ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യക്കു വേണ്ടി മോശമല്ലാത്ത പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി അദ്ദേഹം മാറിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലു ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ തിളങ്ങുകയാണ് രാഹുല്‍.
ചില ക്യാച്ചുകളും സ്റ്റംപിങ് അവസരവും പാഴാക്കിക്കളഞ്ഞെങ്കിലും റിവ്യു എടുക്കുന്ന കാര്യത്തില്‍ രാഹുലിന്റെ ഇംപാക്ട് വളരെ വലുതാണെന്നു കാണാം. അദ്ദേഹത്തിന്റെ ഈ മിടുക്ക് കാരണം ചില റിവ്യുകള്‍ കാത്തുസൂക്ഷിക്കാനും ഇന്ത്യക്കായിരുന്നു. ഇപ്പോഴിതാ തനിക്കു ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ബൗളര്‍മാര്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍.

രണ്ടു ബൗളര്‍മാര്‍
ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കവെയാണ് തനിക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചിട്ടുള്ള ബൗളര്‍മാര്‍ ആരൊക്കെയാണെന്നു കെഎല്‍ രാഹുല്‍ വെളിപ്പെടുത്തിയത്. കരിയറില്‍ ഏറ്റവുമധികം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുള്ള ബൗളര്‍ ആരാണെന്നായിരുന്നു ആദ്യത്തെ ചോദ്യം.
ഏറ്റവുമധികം തനിക്കു ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ള ബൗളര്‍ അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നറായ റാഷിദ് ഖാനാണെന്നാണ് രാഹുല്‍ തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാല്‍ നെറ്റ്‌സില്‍ നേരിടരുതെന്നു ആഗ്രഹിക്കുന്ന ബൗളറെക്കുറിച്ചുള്ള ചോദ്യത്തിന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പേരല്ല അദ്ദേഹം വെളിപ്പെടുത്തിയത്. പകരം മറ്റൊരു സീനിയര്‍ പേസറായ മുഹമ്മദ് ഷമിയെയാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്.
നെറ്റ്‌സില്‍ മാത്രമല്ല, ഐപിഎല്ലിലും ഷമിയെ അദ്ദേഹത്തിനു നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ അത്ര മികച്ച റെക്കോര്‍ഡല്ല രാഹുലിനുള്ളതെന്നും കണക്കുകള്‍ പറയുന്നു. മൂന്നു ഐപിഎല്‍ സീസണുകളിലായി ഷമിക്കെതിരേ അദ്ദേഹം നേരിട്ടത് 28 ബോളുകളാണ്. ഇവയില്‍ 31 റണ്‍സ് മാത്രമേ താരം സ്‌കോര്‍ ചെയ്തിട്ടുമുള്ളൂ.
2023ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളിക്കവെ രണ്ടു തവണ രാഹുലിനെ പുറത്താക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് പേസറായ ഷമിക്കു സാധിക്കുകയും ചെയ്തു. നെറ്റ്‌സില്‍ നേരിടാന്‍ കടുപ്പമേറിയ ബൗളര്‍ മാത്രമല്ല, വിക്കറ്റ് കീപ്പറായി നില്‍ക്കുമ്പോള്‍ താന്‍ ഏറ്റവും വിഷമിച്ചതും ഷമിക്കെതിരേയാണെന്നും രാഹുല്‍ തുറന്നു പറഞ്ഞു.

എന്നാല്‍ ഏതു ബൗളറുടെ ക്യാച്ചാണ് ഒരിക്കലും പാഴാക്കരുതെന്ന് ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു ജസ്പ്രീത് ബുംറയെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ബൗളിങില്‍ പുലര്‍ത്തുന്ന കൃത്യതയും മാച്ച് വിന്നിങ് ശേഷിയും വിലയിരുത്തുമ്പോള്‍ ബുംറയുടെ ബൗളിങില്‍ നിന്നുള്ള ഓരോ ക്യാച്ചും ഏറെ പ്രധാനപ്പെട്ടതാണെന്നു നിസംശയം പറയാം.
ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11
രാഹുലിന്റെ റോള്‍
ഗൗതം ഗംഭീര്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ കോച്ചായി വന്നതിനു ശേഷം ഏകദിനത്തില്‍ കെഎല്‍ രാഹുലിന്റെ ബാറ്റിങ് റോളിലും മാറ്റം വന്നിരിക്കുകയാണ്. നേരത്തേയുള്ള കോച്ചായ രാഹുല്‍ ദ്രാവിഡ് അഞ്ചാം നമ്പറാണ് അദ്ദേഹത്തിനു സ്ഥിരമായി നല്‍കിയത്. ഈ പൊസിഷനില്‍ കസറിയ രാഹുല്‍ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്.
പക്ഷെ ഗംഭീര്‍ അദ്ദേഹത്തെ അഞ്ചില്‍ നിന്നും ഒരു സ്ഥാനം താഴേക്കു ഇറക്കിയിരിക്കുകയാണ്. ഇതു രാഹുലിന്റെ പ്രകടനത്തെയും മോശമായി ബാധിച്ചിരുന്നു. ആറ്, ഏഴ് പൊസിഷനുകളിലാണ് താരം ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ടോപ്പ് ഫൈവില്‍ നിന്നും പുറത്തായ ശേഷം ഒരു ഫിഫ്റ്റി പോലും ഏകദിനത്തില്‍ കുറിക്കാനും രാഹുലിനായിട്ടില്ല.