Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: തോറ്റത് ഓസീസ്, കരഞ്ഞത് പാകിസ്താന്‍!! 'വില്ലനായി' കോലി, ഈ കാരണം

ദുബായ്: വിരാട് കോലി ഒരിക്കല്‍ക്കൂടി ഹീറോയായി മാറിയപ്പോള്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ ഫൈനലില്‍ കടന്നിരിക്കുകയാണ്. ആവേശകരമായ സെമി പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ വീണ്ടുമൊരു കിരീടത്തിനു തൊട്ടരികെയെത്തിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവയിലൊരു ടീമുമായാണ് ഇന്ത്യ അങ്കം കുറിക്കുക.

ടൂര്‍ണമെന്റില്‍ ഇതു രണ്ടാമത്തെ കളിയിലാണ് കോലി ഇന്ത്യയുടെ വിജയശില്‍പ്പിയായത്. നേരത്തേ ചിരവൈരികളായ പാകിസ്താനുമായുള്ള ഗ്രൂപ്പ് പോരാട്ടത്തിലും അപരാജിത സെഞ്ച്വറിയോടെ അദ്ദേഹം ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. സെമിയില്‍ 84 റണ്‍സുമായാണ് കോലി ഓസീസിന്റെ അന്തകനായത്.

ഓസീസിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയ അദ്ദേഹം പാകിസ്താനെയാണ് യഥാര്‍ഥത്തില്‍ വീണ്ടും കരയിച്ചിരിക്കുന്നത്. ഇതിന്റെ കാരണമെന്താണെന്നു നമുക്കു പരിശോധിക്കാം.

PAKSTAN

പാകിസ്താന് നിരാശയെന്തിന്?

നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ പാകിസ്താന്‍ നേരത്തേ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതാണ്. അതിനു പിന്നാലെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തോടെ മറ്റൊരു തിരിച്ചടിയും അവര്‍ക്കു നേരിട്ടിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിനു വേദിയാവാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ പാകിസ്താന് നഷ്ടമായത്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലായിരുന്നു ഞായറാഴ്ചത്തെ ഫൈനല്‍ നടക്കാനിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തോടെ അവര്‍ക്കു അതിനുള്ള അവസരവും നഷ്ടമായി. കാരണം ഇന്ത്യ ഫൈനലില്‍ കടന്നതോടെ ഇനി മല്‍സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുക. കാരണം പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്നു ഇന്ത്യ നേരത്തേ നിലപാട് എടുത്തിരുന്നു. ഇതേ തുടര്‍ന്നു ഇന്ത്യയുടെ മൂന്നു ഗ്രൂപ്പു മല്‍സരങ്ങളും ഒരു സെമി ഫൈനലും ദുബായിലാണ് തീരുമാനിച്ചിരുന്നത്.

ഫൈനലിന്റെ കാര്യത്തില്‍ രണ്ടു വേദികളാണ് ഓപ്ഷനുകളായി ഉണ്ടായിരുന്നത്. ഇന്ത്യ ഫൈനലിലെത്തിയില്ലെങ്കില്‍ കലാശപ്പോരാട്ടം ലാഹോറിലും മറിച്ചാണെങ്കില്‍ മല്‍സരം ദുബായിലുമാണ് തീരുമാനിച്ചത്. അതുകൊണ്ടു തന്നെ കഴിഞ്ഞ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ തോല്‍വിക്കായി പാകിസ്താനും പ്രാര്‍ഥിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്.

പക്ഷെ അവരുടെ പ്രതീക്ഷകള്‍ തകര്‍ത്താണ് വിരാട് കോലിയുടെ ചിറകിലേറി ഇന്ത്യ ഫൈനലിലേക്കും കുതിച്ചത്. ഇതോടെ ഗ്രൂപ്പു ഘട്ടത്തില്‍ സെഞ്ച്വറിയുമായി തങ്ങളെ കരയിച്ച അദ്ദേഹം വീണ്ടും പാകിസ്താന്‍കാരുടെ ഹൃദയവും തകര്‍ത്തിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലിനു വേദിയാവാനുള്ള അവസരമാണ് പാകിസ്താന് ഇത്തവണ നഷ്ടമായിരിക്കുന്നത്.

VIRAT KOHLI

1996ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനല്‍ മാത്രമാണ് നേരത്തേ ലാഹോറില്‍ നടന്നിട്ടുള്ളത്. അന്നു ഓസ്‌ട്രേലിയയും ശ്രീലങ്കയുമാണ് കൊമ്പുകോര്‍ത്തത്. അതിനു ശേഷം ഇത്തവണ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിനു വേദിയാവാന്‍ അവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മാത്രമല്ല, സ്വന്തം ടീം കലാശക്കളിയില്‍ കളിക്കുന്നതും അവര്‍ സ്വപ്‌നം കണ്ടു. പക്ഷെ പാക് ടീം ഫൈനലില്‍ എത്തിയില്ലെന്നു മാത്രമല്ല, ഈ മല്‍സരം സ്വന്തം നാട്ടില്‍ കാണാനുള്ള അവസരവും കൂടി പാകിസ്താനു നഷ്ടമായിരിക്കുകയാണ്.

കപ്പുയര്‍ത്താന്‍ ഇന്ത്യ

2017ലെ അവസാനത്തെ ചാംപ്യന്‍സ് ട്രോഫിയിലെ റണ്ണറപ്പ് കൂടിയാണ് ഇന്ത്യ. അന്നു ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ സര്‍ഫറാസ് അഹമ്മദ് നയിച്ച പാകിസ്താനു മുന്നില്‍ വിരാട് കോലിയുടെ ടീം ഇന്ത്യ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അന്നു കൈവിട്ട കിരീടം രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇത്തവണ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

തുടര്‍ച്ചയായി നാലു ജയങ്ങളുമായി കുതിക്കുന്ന ഇന്ത്യന്‍ ടീം ഇനി ഫൈനലിലും ജയമാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ കാര്യമായി പരീക്ഷിക്കപ്പെടാതെയാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ ട്രോഫിയെന്ന സ്വപ്‌നത്തിനു ഒരു വിജയം മാത്രം അകലെയെത്തിയിരിക്കുന്നത്.

Story first published: Wednesday, March 5, 2025, 9:55 [IST]
Other articles published on Mar 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+