പാകിസ്താനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയാണ് ടീം ഇന്ത്യ അടുത്തതായി കളിക്കാനൊരുങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ്. പാകിസ്താനിലാണ് ചാംപ്യന്‍സ് ട്രോഫി നടക്കുകയെങ്കിലും ഇന്ത്യയുടെ മല്‍സരങ്ങള്‍ മറ്റൊരു രാജ്യത്തായിരിക്കും. പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ദുബായിലായിരിക്കുമെന്നാണ് സൂചനകള്‍.
പുതിയ കോച്ചായി എത്തിയിരിക്കുന്ന ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യ ആദ്യ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ പ്രകടനം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമായിരിക്കും. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ഈ ടൂര്‍ണമെന്റിനു ശേഷം വിരമിക്കാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷെ ചാംപ്യന്‍സ് ട്രോഫി നേട്ടവുമായി പടിയിറങ്ങുകയെന്നത് ഇരുവര്‍ക്കും കടുപ്പമായേക്കും.

ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫിക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതെങ്കിലും ഇന്ത്യ കിരീടം നേടാനുള്ള സാധ്യത കുറവാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. ടൂര്‍ണമെന്റില്‍ ഇന്ത്യ ചാംപ്യന്മാരായേക്കില്ലെന്നു പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
മോശം തയ്യാറെടുപ്പാണ് ഇന്ത്യക്കു തിരിച്ചടിയായി മാറുന്ന ആദ്യത്തെ കാരണം. ചാംപ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റിയാതിനാല്‍ ടൂര്‍ണമെന്റിനു മുമ്പ് മികച്ച തയ്യാറെടുപ്പിനായി ഇന്ത്യക്കു കൂടുതല്‍ ഏകദിന മല്‍സരങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ അതു ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ശ്രീലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഇനി ഈ വര്‍ഷം ഒരു ഏകദിന പരമ്പരയില്‍ പോലും ഇന്ത്യ കളിക്കുകയില്ല. പകരം ടെസ്റ്റ്, ടി20 പരമ്പരകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ഇന്ത്യക്കു ഇനിയൊരു ഏകദിന പരമ്പരയുള്ളത്. ഇംഗ്ലണ്ടുമായി മൂന്നു ഏകദിനങ്ങളിലാണ് ഇന്ത്യ ഏറ്റുമുട്ടുക. അതായത് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഏറ്റവും ശക്തമായ ഇലവനെ കണ്ടെത്താന്‍ ഇന്ത്യക്കു ബാക്കിയുള്ളത് വെറും മൂന്ന് കളികള്‍ മാത്രം. ഇതു തീര്‍ച്ചയായും നിര്‍ഭാഗ്യകരമായ കാര്യം തന്നെയാണ്.
സ്പിന്‍ ബൗളിങിനെതിരേയുള്ള ദൗര്‍ബല്യമാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന രണ്ടാമത്തെ ഘടകം. ശ്രീലങ്കയുമായുള്ള പരമ്പരയില്‍ സ്പിന്‍ ബൗളിങിനെതിരേ ഇന്ത്യയുടെ വീക്ക്‌നെസ് മറനീക്കി പുറത്തു വന്നിരുന്നു. ബോള്‍ ടേണ്‍ ചെയ്യുന്ന സ്ലോ പിച്ചുകളില്‍ ഇന്ത്യുയുടെ ലോകോത്തര ബാറ്റിങ് നിര എത്ര മാത്രം വലിയ ദുരന്തമാണെന്നു ലങ്കന്‍ ബൗളര്‍മാര്‍ കാണിച്ചുതന്നു.

ചാംപ്യന്‍സ് ട്രോഫിയിലും വേഗം കുറഞ്ഞ, സ്ലോ പിച്ചുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ ബാറ്റിങ് നിര വീണ്ടും വെള്ളം കുടിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ലങ്കയുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു നഷ്ടമായ 30 വിക്കറ്റുകളില്‍ 27ഉം സ്വന്തമാക്കിയത് സ്പിന്നര്‍മാരാണ്.
നാലോ, അതില്‍ കുറച്ചോ മല്‍സരങ്ങളുള്ള ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്കു ഒരു ടീം ഇത്രയുമധികം വിക്കറ്റുകള്‍ സമ്മാനിച്ചതും ഇതാദ്യമാണെന്നു കണക്കുകള്‍ പറയുന്നു. സ്പിന്നര്‍മാര്‍ക്കെതിരേയുള്ള ദൗര്‍ബല്യം എത്രയും വേഗം പരിഹരിച്ചെങ്കില്‍ മാത്രമേ ചാംപ്യന്‍സ് ട്രോഫിയില്‍ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ടതുള്ളൂ.
പുതിയ കോച്ചായ ഗംഭീറിന്റെ തലതിരിഞ്ഞ പരീക്ഷണങ്ങളാണ് ഇന്ത്യക്കു ക്ഷീണമായി മാറുന്ന മൂന്നാമത്തെ കാരണം. ലങ്കയ്‌ക്കെതിരേ അദ്ദേഹം നടത്തിയ അനാവശ്യ പരീക്ഷണങ്ങളാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മുന്‍ കോച്ചായ രാഹുല്‍ ദ്രാവിഡ് നാലും അഞ്ചും സ്ഥാനങ്ങളില്‍ ഇന്ത്യക്കു സമ്മാനിച്ച വിശ്വസ്തരാണ് ശ്രേയസ് അയ്യരും കെഎല്‍ രാഹുലും.
പക്ഷെ ഇവര്‍ക്കു ഗംഭീര്‍ ഈ പൊസിഷന്‍ ഏകദിന പരമ്പരയില്‍ നല്‍കിയില്ല. മാത്രമല്ല ബാറ്റിങില്‍ കൂടുതല്‍ താഴേക്കു ഇറക്കുകയും ചെയ്തു. ഗംഭീര്‍ തുടര്‍ന്നും ഇതുപോലെയുള്ള ചൂതാട്ടങ്ങള്‍ തുടരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയാവുമ്പോഴേക്കും ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡര്‍ കുളമായേക്കുകയും ചെയ്യും.