ദുബായ്: ബദ്ധവൈരികളായ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് വീണ്ടുമൊരു ഇടിവെട്ട് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ പാക് പടയെ ആറു വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും കശാപ്പ് ചെയ്തത്. തുടരെ രണ്ടാം ജയവുമായി സെമി ഫൈനലില്‍ സ്ഥാനവും ഇന്ത്യ ഉറപ്പാക്കി. പാക് ടീമിന്റെ സ്ഥിരം അന്തകനായ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ ഹീറോയായത്.
51ാം ഏകദിന സെഞ്ച്വറിയോടെ അദ്ദേഹം പാക് ടീമിനെ കശാപ്പ് ചെയ്യുകയായിരുന്നു. 111 ബോളില്‍ ഏഴു ഫോറുകടളടക്കം പുറത്താവാതെ 100 റണ്‍സാണ് കോലി കുറിച്ചത്. അതിനിടെ അദ്ദേഹത്തിന്റെ സെഞ്ച്വറി മനപ്പൂര്‍വ്വം തടയാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങളാണ് പാക് പേസര്‍ ഷഹീന്‍ അഫ്രീഡി നേരിടുന്നത്. സ്റ്റേഡിയത്തിലെ കാണികള്‍ കൂവി വിളിച്ചാണ് അദ്ദേഹത്തെ പരിഹസിച്ചത്. സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍നങ്ങളാണ് ഷഹീനെതിരേ ഉയരുന്നത്. എന്താണ് സംഭവിച്ചതെന്നു നോക്കാം.

ഷഹീന്‍ ചെയ്തതെന്ത്?
242 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ വളരെ അനായാസമാണ് ഇതിലേക്കു കുതിച്ചത്. 41 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 225 റണ്‍സെടുത്തിരുന്നു. 87 റണ്‍സുമായി വിരാട് കോലിയും ഒരു റണ്ണുമായി പുതുതായെത്തിയ അക്ഷര്‍ പട്ടേലുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 17 റണ്‍സ് മാത്രം, കോലിക്കു സെഞ്ച്വറി കുറിക്കാന്‍ വേണ്ടത് 13 റണ്‍സുമായിരുന്നു.
ഇന്ത്യന്‍ ജയത്തിനൊപ്പം കോലിയുടെ സെഞ്ച്വറി കൂടി കാണാന്‍ ആരാധകരും ആഗ്രഹിച്ചിരുന്നു. 42ാമത്തെ ഓവര്‍ ബൗള്‍ ചെയ്യാത്തെിയത് ഷഹീന്‍ അഫ്രീഡിയാണ്. ആദ്യത്തെ ബോള്‍ നേരിട്ട അക്ഷര്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് കോലിക്കു കൈമാറി. അദ്ദേഹം ഒരു സിംഗിളാണ് രണ്ടാമത്തെ ബോളില്‍ നേടിയത്. എന്നാല്‍ മൂന്നാമത്തേത് ലെഗ്‌സൈഡിലേക്ക് ഒരു വൈഡാണ് ഷഹീന്‍ എറിഞ്ഞത്. അക്ഷറിനു മാത്രമല്ല വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ മുഹമ്മദ് റിസ്വാനും അതിലേക്കു എത്താനായില്ല.
ബൗണ്ടറിയാവുമെന്നുറപ്പിച്ച ഈ ബോള്‍ ലൈനിന് തൊട്ടരികില്‍ വച്ചാണ് ഫീല്‍ഡ് ചെയ്യപ്പെട്ടത്. രണ്ടോ, മൂന്നോ റണ്‍സ് കോലിക്കും അക്ഷറിനും അനായാസം ഓടിയെടുക്കാമായിരുന്നു. പക്ഷെ നേടിയത് സിംഗിള്‍ മാത്രം. ആദ്യ റണ്ണെടുത്ത ശേഷം കോലിക്കു സെഞ്ച്വറി തികയ്ക്കാന്‍ സ്‌ട്രൈക്ക് ലഭിക്കുന്നതിനായി അക്ഷര്‍ ഡബിള്‍ നിഷേധിക്കുകയായിരുന്നു. പക്ഷെ ഡബിളിനായി ശ്രമിക്കാതിരുന്നതില്‍ കോലി അത്ര ഹാപ്പിയായല്ല കാണപ്പെട്ടത്.
സ്‌ട്രൈക്ക് നേരിട്ട കോലിക്കെതിരേ ഒരു വൈഡാണ് ഷഹീന്‍ എറിഞ്ഞത്. ഓഫ്സ്റ്റംപിന് ഏറെ പുറത്തുകൂടിയാണ് ബോള്‍ പോയത്. കോലി ഷോട്ടിനു ശ്രമിക്കാതെ അതൊഴിവാക്കുകയും ചെയ്തു. വീണ്ടുമൊരു വൈഡെറിഞ്ഞതോടെ ഷഹീനെതിരേ കാണികളുടെ ഭാഗത്തു നിന്നും കൂവലുകളും ഉയര്‍ന്നു.
അടുത്ത ബോളില്‍ കോലി ഡബിളെടുത്തു. തൊട്ടടുത്ത ബോളില്‍ വീണ്ടുമൊരു വൈഡ്. ഇത്തവണ ഒരു സ്ലോ ബൗണ്‍സറായിരുന്നു. വൈഡുകളെറിഞ്ഞ് ഷഹീന്‍ ഇന്ത്യയെ വിജയത്തിലേക്കു അടുപ്പിക്കവെ കോലിയുടെ സെഞ്ച്വറി ഈ ഘട്ടത്തില്‍ സംശയത്തിലാവുകയും ചെയ്തു.
ഷഹീന് പരിഹാസം
വലിയ രീതിയിലുള്ള പരിഹാസവും വിമര്‍ശനങ്ങളുമാണ് ഈ ഓവറിലെ ബൗളിങിന്റെ പേരില്‍ ഷഹീന്‍ അഫ്രീഡി നേരിട്ടത്. മൂന്നു വൈഡുകളാണ് അദ്ദേഹം ഈ ഓവറില്‍ എറിഞ്ഞത്. ലൂസേഴ്സ്, ലൂസേഴ്‌സ് എന്നു കൂവി വിളിച്ചായിരുന്നു സ്റ്റേഡിയത്തിലെത്തിയ കാണികള്‍ ഷഹീന്റെ ഈ മോശം ബൗളിങ് പ്രകടനത്തെ പരിഹസിച്ചത്. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഷഹീനെ വെറുതെവിട്ടില്ല.

വിരാട് കോലി സെഞ്ച്വറിയെന്ന നാഴികക്കല്ല് എത്തരുതെന്നാണ് ഷഹീന്‍ അഫ്രീഡി ആഗ്രഹിച്ചത്. അതിനു വേണ്ടിയാണ് മനപ്പൂര്‍വ്വം ചില വൈഡുകള്‍ അദ്ദേഹമെറിഞ്ഞത്. ഷഹീന്‍ എല്ലായ്‌പ്പോഴും ഒരു വിഷപ്പാമ്പ് തന്നെയാണ്. കൂടാതെ നിരാശനായ ആത്മാവും ശരാശരി പാകിസ്താനിയുമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിക്കുന്നു.
ഷഹീന്‍ അഫ്രീഡി എന്തൊരു തോല്‍വിയാണ്. സ്വന്തം ടീമിന്റെ പരാജയമുറപ്പായ ഘട്ടത്തില്‍ വിരാട് കോലിയുടെ സെഞ്ച്വറിയെങ്കും തടയാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ അതില്‍ ദയനീയമായി പരാജയപ്പെട്ടതായും ആരാധകര്‍ പരിഹസിക്കുന്നു.