതു വമ്പന്‍മാരെയും വീഴ്ത്താനുള്ള ശേഷി ഇപ്പോഴത്തെ അഫ്ഗാന്‍ ടീമിനുണ്ട്. ബാറ്റിങിലും ബൗളിങിലുമെല്ലാം മിടുക്കരായ ഒരുപിടി കളിക്കാരെ അഫ്ഗാന്‍ ടീമിന്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിനു തൊട്ടരികെ വരെയെത്താന്‍ അഫ്ഗാന്‍ ടീമിനു സാധിച്ചിരുന്നു. അന്നു നേരിയ വ്യത്യാസത്തിലാണ് അവര്‍ക്കു സെമിയില്‍ ഇടം ലഭിക്കാതെ പോയത്. എന്നാല്‍ അതിന്റെ ക്ഷീണം ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ അഫ്ഗാന്‍ തീര്‍ത്തിരുന്നു. മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ഉള്‍പ്പെടെ വീഴ്ത്തി സെമി ഫൈനലില്‍ വരെയെത്താന്‍ അവര്‍ക്കു കഴിഞ്ഞു.

ലോകകപ്പ് ചരിത്രത്തില്‍ അഫ്ഗാന്റെ കന്നി സെമി ഫൈനലും കൂടിയായിരുന്നു ഇത്. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തിയാല്‍ ചാംപ്യന്‍സ് ട്രോഫിയിലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അഫ്ഗാനു സാധിക്കും. മുന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജൊനാതന്‍ ട്രോട്ട് മുഖ്യ കോച്ചായി വന്നതോടെയാണ് അഫ്ഗാന്‍ ടീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു ലെവലിലേക്കു ഉയര്‍ന്നത്.

അദ്ദേഹത്തിന്റെ ടീം സെലക്ഷനും തന്ത്രങ്ങളുമെല്ലാം അഫ്ഗാന്‍ ടീമിനെ ഏറെ മെച്ചപ്പെടാനും സഹായിച്ചിട്ടുണ്ട്. പാകിസ്താനില്‍ തങ്ങളുടെ പരിചിതമായ സാഹചര്യങ്ങളിലാണ് കളിക്കാന്‍ പോവുന്നത് എന്ന കാര്യം അഫ്ഗാന്‍ ടീമിനു വലിയൊരു പ്ലസ് പോയിന്റാണ്. ഇതു അവരെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

സൗത്താഫ്രിക്ക

ഐസിസി ടൂര്‍ണമെന്റുകളിലെ നിര്‍ഭാഗ്യവാന്‍മാരെന്നു മുദ്ര കുത്തപ്പെട്ട സൗത്താഫ്രിക്കയാണ് ഈ ലിസ്റ്റിലെ അടുത്ത ടീം. കഴിഞ്ഞ ടി20 ലോകകപ്പില്‍ അവരുടെ ഉജ്ജ്വല കുതിപ്പ് സകല പ്രവചനങ്ങളും തെറ്റിക്കുന്നതായിരുന്നു. സാധാരണയായി സെമി ഫൈനലിനു അപ്പുറം പോവാറില്ലാത്ത അവര്‍ ടി20 ലോകകപ്പിന്റെ ഫൈനലിലെത്തി ഈ ചീത്തപ്പേര് മായ്ച്ചിരുന്നു.

ഇന്ത്യയെ ഞെട്ടിച്ച് ടി20 ലോകകപ്പ് നേട്ടത്തിനു അരികെ വരെയെത്തിയ ശേഷമാണ് സൗത്താഫ്രിക്ക അവസാന നിമിഷം കാലിടറി വീണത്. ചാംപ്യന്‍സ് ട്രോഫിയിലും വമ്പന്‍ ടീമുകള്‍ ഭയക്കേണ്ട ടീമായി അവര്‍ മാറിക്കഴിഞ്ഞു. ശക്തമായ ബാറ്റിങി ലൈനപ്പിനൊപ്പം പേസ്, സ്പിന്‍ ബൗളിങില്‍ മികച്ച താരങ്ങളുടെ സാന്നിധ്യവും സൗത്താഫ്രിക്കയെ സന്തുലിതമായ ടീമാക്കി മാറ്റുന്നു.

BANGLADESH

ബംഗ്ലാദേശ്

അട്ടിമറി വീരന്മാരെന്ന വിശേഷണത്തില്‍ നിന്നും പുറത്തുവന്ന് ഏഷ്യയിലെ പ്രധാനപ്പെട്ട ശക്തികളിലൊന്നായി മാറിയ ബംഗ്ലാദേശാണ് ചാംപ്യന്‍സ് ട്രോഫിയിലെ കറുത്ത കുതിരകളായേക്കാവുന്ന മൂന്നാമത്തെ ടീം. യുവതാരം നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീം കഴിഞ്ഞ ടി20 ലോകകപ്പില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിയത്. കൂടാതെ കഴിഞ്ഞ ഏകദിന ലോകകപ്പിലും അവര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയില്ല.

പക്ഷെ ഇതിന്റെ പേരില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ അവരെ വില കുറച്ചു കാണേണ്ട. കളി ജയിപ്പിക്കാന്‍ മിടുക്കുള്ള ഒരുപിടി താരങ്ങള്‍ ബംഗ്ലാ ടീമിലുണ്ട്. ലിറ്റണ്‍ ദാസ്, ഷാക്വിബുല്‍ ഹസന്‍, മഹമ്മുദുള്ള, മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെല്ലാം അവരുടെ മാച്ച് വിന്നര്‍മാരാണ്. ഇവരെല്ലാം ഫോമിലേക്കുയര്‍ന്നാല്‍ ബംഗ്ലാ ടീമിനെ തടയുക കടുപ്പമാവും.

Story first published: Sunday, August 25, 2024, 19:00 [IST]
Other articles published on Aug 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+