ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം സെമിയോട് അടുക്കുകയാണ്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും ബിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് സെമിയിലേക്കെത്തിയത്. ഇവരില്‍ ആരൊക്കെ തമ്മിലാണ് സെമി പോരാട്ടമെന്നത് ഇന്നത്തെ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിന് ശേഷം വ്യക്തമാവും. ആദ്യ രണ്ട് മത്സരവും ജയിച്ച് മിന്നും ഫോമിലാണ് ഇന്ത്യയുടെ വരവ്. ന്യൂസീലന്‍ഡും സംതുലിതമായ നിരയാണ്.
ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചാല്‍ സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടേണ്ടി വരും. കിവീസിനോട് തോറ്റാല്‍ ദക്ഷിണാഫ്രിക്കയാവും സെമിയിലെ എതിരാളികള്‍. രണ്ടായാലും ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യ ഇത്തവണ ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടുമെന്നും ഒരു റണ്‍സിന് വിജയിച്ച് രോഹിത് ശര്‍മയും സംഘവും കപ്പ് നേടുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകനായ മൈക്കല്‍ ക്ലാര്‍ക്ക്.
ഫൈനലില്‍ ഇന്ത്യ ഓസീസിനെ തോല്‍പ്പിക്കും
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാവും ഫൈനല്‍ പോരാട്ടമെന്നാണ് മൈക്കല്‍ ക്ലാര്‍ക്ക് പ്രവചിക്കുന്നത്. ഇത് സംഭവിക്കണമെങ്കില്‍ ഇന്ത്യ ഇന്നത്തെ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോല്‍ക്കണം. ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ്. അതുകൊണ്ടുതന്നെ സെമിയില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ ലഭിക്കാന്‍ ന്യൂസീലന്‍ഡിനോട് തോല്‍ക്കേണ്ടതായുണ്ട്. ഇന്ത്യ ദക്ഷിണാഫ്രിക്കയെ സെമിയില്‍ തോല്‍പ്പിക്കുകയും ഓസ്‌ട്രേലിയ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്യണം.
അങ്ങനെ സംഭവിച്ചാലെ ഫൈനലില്‍ ഇന്ത്യ, ഓസ്‌ട്രേലിയ മത്സരം കാണാനാവു. ഓസ്‌ട്രേലിയയുടെ ബൗളിങ് കരുത്ത് ഇത്തവണ അല്‍പ്പം ദുര്‍ബലമാണ്. എന്നാല്‍ ഈ വിടവ് നികത്താന്‍ അവരുടെ ബാറ്റിങ് നിരക്ക് സാധിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ റെക്കോഡ് ജയമാണ് ഓസ്‌ട്രേലിയ നേടിയത്. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്‌ട്രേലിയക്ക് ഇന്ത്യക്കെതിരേ മാനസികമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഓസീസിനെ തോല്‍പ്പിക്കുക എളുപ്പമായിരിക്കില്ലെന്നുറപ്പ്.

രോഹിത് ശര്‍മയുടെ ഫോം നിര്‍ണ്ണായകം
വരുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുക രോഹിത് ശര്‍മയുടെ പ്രകടനമാവുമെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. രോഹിത് ശര്‍മ ഫോമിലേക്കെത്തിയത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. 'രോഹിത് ശര്‍മ ഫോമിലേക്കെത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ സംശയം വേണ്ട. വളരെ മികച്ച രീതിയില്‍ അവന്‍ ഇപ്പോള്‍ കളിക്കുന്നുണ്ട്. അവന് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. പവര്‍പ്ലേയെ പരമാവധി മുതലാക്കി ആക്രമിച്ച് കളിക്കാനാണ് രോഹിത് ശ്രമിക്കുന്നത്.
സാഹസികമായ ഷോട്ടുകള്‍ക്കടക്കം ശ്രമിക്കുന്നു. ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പ് നേടുകയും രോഹിത് റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുകയും ചെയ്താലും അതില്‍ അത്ഭുതപ്പെടാനാവില്ല' ക്ലാര്‍ക്ക് പറഞ്ഞു. രോഹിത്തും കോലിയും ശ്രേയസും ശുബ്മാനും മികച്ച ഫോമില്‍ കളിക്കുന്നതാണ് ഇന്ത്യയുടെ കരുത്ത്. ന്യൂസീലന്‍ഡിനെതിരേയും സെമിയിലുമെല്ലാം ഇന്ത്യയുടെ മത്സരഫലം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ഇവരുടെ പ്രകടനമാവുമെന്ന് നിസംശയം പറയാം.
ഇന്ത്യക്ക് കപ്പ് നിലനില്‍പ്പിന്റെ പ്രശ്‌നം
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് പറയാം. ഇന്ത്യക്ക് കപ്പ് നേടാന്‍ സാധിക്കാത്ത പക്ഷം പല സൂപ്പര്‍ താരങ്ങളുടേയും സീറ്റ് തെറിക്കാനും ഇത് കാരണമായേക്കും. പരിശീലകന്‍ ഗൗതം ഗംഭീറിനടക്കം ടീമില്‍ നിലനില്‍ക്കാന്‍ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കേണ്ടതായുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കുന്ന അവസാന ഐസിസി ടൂര്‍ണമെന്റായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
അതുകൊണ്ടുതന്നെ ഇന്ത്യ കപ്പ് നേടണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ മത്സരം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഈ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ ജയത്തോടെ സെമിയിലെത്തിയാല്‍ ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടേണ്ടതായി വരും. ഇന്ത്യന്‍ താരങ്ങളുടെ നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.