ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 23നാണ് സൂപ്പര്‍ പോരാട്ടം നടക്കാന്‍ പോകുന്നത്. ദുബായി വേദിയാകുന്ന മത്സരത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇന്ത്യ രോഹിത് ശര്‍മക്ക് കീഴില്‍ പടയൊരുക്കം നടത്തുമ്പോള്‍ മുഹമ്മദ് റിസ്വാന്റെ കീഴിലാണ് പാകിസ്താന്‍ വരുന്നത്. ഇന്ത്യ സൂപ്പര്‍ താരങ്ങളുടെ നിരയാണ്. എന്നാല്‍ ആതിഥേയരെന്ന നിലയില്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയിലെ നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യയെക്കാള്‍ ഒരുപടി മുകളിലാണ് പാകിസ്താനെന്ന് പറയാം. ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പര തൂത്തുവാരി ഇറങ്ങുമ്പോള്‍ ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. കണക്കുകളിലും പ്രവചനങ്ങളിലും കൂടുതലും മുന്‍തൂക്കം കല്‍പ്പിക്കുന്നത് ഇന്ത്യക്കാണ്. പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുമെന്നാണ് കൂടുതല്‍ പേരും വിലയിരുത്തുന്നത്.
എന്നാല്‍ ഇന്ത്യയുടെ ചില ദൗര്‍ബല്യങ്ങള്‍ പാകിസ്താന് മുതലാക്കാന്‍ സാധിക്കും. ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് മുതലാക്കാന്‍ സാധിക്കുന്ന ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കോലിയുടേയും രോഹിത്തിന്റേയും ഫോം
വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളാണ്. രണ്ട് പേരും ഗംഭീര റെക്കോഡുള്ള സീനിയര്‍ താരങ്ങളാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ അസാധ്യ മികവ് കാട്ടുന്നവരാണ് രണ്ട് താരങ്ങളും. എന്നാല്‍ ഇത്തവണ രണ്ട് പേരും മികച്ച ഫോമിലല്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ സെഞ്ച്വറിയും വിരാട് കോലി അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. എന്നാല്‍ ഇരുവരും പഴയ ഫോമിലാണുള്ളതെന്ന് പറയാനാവില്ല.

സ്ഥിരത രണ്ട് പേര്‍ക്കും വലിയ തലവേദനയാണ്. അതുകൊണ്ടുതന്നെ പാകിസ്താനത് ഇത് മുതലാക്കി ഇന്ത്യയെ പൂട്ടാവുന്നതാണ്. തുടക്കത്തിലെ തന്നെ രോഹിത്തിനേയും കോലിയേയും പുറത്താക്കാനായാല്‍ ഇന്ത്യയെ അത് സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഉറപ്പാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലേതുപോലെ തുടക്കത്തിലെ ഇന്ത്യയെ വിറപ്പിക്കാന്‍ ശേഷിയുള്ള പേസര്‍മാര്‍ ഇത്തവണയും പാക് ബൗളിങ് നിരയിലുണ്ട്. ഷഹിന്‍ ഷാ അഫ്രീദിയുടെ പ്രകടനമാണ് ഇന്ത്യ കരുതിയിരിക്കേണ്ടത്.
ഇന്ത്യയുടെ പേസ് നിര ദുര്‍ബലം
ഇന്ത്യയുടെ പേസ് നിരക്ക് ഇത്തവണ വലിയ കരുത്ത് അവകാശപ്പെടാനാവില്ല. ജസ്പ്രീത് ബുംറയുടെ അഭാവം പാകിസ്താന് വലിയ ആശ്വാസമാണ്. ഇന്ത്യയുടെ പേസ് നിരയിലെ സീനിയര്‍ താരം മുഹമ്മദ് ഷമിയാണ്. പരിക്കിനെത്തുടര്‍ന്ന് 14 മാസത്തോളം വിശ്രമമെടുത്ത ഷമി ഇംഗ്ലണ്ട് പരമ്പരയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ പഴയ മികവ് കാട്ടാന്‍ ഷമിക്ക് സാധിക്കുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ഷമിക്ക് പഴയ മൂര്‍ച്ചയില്ലാത്തത് പാകിസ്താന് മുതലാക്കാം.
യുവതാരങ്ങളായ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയുമാണ് ഇന്ത്യയുടെ പേസ് നിരയിലെ മറ്റ് താരങ്ങള്‍. ഇരുവരും ന്യൂബോളില്‍ കരുത്ത് കാട്ടാന്‍ ശേഷിയുള്ളവരാണെങ്കിലും ഡെത്തോവറുകളിലെ റണ്ണൊഴുക്ക് തടുക്കാന്‍ കെല്‍പ്പുള്ളവരല്ല. ഇന്ത്യയുടെ സ്പിന്‍ കരുത്ത് ശക്തമാണെങ്കിലും പേസ് നിരയിലെ ദൗര്‍ബല്യം പാകിസ്താന് മുതലാക്കാന്‍ സാധിക്കും. ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാകിസ്താന്‍ ബാറ്റിങ് നിര ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
ഇന്ത്യയുടെ ഫിനിഷിങ് മികവ് മോശം
ഇന്ത്യയുടെ എട്ടാം നമ്പറില്‍വരെ ബാറ്റിങ് കരുത്തുണ്ട്. എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ ഫിനിഷിങ് മികവ് വലിയ ചോദ്യമുയര്‍ത്തുന്നതാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് സ്ഥിരതയില്ല. കെ എല്‍ രാഹുല്‍ ആറാം നമ്പറില്‍ കളിക്കുമ്പോള്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടുകയാണ്. രവീന്ദ്ര ജഡേജയില്‍ നിന്ന് വെടിക്കെട്ട് പ്രതീക്ഷിക്കാനാവില്ല. ഡെത്തോവറുകളില്‍ ഇന്ത്യക്കായി ആര് അതിവേഗം റണ്‍സുയര്‍ത്തുമെന്നതാണ് കണ്ടറിയേണ്ടത്. ഈ ദൗര്‍ബല്യം പാകിസ്താന്‍ ബൗളര്‍മാര്‍ ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യ പ്രയാസപ്പെടാന്‍ സാധ്യതകളേറെയാണ്.