ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണത്തെ വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ പാകിസ്താന്‍ നായകര്‍. മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രവും മധ്യനിര ബാറ്ററായിരുന്ന മിസ്ബാഹുല്‍ ഹഖുമാണ് ആരാവും കിരീടം ചൂടുകയെന്നു പറഞ്ഞിരിക്കുന്നത്. ടെന്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ഞായറാഴ്ചാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോര് നടക്കാനിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇരുടീമുകളും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗ്രൂപ്പഘട്ടത്തില്‍ കൊമ്പുകോര്‍ത്തപ്പോള്‍ കിവികളെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇനി ഫൈനലിലും ജയമാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ.

60-40 % സാധ്യത
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള കിരീടപ്പോകില്‍ ആര്‍ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനില്ലെന്നാണ് വസീം അക്രം ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും നേരിയ മുന്‍തൂക്കം ഇന്ത്യക്കാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലില്‍ 60-40 ശതമാനം സാധ്യതയാണ് ഇരുടീമുകള്‍ക്കുമുള്ളതെന്നു ഞാന്‍ വിശ്വസിക്കുന്നു. 60 ശതമാനം ഇന്ത്യക്കും 40 ശതമാനം കിവികള്‍ക്കുമാണ് കിരീട സാധ്യതയുള്ളത്. ന്യൂസിലാന്‍ഡ് ടീം നേരത്തേ ദുബായില്‍ കളിച്ചിട്ടുള്ളതാണ്. അവിടെയുള്ള സാഹചര്യങ്ങള്‍ എങ്ങനെയാണെന്നു അവര്‍ക്കു അറിയുകയും ചെയ്യാം.
ന്യൂസിലാന്‍ഡ് നിരയില്‍ മൂന്നു സ്പിന്‍ ബൗളര്‍മാരുണ്ട്. അതുകൊണ്ടു തന്നെ ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാനു അവര്‍ക്കു സാധിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഫൈനലില്‍ ഇന്ത്യ തന്നെ ഉറപ്പായും ജയിക്കുമെന്നു പറയുക ബുദ്ധിമുട്ടായിരിക്കുമെന്നും അക്രം വിശദമാക്കി.
പോരാട്ടം ഇഞ്ചോടിഞ്ച്
ന്യൂസിലാന്‍ഡുമായുള്ള ഫൈനലില്‍ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കമെന്നു വസീം അക്രം പ്രവചിച്ചെങ്കിലും മിസ്ബാഹുല്‍ ഹഖ് ആരെയും വിജയിയായി തിരഞ്ഞെടുക്കാന്‍ തയ്യാറായില്ല.
ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും മികച്ച രണ്ടു ടീമുകളാണ് ഫൈനലില്‍ കളിക്കുന്നത്. ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും ടീമുകള്‍ വളരെയധികം സന്തുലിതമാണ്. രണ്ടു ടീമുകളും ടൂര്‍ണമെന്റില്‍ നല്ല ക്രിക്കറ്റ് കാഴ്ചവയ്ക്കുകയും ചെയ്തു. ഫൈനലിലെ സാഹര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഒരുപോലെ മികച്ചതു തന്നെ.

ഇന്ത്യ തന്നെയാണ് തീര്‍ച്ചയായും ഫേവറിറ്റ്. അവര്‍ വളരെ നല്ല ക്രിക്കറ്റ് പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വലിയ ആത്മവിശ്വാസത്തെയാവും ഫൈനലില്‍ ഇന്ത്യയിറങ്ങുക. ദുബായിലെ സാഹര്യങ്ങളെക്കുറിച്ച് അവര്‍ക്കു നന്നായി അറിയാം.
പക്ഷെ ഫൈനലില്‍ ഇന്ത്യയുടെ മുന്നിലുള്ള ടീം ന്യൂസിലാന്‍ഡാണ്. ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവര്‍ക്കു കഴിയും. കിവി ടീം ഇതുവരെ പുറത്തെടുത്ത കളി നോക്കുമ്പോള്‍ ഫൈനല്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ ആയിരിക്കുമെന്നും മിസ്ബാഹ് വിശദമാക്കി.
കണക്കുകളില്‍ മുന്നിലാര്
ഏകദിന ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെതിരേ നേരിയ മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്. 119 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇതില്‍ 61 മല്‍സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് 50 കളിയിലും വിജയം കൊയ്തു. ഏഴു കളികള്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയുമായിരുന്നു.
അതേസമയം, അവസാമായി കളിച്ചിട്ടുള്ള ആറു ഏകദിനങ്ങളെടുത്താല്‍ ഒന്നില്‍പ്പോലും ന്യൂസിലാന്‍ഡിനോടു ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. 2023 ജനുവരി 18നു ശേഷം കളിച്ച എല്ലാ കളിയിലും കിവികളെ ഇന്ത്യ കെട്ടുകെട്ടിച്ചു.
2023ലെ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലും സെമി ഫൈനലിലും ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. രണ്ടിലും വിജയം ഇന്ത്യക്കായിരുന്നു. സെമിയില്‍ 70 റണ്‍സിനാണ് കിവികളെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്.