ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ടീം ഇന്ത്യയുടെ അടുത്ത ദൗത്യം ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. പാകിസ്താനിലും യുഎഇയിലുമായിട്ടാണ് അടുത്തയാഴ്ച ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.
നിലവിലെ ചാംപ്യന്മാരും ബദ്ധവൈരികളുമായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 20ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഗ്രൂപ്പുഘട്ടത്തില്‍ വെറും മൂന്നു കളികള്‍ മാത്രമേയുള്ളൂവെന്നതിനാല്‍ ഓരോ മല്‍സരവും ഇന്ത്യക്കു പ്രധാനമാണ്. അതിനാല്‍ ടീമില്‍ വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാനിടയില്ല.
പരിക്കുകള്‍ പോലെ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ എല്ലാ കളിയിലും ഒരേ ഇലവനെ തന്നെയാവും ഇന്ത്യ പരീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ചില താരങ്ങള്‍ക്കു സ്ഥിരമായി സൈഡ് ബെഞ്ചില്‍ തന്നെയാവും സ്ഥാനം. ചില സൂപ്പര്‍ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയുടെ ഇലവനില്‍ അവസരം കിട്ടാതെ വാട്ടര്‍ ബോയ് ആയി ഒതുക്കപ്പെടാനിടയുള്ള സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

റിഷഭ് പന്ത്
ഇടംകൈയന്‍ അഗ്രസീവ് ബാറ്ററും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. റിഷഭിനെക്കൂടാതെ കെഎല്‍ രാഹുലാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ രാഹുലായിരിക്കുമെന്നു കോച്ച് ഗൗതം ഗംഭീര്‍ തുറന്നു പറഞ്ഞുകഴിഞ്ഞു. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പര 3-0ന് തൂത്തുവാരിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരേ ഒരു ഏകദിനത്തില്‍ പോലും റിഷഭിനെ കളിപ്പിക്കാന്‍ ഗംഭീര്‍ തയ്യാറായിരുന്നില്ല. ആദ്യ രണ്ടു കളിയും ജയിച്ച് ഇന്ത്യ പരമ്പര വരുതിയിലാക്കിയിട്ടും അപ്രസക്തമായ അവസാന ഏകദിനത്തില്‍ അദ്ദേഹത്തിനു അവസരം കിട്ടിയില്ല. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയിലും റിഷഭ് അവസരം പ്രതീക്ഷിക്കേണ്ടതില്ല. മൂന്നു കളിയിലും രാഹുല്‍ തന്നെ ടീമിനായി വിക്കറ്റ് കാക്കുമെന്നുറപ്പായിരിക്കുകയാണ്.
രാഹുലിനു പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രമേ റിഷഭ് ഇനി അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷെ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ എല്ലാ കളിയിലും വാട്ടര്‍ ബോയ് ആയി ഒതുങ്ങിയതു പോലെ റിഷഭും പുറത്തിരുന്നു കളി കാണും.
കുല്‍ദീപ് യാദവ്
സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ചാംപ്യന്‍സ് ട്രോഫിയില്‍ വാട്ടര്‍ ബോയ് ഒതുങ്ങേണ്ടി വരാനിടയുള്ള രണ്ടാമത്തെയാള്‍. ഏകദിന ഫോര്‍മാറ്റില്‍ വളരെ അപകടകാരിയായ റിസ്റ്റ് സ്പിന്നറാണ് അദ്ദേഹം. 2020 ജനുവരിക്കു ശേഷം ഈ ഫോര്‍മാറ്റില്‍ കുല്‍ദീപിന്റെ പ്രകടനവും വളരെ മികച്ചതാണ്. പക്ഷെ ഇതുകൊണ്ടു മാത്രം അദ്ദേഹത്തിനു ചാംപ്യന്‍സ് ട്രോഫി പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ല.
പരിക്കും വരുണ്‍ ചക്രവര്‍ത്തിയെന്ന പുതിയ തുറുപ്പുചീട്ടിന്റെ വരവുമാണ് കുല്‍ദീപിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. പരിക്കേറ്റു മാസങ്ങളോളം പുറത്തിരുന്ന അദ്ദേഹം ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയിലൂടെയാണ് ടീമില്‍ മടങ്ങിയെത്തിയത്. പക്ഷെ തന്റെ പഴയ മാജിക്കല്‍ പ്രകടനം പുറത്തെടുക്കാന്‍ കുല്‍ദീപിനായില്ല. ഈ പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ വരുണിനെ ഇന്ത്യ പരീക്ഷിക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ 14 വിക്കറ്റുകള്‍ പിഴുതതോടെയാണ് ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു വരുണിനു വിളിയെത്തിയത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ചാംപ്യന്‍സ് ട്രോഫിയില്‍ കുല്‍ദീപിനേക്കാള്‍ മുന്‍തൂക്കം ലഭിക്കുക അദ്ദേഹത്തിനാവും. മാത്രല്ല കോച്ച് ഗൗതം ഗംഭീറിനും വരുണിനു പ്രത്യേക താല്‍പ്പര്യമുണ്ട്.
പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?
മുഹമ്മദ് ഷമി
പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ അവസരം കിട്ടാനിടയില്ലാത്ത മൂന്നാമത്തെ താരം. കുല്‍ദീപ് യാദവിനെപ്പോലെ ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് അദ്ദേഹത്തിനും വില്ലനാവുന്നത്. ഒരു വര്‍ഷത്തോളം പരിക്കേറ്റ് പുറത്തിരുനന്ന ഷമി ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. പക്ഷെ പഴയ ഷമിയുടെ നിഴല്‍ മാത്രമാണ് ഈ പരമ്പരയില്‍ കണ്ടത്.
കൂടാതെ പൂര്‍ണ ഫിറ്റായുമല്ല അദ്ദേഹം കാണപ്പെട്ടത്. ഈ സാഹചര്യത്തില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഷമിയെ കളിപ്പിച്ച് റിസ്‌കെടുക്കാന്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറാവില്ല. പകരം അര്‍ഷ്ദീപ് സിങിനെയും ഹര്‍ഷിത് റാണയെയുമാവും പ്രധാന പേസര്‍മാരായി അദ്ദേഹം പരീക്ഷിക്കുക. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയിലൂടെ അരങ്ങേറിയ ഹര്‍ഷിത് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.