മുംബൈ: ടി20 ലോകകപ്പിന്റെ ആവേശം കെട്ടടങ്ങി ഇനി ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താനാണ് വേദിയാകുന്നത്. ഇതിനോടകം കരട് രൂപം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ന്യൂസീലന്‍ഡും വരുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണുള്ളത്.
ഇതിനോടകം മത്സരക്രമത്തിന്റെ കരട് രൂപവും പിസിബി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യ-പാകിസ്താന്‍ മത്സരം ലാഹോറിലാണ് പിസിബി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്താനിലേക്ക് കളിക്കാനില്ലെന്ന ശക്തമായ നിലപാടിലാണ് ബിസിസി ഐയുള്ളത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരു ടീമും തമ്മില്‍ ഐസിസി ട്രോഫിയില്‍ മാത്രമാണ് കളിക്കുന്നത്. പാകിസ്താനുമായുള്ള മറ്റ് പരമ്പരകളെല്ലാം ഇന്ത്യ റദ്ദാക്കുകയും പാക് താരങ്ങളെ ഐപിഎല്ലില്‍ നിന്ന് പോലും വിലക്കുകയും ചെയ്തിരുന്നു.
ഇടവേളക്ക് ശേഷം പാകിസ്താനിലേക്ക് വലിയൊരു ഐസിസി ടൂര്‍ണമെന്റെത്തുമ്പോള്‍ ഇന്ത്യ കളിക്കാന്‍ ചെല്ലണമെന്നാണ് പിസിബിയുടെ നിലപാട്. എന്നാല്‍ ഇന്ത്യ ഇതിന് സമ്മതിക്കാന്‍ സാധ്യത കുറവാണ്. പാകിസ്താനില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നാല്‍ ഇന്ത്യ കളിക്കില്ലെന്ന് നേരത്തെ തന്നെ ബിസിസി ഐ വൃത്തങ്ങള്‍ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ഷെഡ്യൂളും ഗ്രൂപ്പുമടക്കം പിസിബി ഐസിസിക്ക് സമര്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ എന്താവും ബിസിസി ഐയുടെ നിലപാട് എന്നാണ് കണ്ടറിയേണ്ടത്.
ലാഹോറില്‍ ഇന്ത്യ-പാക് മത്സരം നടന്നാല്‍ അത് ചരിത്ര സംഭവമാകും. ഇടവേളക്ക് ശേഷം ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാന്‍ പോയാല്‍ ലോക ക്രിക്കറ്റിന്റെ ശ്രദ്ധ ഈ മത്സരത്തിലേക്കാവും. ലാഹോറില്‍ ഇന്ത്യയോട് പാകിസ്താന്‍ ജയിക്കുമെന്നും പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യക്ക് ഭയമാണെന്നുമെല്ലാം മുന്‍ പാക് താരങ്ങളടക്കം വെല്ലുവിളികള്‍ നടത്തുന്നുണ്ട്. ഇതെല്ലാം ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമാണ്. എന്നാല്‍ പാകിസ്താനിലേക്ക് കളിക്കാനില്ലെന്ന നിലപാടില്‍ ഇപ്പോഴും ബിസിസി ഐ ഉറച്ച് നില്‍ക്കുകയാണ്.

ഐസിസിയുടെ തലപ്പത്ത് ജയ് ഷായാണുള്ളത്. അതുകൊണ്ടുതന്നെ പിസിബിയുടെ ഷെഡ്യൂളും ഗ്രൂപ്പും അംഗീകരിച്ച് കൊടുക്കാന്‍ സാധ്യതയില്ല. ബിസിസി ഐയുടെ ആവശ്യ പ്രകാരം ന്യൂട്രല്‍ വേദിയില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടത്തണം. ദുബായില്‍ മത്സരം നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഏറെ നാള്‍ പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു ദുബായി. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു മാറ്റത്തിന് പിസിബി തയ്യാറാവുന്നില്ല.
അതേ സമയം മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളൊന്നും പാകിസ്താനില്‍ കളിക്കാന്‍ പോകുന്നതിനോട് വിയോജിപ്പ് അറിയിച്ചിട്ടില്ല. പക്ഷെ ബിസിസി ഐയുടെ പിന്തുണയില്ലാതെ പ്രതീക്ഷിച്ചപോലെ ടൂര്‍ണമെന്റ് കൊണ്ടുപോകാന്‍ പിസിബിക്ക് സാധിക്കില്ല. ഇന്ത്യ പിന്മാറിയാല്‍ പ്രധാന സ്‌പോണ്‍സര്‍മാരടക്കം വിട്ടുനിന്നേക്കും. അങ്ങനെ വരുമ്പോള്‍ സാമ്പത്തികമായി പിസിബിക്ക് വലിയ നഷ്ടമുണ്ടാവും. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ഇന്ത്യയെ പങ്കെടുപ്പിച്ച് മുന്നോട്ട് പോകാനാവും പിസിബി ശ്രമിക്കുക.
എന്നാല്‍ ഇത്തവണ പിസിബി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ്. ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാനടക്കം പാകിസ്താന്‍ വന്നിരുന്നു. അടുത്ത ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് നടക്കുന്നത്. ഇതിലും പാകിസ്താന്‍ പങ്കെടുക്കും. ഇന്ത്യയിലേക്ക് പാകിസ്താന്‍ വരുന്നതിനാല്‍ പാകിസ്താനിലേക്ക് ഇന്ത്യയും വരണമെന്നും സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നുമാണ് പിസിബി ഐസിസിയെ അറിയിച്ചിരിക്കുന്നതെന്നാണ് പിടി ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യക്ക് പാകിസ്താനില്‍ കളിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കേണ്ടതായുണ്ട്. എന്നാല്‍ ഇത് ലഭിക്കാന്‍ സാധ്യത കുറവാണ്. ദുബായില്‍ മത്സരം നടന്നില്ലെങ്കില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനിന്നേക്കും. പാകിസ്താനിലേക്ക് ഇന്ത്യ കളിക്കാന്‍ പോകാന്‍ യാതൊരു സാധ്യതയും നിലവിലെ സാഹചര്യത്തില്‍ ഇല്ലെന്ന് തന്നെ പറയാം.