ദുബായ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ചാംപ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ മോശം വിക്കറ്റ് കീപ്പിങിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് കെഎല്‍ രാഹുല്‍. അദ്ദേഹത്തിന്റെ പിഴവ് മുതലാക്കി കിവി സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസണ്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി മിന്നിക്കുകയും ചെയ്തു. 81 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായാണ് അദ്ദേഹം ക്രീസ് വിട്ടത്. 120 ബോളുകള്‍ നേരിട്ട മുന്‍ നായകന്‍ ഏഴു ഫോറുകളുമടിച്ചു.
20 റണ്‍സില്‍ താഴെ റണ്‍സിനു പുറത്താവേണ്ടിയിരുന്ന വില്ലിക്കു ആയുസ് നീട്ടിക്കൊടുത്തത് രാഹുലാണ്. ഈ തരത്തിലുള്ള പിഴവുകള്‍ ഇനി സെമി ഫൈനലിലും ഫൈനലിലും വരുത്തുകയാണെങ്കില്‍ ഇവയ്ക്കു വലിയ വലിയ വില തന്നെ ഇന്ത്യക്കു നല്‍കേണ്ടി വരുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാഹുലിന്റെ പിഴവ്
250 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 11ാം ഓവറിലായിരുന്നു കെയ്ന്‍ വില്ല്യംസണിന്റെ വമ്പന്‍ വിക്കറ്റ് കെഎല്‍ രാഹുല്‍ താഴെയിട്ടു കളഞ്ഞത്. 11ാം ഓവറിലായിരുന്നു രാഹുലിന്റെ പിഴവ്. ന്യൂസിലാന്‍ഡ് ഒരു വിക്കറ്റിന് 44 റണ്‍സെന്ന നിലയിലാണ് 11ാം ഓവര്‍ തുടങ്ങിയത്.
20 റണ്‍സോടെ ഓപ്പണര്‍ വില്‍ യങും 16 റണ്‍സെടുത്ത വില്ല്യസണുമായിരുന്നു അപ്പോള്‍ ക്രീസില്‍. 11ാം ഓവറിലെ ആദ്യ ബോളില്‍ റണ്ണില്ല. അടുത്ത ബോളില്‍ യങ് സിംഗിളെടുത്തു. അടുത്ത ബോളില്‍ വില്ല്യംസണും നാലാമത്തെ ബോളില്‍ യങും സിംഗിളെടുത്തു. അഞ്ചാമത്തെ ബോളില്‍ വില്ല്യംസണിന് റണ്ണില്ല. അവസാന ബോളിലാണ് അദ്ദേഹത്തിന്റെ ക്യാച്ച് രാഹുല്‍ നഷ്ടപ്പെടുത്തിയത്.
വില്ല്യംസണിന്റെ ക്യാച്ച് പാഴാക്കുന്ന രാഹുല്‍. വീഡിയോ കാണാം
കട്ട് ഷോട്ടിനായിരുന്നു വില്ല്യംസണിന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നില്‍ രാഹുലിന്റെ കൈയിലേക്കാണ് വന്നത്. പക്ഷെ അദ്ദേഹത്തിന്റെ വലതു കൈവിരലുകള്‍ക്കിടയിലൂടെ തട്ടിത്തെറിക്കുകയായിരുന്നു. രാഹുല്‍ ഈ ക്യാച്ചെടുത്തിരുന്നെങ്കില്‍ വില്ല്യംസണ്‍ 17 റണ്‍സിനു പുറത്താവുമായിരുന്നു.

പക്ഷെ രാഹുല്‍ ആയുസ് നീട്ടിക്കൊടുത്ത ശേഷം അദ്ദേഹം തകര്‍പ്പന്‍ ഫിഫ്റ്റി കുറിച്ചാണ് ക്രീസ് വിട്ടത്. 81 റണ്‍സ് അടിച്ചെടുത്താണ് വില്ല്യംസണ്‍ പുറത്തായത്. രാഹുലിന്റെ അബദ്ധം കാരണം 64 റണ്‍സാണ് അദ്ദേഹം സ്വന്തം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.
ഇതെന്ത് വിക്കറ്റ് കീപ്പിങ്?
കെഎല്‍ രാഹുലിന്റെ വിക്കറ്റ് കീപ്പിങിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കെഎല്‍ രാഹുലിന്റെ വിക്കറ്റ് കീപ്പിങിനെ പരിതാപകരമെന്നു മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളൂ. റിഷഭ് പന്തിനെ കോച്ച് ഗൗതം ഗംഭീറിനു ഇഷ്ടമില്ലാത്തതു കൊണ്ടു മാത്രമാണ് അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
വിക്കറ്റ് കീപ്പിങില്‍ കെഎല്‍ രാഹുല്‍ വിശ്വസ്തനല്ല. ഈ തരത്തിലുള്ള പിഴവുകള്‍ സെമി ഫൈനലിലോ, ഫൈനലിലോ വരുത്തിയാല്‍ അതിനു വലിയ വില തന്നെ നല്‍കേണ്ടി വരും. രാഹുലിനെ അമിതമായി വിക്കറ്റ് കീപ്പിങില്‍ വിശ്വസിക്കുന്ന പതിവ് ഗൗതം ഗംഭീര്‍ അവസാനിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.