ദുബായ്: ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളിലെ സമ്പൂര്‍ണ വിജയത്തിനു ശേഷം ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്ന ടൂര്‍ണമെന്റിനെ കിരീട വിജയത്തോടെ തന്നെ ആഘോഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ നേടിയ 3-0ന്റെ ഏകപക്ഷീയ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും വേദിയാവുക ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയാണ്. സ്ഥിരം വേദിയായ പാകിസ്താനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാലാണ് ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം യുഎഇയിലേക്കു മാറ്റിയത്. അടുത്ത വ്യാഴാഴ്ച ബംഗ്ലാദേശുമായിട്ടാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. അതിനു ശേഷം ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായും ഇന്ത്യ പോരടിക്കും.
പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?
ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കലിലും ജയിക്കാനായാല്‍ ഇന്ത്യക്കു സെമിയിലേക്കു ടിക്കറ്റുറപ്പിക്കാം. മറിച്ചാണെങ്കില്‍ കാര്യങ്ങള്‍ കടുപ്പമാവുകയും ചെയ്യും. ഗ്രൂപ്പില്‍ ഇന്ത്യക്കു താരതമ്യേന എളുപ്പമെന്നു പറയാവുന്ന മല്‍സരം ബംഗ്ലാദേശുമായിട്ടുള്ളതാണ്. ഇതില്‍ വലിയൊരു മാര്‍ജിനില്‍ തന്നെ ജയിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്നുറപ്പാണ്. പക്ഷെ ബംഗ്ലാദേശിനെതിരേ ഇന്ത്യ ഒരുപക്ഷെ പതറാനിടയുണ്ട്. ഇതിന്റെ കാരണമറിയാം.

എന്തുകൊണ്ട് ഭയക്കണം?
ബംഗ്ലാദേശുമായുള്ള ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു തിരിച്ചടി നേരിട്ടേക്കാനുള്ള പ്രധാന കാരണം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലായ്മയാണ്. ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യന്‍ ടീം ഇവിടെ സന്നാഹ മല്‍സരങ്ങളൊന്നും കളിക്കുന്നില്ല. ഇതു കാരണം പിച്ചിന്റെ സ്വഭാവം വ്യക്തമായി അറിയാന്‍ ഇന്ത്യക്കു സാധിക്കാതെ വരികയും ചെയ്യും.
സാധാരണയായി വലിയ ടൂര്‍ണമെന്റുകള്‍ക്കു മുന്നോടിയായി ഇന്ത്യന്‍ ടീം സന്നാഹ മല്‍സരങ്ങള്‍ കളിക്കാറുണ്ട്. ഇതു അവിടുത്തെ പിച്ചിനെയും സാഹചര്യങ്ങളെയും കുറിച്ചുമെല്ലം താരങ്ങള്‍ക്കു കൃത്യമായ ധാരണയും നല്‍കും. അതിനു അനുസരിച്ച് തങ്ങളുടെ ഗെയിമില്‍ ചില മാറ്റങ്ങള്‍ വരുത്താനും ഇതു താരങ്ങളെ സഹായിക്കാറുണ്ട്.
അവസാനമായി ഇന്ത്യ കളിച്ച പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റ് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പായിരുന്നു. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമായിരുന്നു ടൂര്‍ണമെന്റിനു സംയുക്ത ആതിഥേയരായത്. ഇന്ത്യയുടെ ഗ്രൂപ്പ് മല്‍സരങ്ങളെല്ലാം അമേരിക്കയിലായിരുന്നു.
ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തിനു തൊട്ടുമുമ്പ് ബംഗ്ലാദേശുമായി ഇന്ത്യ ഒരു സന്നാഹ മല്‍സരം കളിക്കുകയും ചെയ്തു. ഇതു അമേരിക്കന്‍ പിച്ചുകളുടെ സ്വഭാവത്തെപ്പറ്റി വ്യക്തമായി മനസ്സിലാക്കാന്‍ രോഹിത് ശര്‍മയെയും സംഘത്തെയും സഹായിച്ചിരുന്നു.
അമേരിക്കന്‍ പിച്ചുകള്‍ മറ്റിടങ്ങളെ അപേക്ഷിച്ച് വേഗത വളരെ കുറഞ്ഞതായിരുന്നു. ഈ കാരണത്താല്‍ റണ്ണെടുക്കാന്‍ ബാറ്റര്‍മാര്‍ ശരിക്കും ബുദ്ധമുട്ടുകയും ചെയ്തു. പിച്ചിനെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഇന്ത്യക്കു നല്‍കിയത് സന്നാഹ മല്‍സരമായിരുന്നു. ലോകകപ്പില്‍ കളിക്കാനിറങ്ങിയപ്പോള്‍ ഇതു ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു.
സന്നാഹ മല്‍സരം പകുതി ടീമുകള്‍ക്ക്
ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി ഇത്തവണ സന്നാഹ മല്‍സരങ്ങളില്‍ കളിക്കാത്തത് ഇന്ത്യ മാത്രമല്ല. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളില്‍ വെറും നാലു പേര്‍ മാത്രമാണ് സന്നാഹ മല്‍സരം കളിക്കുക. ശേഷിച്ചവര്‍ കാര്യമായ തയ്യാറെടുപ്പില്ലാതെയാണ് ആദ്യ പോരാട്ടത്തിനിറങ്ങുക.

ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരും സന്നാഹ മല്‍സരം കളിക്കുന്നില്ല. എന്നാല്‍ ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍, ബംഗ്ലദേശ് തുടങ്ങിയവരെല്ലാം സന്നാഹ മല്‍സരങ്ങളില്‍ കളിക്കും. പാകിസ്താന്‍ ടീമിനു സന്നാഹ മല്‍സരമില്ലെങ്കിലും പാകിസ്താന്‍ ഷഹീന്‍സ് എന്ന അവരുടെ എ ടീം സന്നാഹത്തില്‍ അണിനിരക്കുന്നുണ്ട്.
ഇന്നു മുതല്‍ 17 വരെ തിയ്യതികളിലാണ് സന്നാഹ മല്‍സരങ്ങള്‍. ഇന്നു അഫ്ഗാനിസ്താനും പാകിസ്താന്‍ ഷഹീന്‍സും ഏറ്റുമുട്ടും. 16ന് ന്യൂസിലാന്‍ഡ് അഫ്ഗാനിസ്താനെ നേരിടും. 17ന് രണ്ടു കളികളുണ്ട്. പാകിസ്താന്‍ ഷഹീന്‍സ് സൗത്താഫ്രിക്കയുമായും പാകിസ്താന്‍ ഷഹീന്‍സ് ബംഗ്ലാദേശുമായും പോരടിക്കും.