ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടം ആവേശകരമായി നടക്കുകയാണ്. പാകിസ്താന്‍ മുന്നോട്ടുവെച്ച 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. പവര്‍പ്ലേയില്‍ അടിച്ചു കളിച്ച ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് 10 ഓവറിനുള്ളില്‍ നഷ്ടമായത്. മികച്ച ഫോമിലായിരുന്നു രോഹിത് ഉണ്ടായിരുന്നത്. 3 ഫോറും 1 സിക്‌സും പറത്തി രോഹിത് പ്രതീക്ഷ നല്‍കിയെങ്കിലും 15 പന്തില്‍ 20 റണ്‍സെടുത്ത് മടങ്ങി.
ഇടം കൈയന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് രോഹിത്തിനെ പുറത്താക്കിയത്. ഫുള്‍ ലെങ്ത് പന്തില്‍ രോഹിത് ശര്‍മ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. വലിയ ഷോട്ടുകളോടെ രോഹിത് പ്രതീക്ഷ നല്‍കവെയാണ് സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി രോഹിത്തിന്റെ മടക്കം. ഷഹീന്‍ ഷാ അഫ്രീദിക്ക് മുന്നില്‍ വീണ്ടും രോഹിത് ശര്‍മ മുട്ടുകുത്തിയതാണ് ഇന്ത്യന്‍ ആരാധകരെ കൂടുതല്‍ സങ്കടപ്പെടുത്തുന്നത്. രോഹിത്തിനെ കുടുക്കിയ ഷഹീന്റെ മാസ്റ്റര്‍ പ്ലാന്‍ എന്തായിരുന്നുവെന്ന് അറിയാം.
ഫുള്‍ ലെങ്ത് ബോളുകള്‍ ഉപയോഗിച്ചു
രോഹിത് ശര്‍മയെ ഇതിന് മുമ്പ് ഷഹീന്‍ ഷാ അഫ്രീദി പുറത്താക്കിയപ്പോഴേല്ലാം ഉപയോഗിച്ചത് ഫുള്‍ ലെങ്ത് പന്തുകളായിരുന്നു. സ്റ്റംപിലേക്കെത്തുന്ന ചെറിയ സ്വിങ്ങോടുകൂടിയ യോര്‍ക്കര്‍ ലെങ്ത് പന്തുകളില്‍ രോഹിത് പതറുന്നുണ്ടെന്നാണ് മുന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ രോഹിത്തിനെതിരേ ഇതേ തന്ത്രത്തോടെയാണ് ഷഹീന്‍ ഇറങ്ങിയത്. ആദ്യ പന്ത് തന്നെ സ്റ്റംപ് ലക്ഷ്യം വെച്ചുള്ള യോര്‍ക്കറായിരുന്നു. ഈ പന്ത് പ്രതീക്ഷിച്ച രോഹിത് പ്രതിരോധിച്ച് രക്ഷപെട്ടു.
ആദ്യ ഓവറില്‍ മൂന്ന് യോര്‍ക്കറുകളാണ് ഷഹീന്‍ എറിഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തടിയൂരാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. പക്ഷെ അഞ്ചാം ഓവറില്‍ പന്തെറിയാനെത്തിയ ഷഹീന്‍ രോഹിത്തിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു. രോഹിത്തിനെ ഫുള്‍ ലെങ്ത് പന്തില്‍ത്തന്നെ ഷഹീന്‍ കുടുക്കുകയായിരുന്നു. ഇടത് കാലിന് സമീപത്ത് നിന്ന് ഉള്ളിലേക്ക് സ്വിങ് ചെയ്ത പന്തില്‍ രോഹിത്തിന് പിഴച്ചു. ഇതോടെ സ്റ്റംപും തെറിച്ചു. രോഹിത്തിന് പ്രതിരോധിക്കാന്‍ പോലും അവസരം നല്‍കാതെയുള്ള ഗംഭീര പന്തായിരുന്നു ഇതെന്ന് പറയാം.

രോഹിത്തിന് വലിയ സ്‌കോറിലേക്കുയരാനാവുന്നില്ല
രോഹിത് ശര്‍മ മോശം ഫോമിലാണെന്ന ആക്ഷേപം ഏറെ നാളുകളായിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴും തനിക്ക് മികവ് കാട്ടാന്‍ സാധിക്കുമെന്ന് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് രോഹിത് തെളിയിക്കുന്നു. എന്നാല്‍ പഴയതുപോലെ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നില്ല. 40, 42, 47, 47, 41, 20 എന്നിങ്ങനെയാണ് അവസാന ആറ് ഏകദിനത്തിലെ രോഹിത് ശര്‍മയുടെ സ്‌കോര്‍. മികച്ച തുടക്കത്തെ പഴയതുപോലെ വലിയ സ്‌കോറാക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
പുറത്താവുന്നതിന് മുമ്പ് ഏകദിനത്തില്‍ വേഗത്തില്‍ 9000 റണ്‍സ് നേടുന്ന ഓപ്പണറെന്ന റെക്കോഡ് പേരിലാക്കാന്‍ രോഹിത്തിനായി. സച്ചിന്‍ ടെണ്ടുല്‍ക്കറേയും വീരേന്ദര്‍ സെവാഗിനേയുമെല്ലാം പിന്നിലാക്കുന്ന വമ്പന്‍ റെക്കോഡാണ് രോഹിത് ശര്‍മ നേടിയെടുത്തത്. എന്നാല്‍ ദുബായില്‍ രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മികച്ച തുടക്കം വലിയ സ്‌കോറിലേക്കെത്തിക്കാനാവാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്.
പാകിസ്താനെതിരേ മിന്നി ഇന്ത്യന്‍ ബൗളര്‍മാര്‍
പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്താനെ 241 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പാകിസ്താന്റെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെയെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ കുടുക്കി. ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം കാട്ടാന്‍ പാകിസ്താന് സാധിച്ചില്ല. ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയുമെല്ലാം കൃത്യമായി പൂട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.