ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. പാകിസ്താനെ ആറ് വിക്കറ്റിന് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 42.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. വിരാട് കോലിയുടെ സെഞ്ച്വറിയാണ് (100*) ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ശ്രേയസ് അയ്യര്‍ (56) അര്‍ധ സെഞ്ച്വറിയോടെ കസറി
പാകിസ്താന് മികച്ച തുടക്കം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്താന്റെ തുടക്കം മോശമായില്ല. ഇമാം ഉല്‍ ഹഖും (10) ബാബര്‍ അസമും ചേര്‍ന്ന് (23) 41 റണ്‍സിന്റെ കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചു. രണ്ട് പേരും ഇന്ത്യക്ക് വലിയ തലവേദനയാകുമെന്ന് തോന്നിക്കവെ ബാബറിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ രക്ഷകനായി. 26 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 23 റണ്‍സാണ് ബാബര്‍ അസം നേടിയത്. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ബാബറിന്റെ മടക്കം. പിന്നാലെ ഇമാം ഉല്‍ ഹഖും പുറത്തായി. 26 പന്തില്‍ 10 റണ്‍സെടുത്ത ഇമാം റണ്ണൗട്ടായാണ് മടങ്ങിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ അക്ഷര്‍ പട്ടേലിന്റെ ത്രോയിലാണ് ഇമാം മടങ്ങിയത്.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി
ബാബറും ഇമാനും ചെറിയ ഇടവേളയില്‍ മടങ്ങിയതോടെ പാകിസ്താന്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ സൗദ് ഷക്കീലും (62) നായകന്‍ മുഹമ്മദ് റിസ്വാനും (46) ചേര്‍ന്ന് പാകിസ്താനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്ന് തോന്നിക്കവെ റിസ്വാനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഇന്ത്യയെ തിരികെ കൊണ്ടുവന്നു. പാകിസ്താന്‍ താരങ്ങള്‍ സാഹസിക ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ പതിയെ റണ്‍സുയര്‍ത്തിയതോടെ മധ്യ ഓവറുകളില്‍ മത്സരം വിരസമായി മാറി.
മധ്യനിരയെ പൂട്ടി സ്പിന്നര്‍മാര്‍
76 പന്തില്‍ 62 റണ്‍സെടുത്ത സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യ മടക്കിയതോടെ പാകിസ്താന്‍ സമ്മര്‍ദ്ദത്തിലായി. മധ്യ ഓവറുകളില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ കരുത്തുകാട്ടി. തയ്യാബ് താഹിറിനെ (4) ജഡേജ ക്ലീന്‍ബൗള്‍ഡാക്കി. സല്‍മാന്‍ ആഗയെ (19) കുല്‍ദീപ് യാദവും പുറത്താക്കി. ഷഹിന്‍ ഷാ അഫ്രീദിയേയും കുല്‍ദീപ് ഡെക്കിന് മടക്കി. നസീം ഷാ ഒരു സിക്‌സറടക്കം 14 റണ്‍സ് നേടി. എന്നാല്‍ കുല്‍ദീപ് യാദവ് താരത്തേയും മടക്കി. ഖുഷ്ദില്‍ ഷായെ (38) ഹര്‍ഷിത് റാണയുടെ മടക്കിയതോടെ 49.4 ഓവറില്‍ 241 റണ്‍സില്‍ പാകിസ്താന്‍ ഒതുങ്ങി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഹര്‍ഷിതും ജഡേജയും അക്ഷറും ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മ മടങ്ങി. 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 20 റണ്‍സെടുത്ത രോഹിത്തിനെ ഷഹീന്‍ ഷാ അഫ്രീദി ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ രോഹിത്തിന് സാധിക്കാതെ പോയി. രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് അടിത്തറ പാകി.
ശുബ്മാന്‍ ഗില്‍ 52 പന്തില്‍ 7 ബൗണ്ടറി ഉള്‍പ്പെടെ 46 റണ്‍സില്‍ നില്‍ക്കവെ അബ്രാര്‍ അഹമ്മദ് പുറത്താക്കി. അര്‍ധ സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന ഗില്ലിനെ ടേണിങ് പന്തില്‍ അബ്രാര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് കോലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോയി. രണ്ട് പേരും താളം കണ്ടെത്തിയതോടെ മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ന്നു. പാകിസ്താന്റെ മോശം ഫീല്‍ഡിങ്ങും ഇന്ത്യയെ സഹായിച്ചു.
അനായാസം ഇന്ത്യ വിജയത്തിലേക്ക്
കോലിയും ശ്രേയസ് അയ്യരും താളം കണ്ടെത്തിയതോടെ അനായാസം ഇന്ത്യ വിജയ ലക്ഷ്യത്തിലേക്കടുത്തു. അതിവേഗം വിജയത്തിലേക്കെത്താന്‍ വേഗത്തില്‍ ബാറ്റുവീശിയ ശ്രേയസ് അയ്യര്‍ 56 റണ്‍സുമായി മടങ്ങി. 67 പന്ത് നേരിട്ട് അഞ്ച് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സ് നേടിയ ശ്രേയസിനെ ഖുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാം ഉല്‍ ഹഖ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. ഹാര്‍ദിക് പാണ്ഡ്യ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്.
ലെഗ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ച് എട്ട് റണ്‍സുമായി ഹാര്‍ദിക് പുറത്തായി. എന്നാല്‍ അക്ഷറിനെ കൂട്ടുപിടിച്ച് കോലി ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. കോലി 111 പന്തില്‍ ഏഴ് ഫോറടക്കം 100 റണ്‍സോടെ പുറത്താവാതെ നിന്നു. അക്ഷര്‍ പട്ടേലും (3) ക്രീസില്‍ തുടര്‍ന്നു. ഇതോടെ ഇന്ത്യ 42.3 ഓവറില്‍ നാല് വിക്കറ്റിന് 244 റണ്‍സെടുത്ത് വിജയം നേടി.
പ്ലേയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ
പാകിസ്താന്‍- ഇമാം ഉല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (c), തയ്യാബ് താഹിര്‍, സല്‍മാന്‍ ആഗ, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ്, അബ്രാര്‍ അഹമ്മദ്