ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനു 250 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയെ തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെയും ബൗളിങിലും കിവികള്‍ ഒമ്പതു വിക്കറ്റിനു 249 റണ്‍സിലൊതുക്കുകയായിരുന്നു. ശ്രേയസ് അയ്യരുടെ (79) ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ 45ഉം അക്ഷര്‍ പട്ടേല്‍ 42 റണ്‍സും അടിച്ചെടുത്തു.
45 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കമാണ് ഹാര്‍ദിക് ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്‌കോററായത്. എന്നാല്‍ ഈ മല്‍സരത്തില്‍ അവസാന ഓവറുകളില്‍ ബാറ്റിങ് പങ്കാളിയും ഫാസ്റ്റ് ബൗളറുമായ മുഹമ്മദ് ഷമിക്കു ഹാര്‍ദിക് പല തവണ സിംഗിളുകള്‍ നിഷേധിച്ചിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകരില്‍ നിന്നുയരുന്നത്. അദ്ദേഹം ചെയ്തത് ശരിയായില്ലെന്നും ഷമിയില്‍ കുറേക്കൂടി വിശ്വാസം കാണിക്കാമായിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹാര്‍ദിക് ചെയ്‌തെന്ത്?
മാറ്റ് ഹെന്‍ട്രിയെറിഞ്ഞ 46ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ രവീന്ദ്ര ജഡേജ (16) പുറത്തായ ശേഷമാണ് മുഹമ്മദ് ഷമി ഒമ്പതാമനായി ക്രീസിലെത്തിയത്. ഇന്ത്യ അപ്പോള്‍ ഏഴു വിക്കറ്റിന് 223 റണ്‍സെന്ന നിലയിലായിരുന്നു. കൈല്‍ ജാമിസണ്‍ എറിഞ്ഞ 47ാം ഓവറില്‍ ഇന്ത്യക്കു നേടാനായത് രണ്ടു റണ്‍സ് മാത്രം.
മാറ്റ് ഹെന്‍ട്രിക്കായിരുന്നു 48ാം ഓവര്‍. ആദ്യ ബോളില്‍ ഷമി സിംഗിളെടുത്തു. അടുത്ത ബോള്‍ ഹാര്‍ദിക് ഡീപ്പ് മിഡ് വിക്കറ്റിലേക്കാണ് കളിച്ചത്. അനായാസം സിംഗിളും ലഭിക്കേണ്ടതായിരുന്നു. പക്ഷെ സിംഗിള്‍ വേണ്ടെന്നു ഷമിയോടു ഹാര്‍ദിക് ആംഗ്യം കാണിച്ചു. അടുത്തത് ഷോര്‍ട്ട് ബോളായിരുന്നു. ഡീപ്പ് സ്‌ക്വയര്‍ ലെഗിലേക്കു ഒരു പുള്‍ ഷോട്ടാണ് ഹാര്‍ദിക് കളിച്ചത്.
സിംഗിളിനായി ഷമി ക്രീസിന്റെ പകുതിയിലേറെ ദൂരം ഓടിയിരുന്നു. ഹാര്‍ദിക്കും പകുതിയോളം ഓടിയെത്തിയ ശേഷം സിംഗിള്‍ വേണ്ടെന്നു പറഞ്ഞ് ഷമിയോടു തിരികെ ഓടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടരെ രണ്ടു ബോളില്‍ സിംഗിള്‍ നിഷേധിച്ച ശേഷം ഹാര്‍ദിക് അടുത്ത ബോളില്‍ ഷമിക്കു സ്‌ട്രൈക്ക് നല്‍കുകയും ചെയ്തു. ഈ ഓവറില്‍ വെറും നാലു റണ്‍സ് മാത്രമേ ഇന്ത്യക്കു ലഭിച്ചുള്ളൂ.
അടുത്ത ഓവര്‍ ഇന്ത്യക്കു മികച്ചതായിരുന്നു. ജാമിസണിന്റെ ഓവറില്‍ തുടരെ രണ്ടു ഫോറും ഒരു സിക്‌സറും ഹാര്‍ദിക് പറത്തിയപ്പോള്‍ ടീം ടോട്ടലിലേക്കു വന്നത് 15 റണ്‍സാണ്. അവസാന ഓവര്‍ ഹെന്‍ട്രിക്കായിരുന്നു. ഈ ഓവറിലെ രണ്ടാമത്തെ ബോളില്‍ വീണ്ടുമൊരു സിംഗിള്‍ കൂടി ഷമിക്കു ഹാര്‍ദിക് നിഷേധിച്ചിരുന്നു.
ശരീരത്തിനു നേരെ വന്ന ഷോര്‍ട്ട് ബോളിനെതിരേ അദ്ദേഹം പുള്‍ ഷോട്ടാണ് കളിച്ചത്. പക്ഷെ വീണ്ടും ഷമിക്കു സിംഗിള്‍ നിഷേധിച്ച ഹാര്‍ദിക് സ്വയം സ്‌ട്രൈക്ക് നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ മൂന്നാമത്തെ ബോളില്‍ താരം പുറത്താവുകയും ചെയ്തു. ഷമിക്കു ഹാര്‍ദിക് സിംഗിളുകള്‍ നിഷേധിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടോട്ടല്‍ 250 റണ്‍സും അനായാസം പിന്നിട്ടേനെ.

ഹാര്‍ദിക്കിനു വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ സ്വാര്‍ഥനായ മറ്റൊരു ക്രിക്കറ്റര്‍ ലോകത്തുണ്ടാവില്ല. ബാറ്റിങില്‍ കന്റെ പങ്കാളിയായ താരത്തിന് അദ്ദേഹം സെഞ്ച്വറി നിഷേധിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്.
അതു മാത്രമല്ല സിംഗിളുകളും ഹാര്‍ദിക് നിഷേധിക്കുന്നത് പലപ്പോഴും കാണാം. ഈ മല്‍സരത്തില്‍ നിര്‍ഭാഗ്യവശാല്‍ മുഹമ്മദ് ഷമിക്കാണ് ഇതു നേരിടേണ്ടി വന്നതെന്നും ആരാധകര്‍ കുറിക്കുന്നു.
ഇന്ത്യക്കു 249 റണ്‍സ് മാത്രമേ ഈ കളിയില്‍ നേടാനായുള്ളൂ. മുഹമ്മദ് ഷമിക്കു ഹാര്‍ദിക് പാണ്ഡ്യ സിംഗിളുകള്‍ നിഷേധിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ 255-260 റണ്‍സെങ്കിലും സ്‌കോര്‍ചെയ്യുമായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയാണങ്കില്‍ അതില്‍ ഹാര്‍ദിക്കിനും തീര്‍ച്ചയായും ഒരു പങ്കുണ്ടാവുമെന്നും ക്രിക്കറ്റ് പ്രേമികള്‍ തുറന്നടിക്കുന്നു.