ദുബായ്: ന്യൂസിലാന്‍ഡുമായുള്ള ചാംപ്യന്‍സ് ട്രോഫിയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ വമ്പന്‍ ലോക റെക്കോര്‍ഡാണ് കൈയെത്തുംദൂരത്തു ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ 44 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ ടീം ഗ്രൂപ്പു ജേതാക്കളുമായിരുന്നു.
ഈ ജയത്തോടൊപ്പം ലോക റെക്കോര്‍ഡ് കൂടി കുറിക്കാനായാല്‍ അതു ഇന്ത്യക്കു ഇരട്ടിമധുരമായേനെ. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിലേക്കു എത്താന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. ഇതു കാരണം രക്ഷപ്പെട്ടത് ശ്രീലങ്കന്‍ ടീമാണ്. അവരുടെ പേരിലുള്ള ലോക റെക്കോര്‍ഡ് ഇപ്പോഴും ഭദ്രമായി തന്നെ നില്‍ക്കുകയും ചെയ്യുകയാണ്.

മിസ്സായ റെക്കോര്‍ഡ് ഏത്?
ഏകദിന ക്രിക്കറ്റില്‍ പുരുഷ വിഭാഗത്തില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം ഓവറുകള്‍ സ്പിന്നര്‍മാരെ കൊണ്ട് ബൗള്‍ ചെയ്യിച്ച ടീമെന്ന ലോക റെക്കോര്‍ഡാണ് നേരിയ വ്യത്യാസത്തില്‍ ഇന്ത്യ കൈവിട്ടത്. നിലവില്‍ ഈ റെക്കോര്‍ഡിന്റെ അവകാശികള്‍ ശ്രീലങ്കന്‍ ടീമാണ്. 44 ഓവറുകളാണ് ഒരു കളിയില്‍ സ്പിന്നര്‍മാരെ കൊണ്ടു മാത്രം അവര്‍ ബൗള്‍ ചെയ്യിച്ചത്. ഒന്നല്ല, മൂന്നു തവണ 44 ഓവറുകള്‍ സ്പിന്നര്‍മാരെ ലങ്ക ഉപയോഗിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.
1996ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന കളിയിലാണ് ലങ്ക ആദ്യമായി 44 ഓവറും സ്പിന്നര്‍മാര്‍ക്കു നല്‍കിയത്. അവര്‍ ഏഴു വിക്കറ്റുകള്‍ കടപുഴക്കുകയും ചെയ്തു. പിന്നീട് കൊളംബോയില്‍ നടന്ന കളിയില്‍ ന്യൂസിലാന്‍ഡിനെതിരേയും 44 ഓവറുകള്‍ സ്പിന്നര്‍മാരെ ലങ്ക പരീക്ഷിച്ചിരുന്നു. അന്നും ഏഴു വിക്കറ്റുകളാണ് സ്പിന്നര്‍മാര്‍ പങ്കിട്ടത്.
അവസാനമായി 2004ല്‍ ഓസ്‌ട്രേലിയയുമായി ദാംബുള്ളയില്‍ നടന്ന കളിയിലും 44 ഓവറുകള്‍ കൈകാര്യം ചെയ്തത് സ്പിന്നര്‍മാരാണ്. അഞ്ചു വിക്കറ്റുകളും അവര്‍ പോക്കറ്റിലാക്കി. അതേസമയം, ഇന്ത്യ ഒരിക്കല്‍പ്പോലും ഏകദിനത്തില്‍ 42ല്‍ കൂടുതല്‍ ഓവറുകള്‍ ഒരു കളിയില്‍ സ്പിന്നര്‍മാര്‍ക്കു നല്‍കിയിട്ടില്ല.
റെക്കോര്‍ഡ് ജസ്റ്റ് മിസ്സ്
ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ കളിയില്‍ നേരിയ വ്യത്യാസത്തിലാണ് ലോക റെക്കോര്‍ഡ് ഇന്ത്യ കൈവിട്ടു കളഞ്ഞത്. ഈ മല്‍സരത്തില്‍ 41.3 ഓവറുകളാണ് സ്പിന്നര്‍മാര്‍ ടീമിനായി ബൗള്‍ ചെയ്തത്. വെറും 3.4 ഓവറുകളുടെ വ്യത്യാസത്തിലാണ് ശ്രീലങ്കയുടെ ലോക റെക്കോര്‍ഡ് തിരുത്താനുള്ള അവസരം ഇന്ത്യ പാഴാക്കിയത്. 3.3 ഓവറുകളെറിഞ്ഞാല്‍ ലങ്കയുടെ ലോക റെക്കോര്‍ഡില്‍ പങ്കാളിയാവാനും ഇന്ത്യക്കു സാധിച്ചേനെ. പക്ഷെ ഇതു രണ്ടും നടന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നീ നാലു സ്പിന്നര്‍മാരെയാണ് കിവികള്‍ക്കെതിരേ ഇന്ത്യ പരീക്ഷിച്ചത്. കളി തീര്‍ന്നപ്പോള്‍ ഇവരില്‍ കുല്‍ദീപിന് മൂന്നു ബോളുകളും ജഡേജയ്ക്കു രണ്ടോവറുകളും ശേഷിക്കുന്നുണ്ടായിരുന്നു. വരുണും അക്ഷറും മാത്രമാണ് 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയത്.
ഒരു പാര്‍ട്ട്‌ടൈം സ്പിന്നര്‍ക്കു കളിയില്‍ രണ്ടോ, മൂന്നോ ഓവറുകള്‍ രോഹിത് ശര്‍മ നല്‍കിയിരുന്നെങ്കില്‍ ലങ്കയുടെ ലോക റെക്കോര്‍ഡ് ഉറപ്പായും തകര്‍ക്കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു. ഇന്ത്യ പരീക്ഷിച്ച നാലു സ്പിന്നര്‍മാരില്‍ വരുണാണ് ഫൈഫറുമായി കിവികളുടെ ചിറകരിഞ്ഞത്. കുല്‍ദീപ് രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ അക്ഷറിനും കുല്‍ദീപിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചിരുന്നു.