ഐസിസി ചാംപ്യന്‍സ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. പാകിസ്താനിലും ദുബായിലുമായിട്ടാണ് ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായിലാണ്. ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
സ്പിന്‍ ബൗളിങിനു മുന്‍തൂക്കമുള്ള സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുളള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രമുഖ പേസര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നും ഇന്ത്യ തഴയുകയും ചെയ്തിരുന്നു. സെലക്ഷന്‍ കമ്മിറ്റി കാണിച്ചത് വലിയ മണ്ടത്തരമാണെന്നും സിറാജ് തീര്‍ച്ചയായും ടീമില്‍ വേണമെന്നുമാണ് ഇര്‍ഫാന്‍ പറയുന്നത്. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ബാക്കപ്പ് പേസര്‍ വേണം
ദുബായില്‍ നാലു സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നല്ല ഓപ്ഷനായിരിക്കില്ലെന്നാണ് ഇര്‍ഫാന്‍ പഠാന്റെ നിരീക്ഷണം. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സംഘത്തിലെ സ്പിന്നര്‍മാര്‍. പക്ഷെ ഒരു ബാക്കപ്പ് പേസര്‍ തീര്‍ച്ചയായും ടീമില്‍ വേണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.
ഇന്ത്യക്കു ഒരു ബാക്കപ്പ് പേസറെ ആവശ്യമാണ്. മുഹമ്മദ് സിറാജ് ഈ റോളിലേക്കു നല്ലൊരു ഓപ്ഷനായി മാറുമായിരുന്നു. നാലു സപിന്നര്‍മാരെ കളിപ്പിക്കുകയെന്നത് പ്രായോഗമികമല്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പരിക്കു ഭേദമായാണ് ടീമിലേക്കു മടങ്ങിയെത്തുന്നത്. അതുകൊണ്ടു തന്നെ നേരെ പ്ലെയിങ് ഇലവനിലേക്കു വന്ന് നന്നായി പെര്‍ഫോം ചെയ്യുകയെന്നത് എളുപ്പമായിരിക്കില്ലെന്നും കൊല്‍ക്കത്തയില്‍ ഒരു ചടങ്ങിനെത്തിയപ്പോള്‍ ഇര്‍ഫാന്‍ വ്യക്തമാക്കി.
സിറാജ് നല്ല ഓപ്ഷന്‍
ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ബാക്കപ്പ് പേസറുടെ റോള്‍ ഏറ്റവും നന്നായി നികത്താന്‍ സാധിക്കുന്നയാള്‍ മുഹമ്മദ് സിറാജാണ്. പക്ഷെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തവര്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം. നമ്മള്‍ അവരെ പിന്തുണയ്ക്കുകയും വേണമെന്നും ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ബുംറയ്ക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ബൗളിങില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ബുംറയും ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ ആദ്യ രണ്ടു കളിയിലും അദ്ദേഹം പുറത്തിരുന്നേക്കുമെന്നുമാണ് വിവരം.

അതേസമയം, ബോള്‍ പഴയതായി മാറുമ്പോള്‍ സിറാജിനു ബൗളിങില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും ഈ കാരണത്താലാണ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നുമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീം പ്രഖ്യാപനവേളയില്‍ തുറന്നു പറഞ്ഞത്.
രോഹിത്തും കോലിയും തിളങ്ങും
സമീപകാലത്തു മോശം ഫോമിലൂടെയാണ് കടന്നു പോവുന്നതെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യക്കു വേണ്ടി തിളങ്ങുമെന്നാണ് ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ടു പേരും ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് തീര്‍ത്തും വ്യത്യസ്തമായിട്ടുള്ള ഫോര്‍മാറ്റാണ്. ബാറ്റിങില്‍ ചില അഡ്‌ജെസ്റ്റുമെന്റുകള്‍ ആവശ്യമാണ്. രോഹിത്തിന്റെയും വിരാടിന്റെയും ഫേവറിറ്റ് ഫോര്‍മാറ്റാണ് ഏകദിനം. ഇരുവരും ചാംപ്യന്‍സ് ട്രോഫിയിലൂടെ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യുമെന്നും ഇര്‍ഫാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.