വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ പാകിസ്താനെ കെട്ടുകെട്ടിച്ച് ആധിപത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ പാക് പടയെ ആറു വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും തുരത്തിയത്. ഇതോടെ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ ഉറപ്പാക്കിയപ്പോള്‍ പാക് പട പുറത്താവലിന്റെ വക്കിലുമാണ്.
സമീപകാലത്തൊന്നും ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ വിജയം കൊയ്യാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ സ്വന്തം ടീമിന്റെ തുടര്‍ പരാജയങ്ങള്‍ പാക് ആരാധകരെയും ഏറെ നിരാശരും ദുഖിതരുമാക്കുന്നുണ്ട്. ഇതിനിടെ ഒരു പാക് മാധ്യമ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയാണ് വൈറലാവുന്നത്. ഐസിസിയോടു ഒരു പ്രത്യേക അഭ്യര്‍ഥനയും ഇതില്‍ അദ്ദേഹം നടത്തിയിരിക്കുകയാണ്.

ഐസിസിയോടുള്ള അഭ്യര്‍ഥന
പാകിസ്താനിലെ പ്രമുഖ മാധ്യമങ്ങളിലൊന്നായ ഡോണ്‍ ന്യൂസിലെ (Dawn News) സ്‌പോര്‍ട്‌സ് ലേഖകനും റിപ്പോര്‍ട്ടറുമായ ഇമ്രാന്‍ സാദിഖാണ് എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ ഐസിസിയോടു പ്രത്യേക അഭ്യര്‍ഥന നടത്തിയത്.
പാകിസ്താന്‍ ടീമിന്റെ ആരാധകനെന്ന നിലയില്‍ ഐസിസിയോടു ഞാന്‍ ഒരു കാര്യം അഭ്യര്‍ഥിക്കുകയാണ്. പാകിസ്താനെയും ഇന്ത്യയെയും ഇനിയെങ്കിലും വ്യത്യസ്ത ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഐസിസി പരിഗണിക്കണം. വര്‍ഷങ്ങളായി ഇന്ത്യയോടു നേരിട്ടു കൊണ്ടിരിക്കുന്ന തോല്‍വികളും നാണക്കേടുകളും കാരണം ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്.
പാക് മാധ്യമപ്രവര്‍ത്തകന്‍ പങ്കുവച്ച വീഡിയോ കാണാം
ഇരുടീമുകളെയും വ്യത്യസ്ത ഗ്രൂപ്പുകളിലേക്കു മാറ്റുകയെന്നത് ഭാവിയിലും സാധ്യമല്ലെങ്കില്‍ നിങ്ങള്‍ മറ്റൊരു കാര്യം ചെയ്താലും മതി. ഇന്ത്യ- പാക് പോരാട്ടങ്ങളിലൂടെ നിങ്ങള്‍ക്കു ലഭിക്കുന്ന വലിയ ലാഭത്തിന്റെ ഒരു പങ്ക് പാകിസ്താന്‍ ആരാധകര്‍ക്കു നല്‍കണം.
അങ്ങനെയെങ്കില്‍ ഈ മല്‍സരത്തെ തുടര്‍ന്നു ഞങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കു ഏതെങ്കിലുമൊരു ആശുപത്രിയില്‍ പോയി ചികില്‍സ തേടാം. ഞങ്ങള്‍ക്കു ഇനിയും ഈ ദുരന്തങ്ങള്‍ സഹിക്കാനുള്ള ശേഷിയില്ലെന്നും കൈകൂപ്പിക്കൊണ്ട് വീഡിയോയില്‍ ഇമ്രാന്‍ സാദിഖ് പറയുന്നു.
ആധിപത്യം തുടര്‍ന്ന് ഇന്ത്യ
ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ വലിയ ആധിപത്യമാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഏകദിനം, ടി20 എന്നിവയിലായി ഇതുവരെ നടന്നിട്ടുള്ള ലോകകപ്പുകളില്‍ 15 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 14 തവണയു വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പാക് ടീമിനു ജയിക്കാനായത് ഒന്നില്‍ മാത്രമാണ്.
ഏകദിന ലോകകപ്പില്‍ ഇതിനകം ഏറ്റുമുട്ടിയ എട്ടു മല്‍സരങ്ങളിലും പാക് ടീമിനെ തീര്‍ക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ടി20 ലോകകപ്പിലാവട്ടെ എട്ടു കളിയിലാണ് ഇരുടീമുകളും ശക്തി പരീക്ഷിച്ചത്. ഇതില്‍ ഏഴും ഇന്ത്യ ജയിച്ചപ്പോള്‍ ഒന്നില്‍ മാത്രമേ പാക് ടീമിനു ജയിക്കാനായിട്ടുള്ളൂ. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പു ഘട്ടത്തിലായിരുന്നു ഇന്ത്യക്കെതിരേ അവരുടെ ഒരേയൊരു വിജയം.

അവസാനമായി പാകിസ്താനെതിരേ വിവിധ ടൂര്‍ണമെന്റുകളിലായി കളിച്ച ഏഴു മല്‍സരങ്ങളിലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ഏഷ്യാ കപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നീ നാലു ടൂര്‍ണമെന്റുകളും ഇതിലുള്‍പ്പെടും. അവസാന ഏഴു കളിയില്‍ ആറിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
2023ല്‍ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ പാക് ടീമിനെ തരിപ്പണമാക്കിയ ഇന്ത്യ കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലും അവരെ കെട്ടുകെട്ടിച്ചു. ഇവയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫിയിലും പാക് ടീമിനെ ഇന്ത്യ നിഷ്പ്രഭരാക്കിയിരിക്കുന്നത്.