ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് പോരാട്ടത്തെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ പാക് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. പാക് ടീമിനെതിരേയുള്ള മല്‍സരത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ കാരണം അക്രം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ മാസം 23നു ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്.
ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും രണ്ടാമത്തെ മല്‍സരം കൂടിയാണിത്. ഗ്രൂപ്പ് എയിലാണ് ചിരവൈരികളുടെ ഈ പോരാട്ടം. 2017ലെ അവസാനത്തെ എഡിഷനിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു വിരാട് കോലി നയിച്ച ഇന്ത്യ തകര്‍ത്ത് പാകിസ്താന്‍ കന്നിക്കിരീടവും സ്വന്തമാക്കി. ഈ തോല്‍വിക്കു കണക്കു തീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കു സംഘത്തിനും ഇത്തവണ ലഭിച്ചിരിക്കുന്നത്.

ഇന്ത്യക്കു മേല്‍ക്കൈ
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായിലാണ്. പാകിസ്താന്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനാലാണ് മല്‍സരങ്ങള്‍ ദുബായിലേക്കു മാറ്റിയത്. ദുബായിലെ പിച്ചും ടീം കോമ്പിനേഷനുമെല്ലാം ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂട്ടായി മാറുമെന്നാണ് വസീം അക്രമിന്റെ നിരീക്ഷണം.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം ദുബായിലാണ് നടക്കാനിരിക്കുന്നത്. ദുബായില്‍ ഇപ്പോഴുള്ള വിക്കറ്റില്‍ പുല്ലൊന്നുമില്ല. അതുകൊണ്ടു തന്നെ ബോള്‍ ഗ്രിപ്പ് ചെയ്യുന്നുമുണ്ട്. ഒരു സ്പിന്നറും ഒരു പാര്‍ട്ട് ടൈം സ്പിന്നറുമായിട്ടാണ് പാകിസ്താന്റെ വരവ്. എന്നാല്‍ ഇന്ത്യയുടെ പക്കല്‍ മൂന്ന്- നാല് സ്പിന്നര്‍മാരുണ്ട്. ഇതു തീര്‍ച്ചയായും വ്യത്യാസമുണ്ടാക്കുക തന്നെ ചെയ്യും. പാകിസ്താനെതിരേ ഇന്ത്യക്കു ഇതു മുന്‍തൂക്കവും നല്‍കിയേക്കുമെന്നും അക്രം വിലയിരുത്തി.
ടീം സെലക്ഷനെതിരേ അക്രം
ചാംപ്യന്‍സ് ട്രോഫിക്കുള്ള പാകിസ്താന്റെ ടീമിനെതിരേ ചില വിമര്‍ശനങ്ങളുന്നയിക്കാനും വസീം അക്രം മറന്നില്ല. ഓള്‍റൗണ്ടര്‍ ഫഹീം അഷ്‌റഫിന്റെ സമീപകാലത്തെ ഫോമിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. അടുത്തിടെ പ്രഖ്യാപിച്ചിട്ടുള്ള പാകിസ്താന്‍ ടീമിനെ ഞാന്‍ കണ്ടിരുന്നു. പക്ഷെ ടീമിലേക്കു ഗൗരവമായി ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ചില പ്രശ്‌നങ്ങള്‍ ടീമിനുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്.
ഫഹീം അഷ്‌റഫ് പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവനു ഞാന്‍ എല്ലാ വിധ ആശംസകളും നേരുകയാണ്. പ്രതിഭാശാലിയായ ക്രിക്കറ്ററാണ് ഫഹീം. പക്ഷെ അവസാനത്തെ 20 മല്‍സരങ്ങളില്‍ അവന്റെ ബൗളിങ് ശരാശരി 100ഉം ബാറ്റിങ് ശരാശരി ഒമ്പതുമാണ്.
തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഫഹീം ടീമിലേക്കു വന്നത്. ഖുശ്ദിലും (ഖുശ്ദില്‍ ഷാ) ടീമിലെ സര്‍പ്രൈസ് എന്‍ട്രിയാണ്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ടൂര്‍ണമെന്റിനായി പാക് ടീം കൊണ്ടുപോവുന്നത്. മറുഭാഗത്തു മൂന്ന്- നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യയുടെ വരവ്.

പാകിസ്താന്‍ ടീമിനു എല്ലാവിധ ആശംസകളും ഞാന്‍ നേരുകയാണ്. ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും അവര്‍ക്കുണ്ടാവും. എങ്കിലും പാകിസ്താന്‍ ടീം സെമി ഫൈനലില്‍ എത്തുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അക്രം വിശദമാക്കി.
ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11
പാകിസ്താന്റെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡ്
ഫഖര്‍ സമാന്‍, ബാബര്‍ ആസം, കമ്രാന്‍ ഗുലാം, സൗദ് ഷക്കീല്‍, തയ്യബ് താഹിര്‍, ഫഹീം അഷ്റഫ്, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഖുഷ്ദില്‍ ഷാ, സല്‍മാന്‍ ആഗ, ഉസ്മാന്‍ ഖാന്‍, അബ്രാര്‍ അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് ഹസ്നൈന്‍, ഹാരിസ് റൗഫ്, നസീം ഷാ.