For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: കംഗാരു 'ഫ്രൈ', ഇന്ത്യക്ക് ഫൈനല്‍ സീറ്റ്; ഓസീസിനെ തകര്‍ത്തടുക്കി

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ഫൈനല്‍ സീറ്റ്. ആവേശ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മൂന്ന് പന്ത് ബാക്കി നിര്‍ത്തി 264 റണ്‍സില്‍ പുറത്തായപ്പോള്‍ 11 പന്തും നാല് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയം നേടുകയായിരുന്നു. വിരാട് കോലിയും (84) ശ്രേയസ് അയ്യരും (45), കെ എല്‍ രാഹുലും (42*) നടത്തിയ ഗംഭീര ബാറ്റിങ്ങാണ് ഇന്ത്യക്ക് ആവേശ ജയവും ഫൈനല്‍ സീറ്റും നല്‍കിയത്. ന്യൂസീലന്‍ഡ്-ദക്ഷിണാഫ്രിക്ക സെമിയില്‍ ജയിക്കുന്ന ടീമിനെയാവും ഫൈനലില്‍ ഇന്ത്യ നേരിടുക.

തുടക്കത്തിലേ വിറച്ച് ഓസീസ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയയെ വിറപ്പിക്കുന്ന പ്രകടനമാണ് തുടക്കത്തിലേ ഇന്ത്യ കാഴ്ചവെച്ചത്. യുവ ഓപ്പണര്‍ കൂപ്പര്‍ കൊനോലിയെ (9 പന്തില്‍ 0) പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ ക്യാച്ചിലാണ് കൂപ്പറിന്റെ പുറത്താകല്‍. എന്നാല്‍ തുടക്കത്തിലേ പതറിച്ചക്ക് ശേഷം ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ഓസീസിന് അടിത്തറ പാകി.

തല്ലിത്തകര്‍ത്ത ഹെഡ് 33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സില്‍ നില്‍ക്കവെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. സിക്‌സറിന് ശ്രമിച്ച ഹെഡിനെ ശുബ്മാന്‍ ഗില്‍ ഗംഭീര ക്യാച്ചിലൂടെ പുറത്താക്കി. ഹെഡ് മടങ്ങിയതിന് ശേഷം മാര്‍നസ് ലബ്യുഷെയ്ന്‍ സ്റ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്ന് റണ്‍സുയര്‍ത്തി. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറിയടക്കം നേടി സ്മിത്തും ലബ്യുഷെയ്‌നും റണ്‍സുയര്‍ത്തി. ഇരുവരും സ്പിന്നിനെ നന്നായി നേരിടുന്നവരായതിനാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അല്‍പ്പം പ്രയാസപ്പെട്ടു.

മുന്നില്‍ നിന്ന് നയിച്ച് സ്മിത്ത്

എന്നാല്‍ 36 പന്തില്‍ രണ്ട് ഫോറും 1 സിക്‌സുമടക്കം 29 റണ്‍സെടുത്ത ലബ്യുഷെയ്‌നെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇംഗ്ലണ്ടിനെതിരേ വെടിക്കെട്ട് സെഞ്ച്വറി നേടിയ ജോഷ് ഇന്‍ഗ്ലിസിനെ (11) ജഡേജ പുറത്താക്കി. എന്നാല്‍ അലക്‌സ് ക്യാരി താളം കണ്ടെത്തിയതോടെ ഓസീസ് 300ന് മുകളില്‍ സ്‌കോര്‍ സ്വപ്‌നം കണ്ടു. എന്നാല്‍ 96 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 73 റണ്‍സെടുത്ത സ്്മിത്തിനെ ഷമി ക്ലീന്‍ബൗള്‍ഡാക്കി. സിക്‌സര്‍ പായിച്ച തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡാക്കി.

വാലറ്റത്തെ എറിഞ്ഞിട്ടു

ഇതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി. ബെന്‍ ഡൗര്‍ഷ്യൂയിസ് 19 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 57 പന്തില്‍ 8 ഫോറും 1 സിക്‌സുമടക്കം 61 റണ്‍സെടുത്ത അലക്‌സ് ക്യാരിയെ ശ്രേയസ് അയ്യര്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. നതാന്‍ എല്ലിസിനെ (10) ഷമി പുറത്താക്കി. ആദം സാംബയെ (7) ഹാര്‍ദിക് ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ മൂന്ന് പന്ത് ബാക്കിയാക്കി 264 റണ്‍സില്‍ ഓസ്‌ട്രേലിയ പുറത്തായി. മുഹമ്മദ് ഷമി മൂന്നും ജഡേജയും വരുണും രണ്ടും ഹാര്‍ദിക് പാണ്ഡ്യയും അക്ഷറും ഓരോ വിക്കറ്റും വീഴ്ത്തി.

ind vs aus

ഇന്ത്യയുടെ തുടക്കം പാളി

രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് വമ്പന്‍ തുടക്കം ഇന്ത്യക്ക് നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 30 റണ്‍സില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. 11 പന്തില്‍ എട്ട് റണ്‍സെടുത്ത ഗില്ലിനെ ബെന്‍ ഡൗര്‍ഷ്യൂയിസാണ് പുറത്താക്കിയത്. നായകന്‍ രോഹിത് ശര്‍മയെ കൂപ്പര്‍ കൊനോലിയും മാര്‍നസ് ലബ്യുഷെയ്‌നും വിട്ടുകളഞ്ഞു. എന്നാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിനായില്ല. 29 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 28 റണ്‍സെടുത്ത രോഹിത്തിനെ കൊനോനിയാണ് പുറത്താക്കിയത്.

പിന്നീട് ഒത്തുകൂടിയ ശ്രേയസ് അയ്യരും വിരാട് കോലിയും ചേര്‍ന്ന് ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. 62 പന്തില്‍ മൂന്ന് ഫോറടക്കം 45 റണ്‍സെടുത്ത ശ്രേയസിനെ പുറത്താക്കി ആദം സാംബ കൂട്ടുകെട്ട് പൊളിച്ചു. അഞ്ചാമനായെത്തിയ അക്ഷര്‍ പട്ടേല്‍ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. എന്നാല്‍ 30 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 27 റണ്‍സെടുത്ത അക്ഷറിനെ എല്ലിസ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

രാഹുല്‍-കോലി കൂട്ടുകെട്ട് ജയിപ്പിച്ചു

പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോലി- കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ സെഞ്ച്വറിയിലേക്കെന്ന തോന്നിച്ച കോലിയുടെ ഇന്നിങ്‌സ് 84 റണ്‍സില്‍ വീണു. 98 പന്ത് നേരിട്ട് അഞ്ച് ഫോറുള്‍പ്പെടെ പറത്തിയ കോലിയെ ആദം സാംബയാണ് പുറത്താക്കിയത്. സിക്‌സറിന് ശ്രമിച്ച് ക്യാച്ച് നല്‍കി കോലി പുറത്താവുകയായിരുന്നു. എന്നാല്‍ പിന്നീട് ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ചേര്‍ന്ന് അതിവേഗം ഇന്ത്യയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു.

24 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 28 റണ്‍സെടുത്ത രാഹുല്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വെറും ആറ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രവീന്ദ്ര ജഡേജയെ (2) കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യക്ക് ഫൈനല്‍ സീറ്റ് നേടക്കൊടുത്തു. രാഹുല്‍ 34 പന്തില്‍ രണ്ട് ഫോറും സിക്‌സും ഉള്‍പ്പെടെ 42 റണ്‍സോടെ പുറത്താവാതെ നിന്നു.

പ്ലേയിങ് 11

ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

ഓസ്‌ട്രേലിയ- കൂപ്പര്‍ കൊനോലി, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് (c), മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ് വെല്‍, ബെന്‍ ഡൗര്‍ഷ്യൂയിസ്, നതാന്‍ ഇല്ലിസ്, ആദം സാംബ, തന്‍വീര്‍ സന്‍ഗ

Story first published: Tuesday, March 4, 2025, 12:44 [IST]
Other articles published on Mar 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+