ഇന്ത്യന്‍ ടീമിന്റെ ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തിന്റെ ലഹരിയിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോസില്‍ ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനു വീഴ്ത്തിയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ വീണ്ടുമൊരു ഐസിസി ട്രോഫിയില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടി20 ലോകകപ്പിലും വെന്നിക്കൊടി പാറിക്കാന്‍ ഇന്ത്യക്കായിരുന്നു.
ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കാതെ പോയിട്ടുള്ള നിര്‍ഭാഗ്യവാനായ താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹം തഴയപ്പെടുകയായിരുന്നു.
അതുകൊണ്ടു തന്നെ ഇന്ത്യ ചാംപ്യന്‍മാരായ ശേഷം ഇതിനോടു സഞ്ജു എങ്ങനെയാണ് പ്രതികരിച്ചതെന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്. അദ്ദേഹം അവരെ നിരാശപ്പെടുത്തിയതുമില്ല. ടീമിന്റെ വിജയത്തിനു ശേഷമുള്ള സഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

Photo credit: Sanju Samson's Instagram Page
സഞ്ജുവിന്റെ പ്രതികരണം
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിനു പിന്നാലെയാണ് ഇത് ആഘോഷിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സറ്റോറിയില്‍ സഞ്ജു സാംസണ്‍ പോസ്റ്റിട്ടിരിക്കുന്നത്. മല്‍സരം ടെലിവിഷനില്‍ ആസ്വദിച്ചതിനു ശേഷം ഐസിസി മെന്‍സ് സിടി 2025 വിന്നേഴ്‌സ് എന്നുള്ള ദൃശ്യം ഫോണില്‍ പകര്‍ത്തിയാണ് സഞ്ജു സ്റ്റോറി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകചാംപ്യന്‍സ് എന്നായിരുന്നു ദേശീയ പതാകയുടെയും മസില്‍ കാണിക്കുന്ന ഇമോജികള്‍ക്കുമൊപ്പം അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
ടീം ഇന്ത്യയുടെ വമ്പന്‍ നേട്ടത്തില്‍ സഞ്ജുവിനു എത്ര മാത്രം ആഹ്ലാദവും അഭിമാനവുമുണ്ടെന്നെല്ലാം ഈ പോസ്റ്റില്‍ നിന്നും വ്യക്തവുമാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ സംഘത്തില്‍ സഞ്ജുവുമുണ്ടായിരുന്നു.
പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. പകരം ആദ്യ മല്‍സരം മുതല്‍ സൗത്താഫ്രിക്കയുമായുള്ള ഫൈനല്‍ വരെ വിക്കറ്റ് കീപ്പററുടെ ചുമതല റിഷഭ് പന്തിനായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറി.
അന്നു സഞ്ജുവിനെ വാട്ടര്‍ ബോയ് ഒതുക്കിയതിന് ഈ ചാംപ്യന്‍സ് ട്രോഫിയില്‍ വലിയ വിലയാണ് റിഷഭിനു നല്‍കേണ്ടി വന്നത്. ടൂര്‍ണമെന്റിലെ അഞ്ചു കളിയിലും അദ്ദേഹത്തെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തഴയുകയായിരുന്നു. പകരം കെഎല്‍ രാഹുലിനാണ് ഈ റോള്‍ നല്‍കിയത്.

എന്തുകൊണ്ട് സഞ്ജു തഴയപ്പെട്ടു?
ഈ ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ടീമില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കെപ്പെട്ടിരുന്നത്. കോച്ച് ഗൗതം ഗംഭീര്‍ നല്‍കിവരുന്ന പിന്തുണ ഇതിനുള്ള സാധ്യതകളും വര്‍ധിപ്പിച്ചിരുന്നു. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം പുറത്തായി. പകരം കെഎല്‍ രാഹുലും റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വരികയും ചെയ്തു.
അതിനിടെ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സഞ്ജുവിനെ ടീമിലെടുക്കാന്‍ ഗംഭീര്‍ വാദിച്ചതായി പല ദേശീയ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും വന്നു. പക്ഷെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇതിനെതിരേയായിരുന്നു. സഞ്ജുവിനു പകരം റിഷഭ് മതിയെന്ന അഭിപ്രായത്തില്‍ ഇവര്‍ ഉറച്ചുനിന്നതോടെ ഗംഭീര്‍ വഴങ്ങി കൊടുക്കുകയായിരുന്നുവെന്നാണ് വിവരം.