ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ടൂര്‍ണമെന്റ് ആരംഭിച്ചിരിക്കുന്നത്. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും ശുബ്മാന്‍ ഗില്ലിന്റെ (101*) സെഞ്ച്വറിയുമാണ് ഇന്ത്യക്ക് അനായാസ ജയം നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 21 പന്ത് ബാക്കിയാക്കി 6 വിക്കറ്റിന്റെ വിജയമാണ് നേടിയെടുത്തത്.
മികവ് കാട്ടി പേസര്‍മാര്‍
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഓപ്പണര്‍ സൗമ്യ സര്‍ക്കാരെ (0) ആദ്യ ഓവറില്‍ത്തന്നെ മുഹമ്മദ് ഷമി പുറത്താക്കി. രണ്ടാം ഓവറില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ (0) ഹര്‍ഷിത് റാണയും മടക്കിയപ്പോള്‍ മെഹതി ഹസന്‍ മിറാസിനും (5) കാര്യമായൊന്നും ചെയ്യാനായില്ല. ഷമിയാണ് മിറാസിനേയും പുറത്താക്കിയത്. ഇതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. ഒമ്പതാം ഓവറില്‍ അക്ഷര്‍ പട്ടേലിനെ കൊണ്ടുവന്ന രോഹിത് ശര്‍മയുടെ തന്ത്രം ഫലംകണ്ടു.
25 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 25 റണ്‍സ് നേടിയ തന്‍സിദ് ഹസനെ അക്ഷര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. മനോഹരമായ ക്യാച്ചായിരുന്നു ഇത്. തൊട്ടടുത്ത പന്തില്‍ സീനിയര്‍ താരവും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖര്‍ റഹീമിനെ അക്ഷര്‍ ഗോള്‍ഡന്‍ ഡെക്കാക്കി. ഇത്തവണയും രാഹുലിന്റെ ക്യാച്ചിലായിരുന്നു മടക്കം. ഇതോടെ 9 ഓവറില്‍ 5 വിക്കറ്റിന് 35 റണ്‍സെന്ന നിലയില്‍ വലിയ ബാറ്റിങ് തകര്‍ച്ചയാണ് ബംഗ്ലാദേശിന് നേരിടേണ്ടി വന്നത്.
ആറാം വിക്കറ്റ് കൂട്ടുകെട്ട് രക്ഷിച്ചു
ബംഗ്ലാദേശ് 100ല്‍ ഒതുങ്ങുമെന്ന് തോന്നിക്കവെയാണ് ആറാം വിക്കറ്റില്‍ ജാക്കര്‍ അലിയും തൗഹിദ് ഹൃദോയിയും ബംഗ്ലാദേശിന്റെ രക്ഷക്കെത്തുന്നത്. ജാക്കര്‍ അലിയെ ഗോള്‍ഡന്‍ ഡെക്കാക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചതാണ്. അക്ഷര്‍ പട്ടേലിന്റെ പന്തില്‍ രോഹിത് ശര്‍മക്ക് താരം ക്യാച്ച് നല്‍കിയെങ്കിലും രോഹിത്തിനത് കൈയിലൊതുക്കാനായില്ല. രോഹിത് ക്യാച്ച് പാഴാക്കിയതോടെ അക്ഷറിന് ഹാട്രിക്കും നഷ്ടമായി. ജാക്കര്‍ അലിയുടെ ക്യാച്ച് ഹാര്‍ദിക് പാണ്ഡ്യയും സ്റ്റംപിങ് അവസരം കെ എല്‍ രാഹുലും പാഴാക്കി.
അഞ്ച് വിക്കറ്റുമായി ഷമി
ഇതെല്ലാം മുതലാക്കിയ താരം അര്‍ധ സെഞ്ച്വറിയോടെ ബംഗ്ലാദേശിന് കരുത്തായി. 114 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 68 റണ്‍സ് നേടിയാണ് ജാക്കര്‍ അലി പുറത്താവുന്നത്. 154 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ജാക്കര്‍ മടങ്ങിയത്. മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റിഷാദ് ഹൊസൈന്‍ (12 പന്തില്‍ 18) ഒരു ഫോറും രണ്ട് സിക്‌സും പറത്തി ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ വലിയ അപകടം വിതക്കും മുമ്പ് ഹര്‍ഷിത് റാണ പുറത്താക്കി. തന്‍സിം ഹസന്‍ സക്കീബിനെ (0) ഷമി ക്ലീന്‍ബൗള്‍ഡാക്കി. ടസ്‌കിന്‍ അഹമ്മദിനെ (3) പുറത്താക്കി ഷമി അഞ്ച് വിക്കറ്റും പൂര്‍ത്തിയാക്കി.

ഒരുവശത്ത് പൊരുതി നിന്ന തൗഹിദ് ഹൃദോയിയെ (100) ഹര്‍ഷിത് റാണയും പുറത്താക്കിയതോടെ രണ്ട് പന്ത് ബാക്കിയാക്കി 228 റണ്‍സില്‍ ബംഗ്ലാദേശ് കൂടാരം കയറി. ഇന്ത്യക്കായി ഷമി അഞ്ച് വിക്കറ്റും ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും അക്ഷര്‍ പട്ടേല്‍ 2 വിക്കറ്റും വീഴ്ത്തി.
ഇന്ത്യക്ക് മികച്ച തുടക്കം
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റ് രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 36 പന്തില്‍ 7 ബൗണ്ടറി ഉള്‍പ്പെടെ 41 റണ്‍സാണ് രോഹിത് നേടിയത്. ടസ്‌കിന്‍ അഹമ്മദാണ് രോഹിത്തിനെ മടക്കിയത്. വിരാട് കോലി 38 പന്ത് നേരിട്ട് 22 റണ്‍സുമായി മടങ്ങി. നിലയുറപ്പിച്ച് വരവെ റിഷാദ് ഹൊസൈനെ കട്ട് ഷോട്ടിന് ശ്രമിച്ചാണ് കോലിയുടെ മടക്കം. ശ്രേയസ് അയ്യര്‍ക്കും ശോഭിക്കാനായില്ല. 17 പന്തില്‍ 15 റണ്‍സ് നേടി ശ്രേയസും മടങ്ങി.
രക്ഷകനായി ഗില്‍
അഞ്ചാമനായെത്തിയ അക്ഷര്‍ പട്ടേലും നിറം മങ്ങി. എട്ട് റണ്‍സെടുത്ത അക്ഷറിനെ റിഷാദ് ഹൊസൈന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. ഇതോടെ 144ന് നാല് എന്ന നിലയിലേക്ക് ഇന്ത്യ വീണു. 9 റണ്‍സില്‍ കെ എല്‍ രാഹുലിന്റെ ക്യാച്ച് പാഴാക്കിയത് ഇന്ത്യക്ക് ഗുണമായി. ഒരുവശത്ത് ശുബ്മാന്‍ ഗില്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്തുകയും ചെയ്തു. ഈ കൂട്ടുകെട്ട് ക്ലിക്കായതോടെ ഇന്ത്യ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയെടുക്കുകയും ചെയ്തു. ഗില്‍ 129 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 101 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ 47 പന്തില്‍ ഒരു ഫോറും സിക്‌സുമടക്കം 41 റണ്‍സോടെ ഗില്ലിന് മികച്ച പിന്തുണ നല്‍കി.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്
ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തൗഹിദ് ഹൃദോയി, മുഷ്ഫിഖര്‍ റഹിം, മെഹതി ഹസന്‍ മിറാസ്, ജേക്കര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സക്കീബ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍