Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: പുതിയ ലുക്കില്‍ ടീം ഇന്ത്യ!! 4 മാറ്റങ്ങള്‍? രോഹിത്തിന് തലവേദന എന്തൊക്കെ

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡുമായുള്ള അവസാന റൗണ്ട് പോരാട്ടത്തിന് കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ഞായറാഴ്ച പകലും രാത്രിയുമായാണ് ഇന്ത്യയും കിവികളും തമ്മിലുള്ള ഗ്രൂപ്പ് എയിലെ അവസാന അങ്കം. ഇരുടീമുകളും ഇതിനകം സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയതിനാല്‍ ഗ്രൂപ്പ് എ വിജയികളെ തീരുമാനിക്കുക ഈ മല്‍സരമായിരിക്കും.

സെമി ഫൈനലിനു മുമ്പ് ബെഞ്ച് നിരയിലുള്ളവരെ പരീക്ഷിക്കാന്‍ രോഹിത് ശര്‍മയ്ക്കു ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയായിരിക്കും ഈ പോരാട്ടം. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്ന കാര്യത്തില്‍ നാലു ചോദ്യങ്ങള്‍ രോഹിത്തിനെ കുഴപ്പിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ARSHDEEP SINGH

ഷമിയോ, അര്‍ഷ്ദീപോ?

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തിനു പകരം യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ കളിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. ടി20യില്‍ മിന്നുന്ന ഫോമില്‍ പന്തെറിയുന്ന അദ്ദേഹം ഏകദിനത്തില്‍ തീര്‍ച്ചയായും അവസരം അര്‍ഹിക്കുന്നുണ്ട്.

ഷമിയും അര്‍ഷ്ദീപുമാവും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് പേസര്‍മാരെന്നായിരുന്നു ടൂര്‍ണമെന്റിനു മുമ്പ് കരുതപ്പെട്ടിരുന്നത്. പക്ഷെ അര്‍ഷ്ദീപിനു പകരം ഹര്‍ഷിത് റാണയ്ക്കാണ് അവസരം ലഭിച്ചത്. അദ്ദേഹം ഇതു ശരിക്കും മുതലാക്കുകയുെ ചെയ്തു. 150നടുത്ത് വേഗതയില്‍ പന്തെറിഞ്ഞ താരം നാലു വിക്കറ്റുകളുമെടുത്തിരുന്നു.

പരിക്കു ഭേദമായാണ് അടുത്തിടെ ഷമി തിരിച്ചെത്തിയത്. ഇതു അദ്ദേഹത്തിന്റെ പ്രകടനത്തിലും പ്രകടമായിരുന്നു. കഴിഞ്ഞ മല്‍സരത്തിനിടെ ചെറുതായി പരിക്കേറ്റ ഷമിക്കു ക്വാട്ട പൂര്‍ത്തിയാക്കാനുമായില്ല. ഈ കാരണത്താല്‍ ന്യൂസിലാന്‍ഡിനെതിരേ അര്‍ഷ്ദീപിനെ ടീമിലേക്കു ഇന്ത്യ കൊണ്ടുവന്നേക്കും.

വാഷിങ്ടണിന് അവസരം?

ടൂര്‍ണമെന്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ന്യൂസിലാന്‍ഡിനെതിരേ പരീക്ഷിക്കണമോയെന്നതാണ് മറ്റൊരു സംശയം. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമായിരുന്നു കഴിഞ്ഞ രണ്ടു കളിയിലും ടീമിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍.

ന്യൂസിലാന്‍ഡ് ടീമില്‍ അഞ്ചു ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. അതുകൊണ്ടു തന്നെ വാഷിങ്ടണിനു കളിയില്‍ ഇംപാക്ടുണ്ടാക്കാനായേക്കും. പക്ഷെ അദ്ദേഹത്തെ കളിപ്പിച്ചാല്‍ ആരെ പുറത്തിരുത്തുമെന്നതാണ് ചോദ്യം. ജഡേജയ്ക്കായിരിക്കും ഒരു പക്ഷെ ഇന്ത്യ വിശ്രമം നല്‍കിയേക്കുക.

റിഷഭ് വേണോ?

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ന്യൂസിലാന്‍ഡുമായുള്ള പോരാട്ടത്തില്‍ പരീക്ഷിക്കണമോയെന്നയാണ് ഇന്ത്യക്കു മുന്നിലുള്ള മൂന്നാമത്തെ ചോദ്യം. കെഎല്‍ രാഹുലിനാണ് കഴിഞ്ഞ രണ്ടു കളിയിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ ഇന്ത്യ നല്‍കിയത്. പക്ഷെ ബാറ്റിങില്‍ അദ്ദേഹത്തിനു രണ്ടു കളിയിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

RISHABH PANT

ഈ സാഹചര്യത്തില്‍ റിഷഭിനെ പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. ഏകദിനത്തില്‍ രാഹുലിനോളം സ്ഥിരത പുലര്‍ത്തുന്ന ബാറ്ററല്ല അദ്ദേഹം. പക്ഷെ തന്റേതായ ദിവസങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ റിഷഭിനു കഴിയും. മാത്രല്ല സ്‌ട്രൈക്ക് റേറ്റിലും റിഷഭാണ് മുന്നില്‍.

പക്ഷെ രാഹുലിനെ പുറത്തിരുത്തി പകരം റിഷഭിനെ കളിപ്പിക്കുന്നത് സെമിയില്‍ ഇന്ത്യക്കു തിരിച്ചടി ആയേക്കും. ബാറ്റിങില്‍ അദ്ദേഹത്തിനു ഇനിയും വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യം പരിഗണിക്കുമ്പോള്‍ രാഹുലിനു പകരം റിഷഭിനെ കളിപ്പിക്കുന്നതും മണ്ടത്തരമായേക്കും. രണ്ടു പേരെയും ഒരുമിച്ച് ഇറക്കിയാല്‍ അതാവും ടീമിനു ഗുണം ചെയ്യുക.

വരുണ്‍ അകത്തോ, പുറത്തോ

മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ന്യൂസിലാന്‍ഡിനെതിരേ പരീക്ഷിക്കണമോയെന്നതാണ് നാലാമത്തെ വലിയ ചോദ്യം. അദ്ദേഹത്തിനു പകരം കുല്‍ദീപ് യാദവിനെയാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇറക്കിയത്. ഒരു കളിയില്‍ നിരാശപ്പെടുത്തിയെങ്കിലും പാകിസ്താനെതിരേ അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു.

ടി20യില്‍ വിക്കറ്റുകള്‍ വാരിക്കൂട്ടി തകര്‍പ്പന്‍ ഫോമിലുള്ള വരുണ്‍ തീര്‍ച്ചയായും ഒരു അവസരം അര്‍ഹിക്കുന്നു. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെതിരേ താരത്തെ ഇന്ത്യക്കു കയറൂരി വിടാവുന്നതാണ്. എന്നാല്‍ കുല്‍ദീപിനു പകരം വരുണിനെ കൊണ്ടുവരുമോയെന്നത് കണ്ടു തന്നെ അറിയണം.

Story first published: Thursday, February 27, 2025, 14:15 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+