ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 265 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കിനിര്‍ത്തി ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലുമെല്ലാം ബൗളിങ്ങില്‍ തിളങ്ങി.
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ഇന്ത്യക്കായി ഫിനിഷര്‍ റോളിലിറങ്ങിയ കെ എല്‍ രാഹുല്‍ 34 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സുമായി പുറത്താവാതെ നിന്നു. സിക്‌സറിലൂടെ മത്സരം ഫിനിഷ് ചെയ്യാന്‍ രാഹുലിനായി. രാഹുല്‍ ഇന്ത്യയുടെ ഹീറോയായി മാറി കൈയടി നേടിയതോടെ പണി കിട്ടിയിരിക്കുന്നത് റിഷഭ് പന്തിനാണ്.
ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരത്തില്‍ നിന്ന് ഏകദിനത്തിലും ടി20യിലും വാട്ടര്‍ബോയിയായി റിഷഭ് മാറിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം പോലും റിഷഭ് കളിച്ചിട്ടില്ല. ഫൈനലിലും റിഷഭ് കളിക്കാന്‍ സാധ്യതയില്ലെന്നുറപ്പാണ്. ഇതോടെ റിഷഭിന്റെ ഭാവി ചോദ്യമാവുകയാണ്.
പരിമിത ഓവറില്‍ ഇനി അവസരമില്ലേ?
ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ഇനി റിഷഭ് പന്തിന് അവസരം ഉണ്ടാകില്ലെന്ന് തന്നെ പറയാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ടി20യില്‍ ഓപ്പണറായും വിക്കറ്റ് കീപ്പറായും സഞ്ജു സാംസണ്‍ തിളങ്ങുന്നുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജു സാംസണിന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ മറികടന്ന് ഓപ്പണര്‍ റോളിലേക്കെത്തുക റിഷഭിന് എളുപ്പത്തില്‍ സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ ടി20 ടീമിലും ബാക്കപ്പ് വിക്കറ്റ് കീപ്പറായി റിഷഭിന് ഒതുങ്ങേണ്ടി വരും. വരുന്ന ഐപിഎല്ലില്‍ മിന്നും പ്രകടനത്തോടെ ശോഭിക്കാന്‍ റിഷഭിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അല്ലാത്ത പക്ഷം ടി20 ടീമില്‍ നിന്ന് പോലും തെറിച്ചേക്കും. ഏകദിനത്തില്‍ രാഹുല്‍ നിര്‍ണ്ണായക പ്രകടനം നടത്തുന്നു. വിക്കറ്റിന് പിന്നില്‍ രാഹുല്‍ ശരാശരി മാത്രമാണ്. എന്നാല്‍ ആറാം നമ്പറില്‍ ടീമിന് ആവശ്യമുള്ളതുപോലെ മികവ് കാട്ടാന്‍ രാഹുലിന് സാധിക്കുന്നു.
ഇക്കാരണത്താല്‍ത്തന്നെ രാഹുലിനെ മാറ്റി റിഷഭിനെ ഇന്ത്യ ഏകദിനത്തിലേക്ക് വിളിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ റിഷഭ് പന്തിന് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ പ്ലേയിങ് 11ലേക്കെത്തുക കടുപ്പമാണെന്ന് തന്നെ പറയാം.
റിഷഭിന് ഐപിഎല്‍ നിര്‍ണ്ണായകം
റിഷഭ് പന്തിന് മുന്നില്‍ ഇനിയുള്ളത് ഐപിഎല്ലാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയ റിഷഭിന് വരുന്ന സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തേണ്ടതായുണ്ട്. റിഷഭിന്റെ സമീപകാലത്തെ ഐപിഎല്ലിലെ പ്രകടനങ്ങളൊക്കെ ശരാശരിയാണ്. പ്രതീക്ഷക്കൊത്ത് വലിയ സ്‌കോര്‍ നേടാന്‍ പലപ്പോഴും റിഷഭിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ റിഷഭ് ഒതുക്കപ്പെട്ട് നില്‍ക്കുന്നതിനെ തെറ്റ് പറയാന്‍ സാധിക്കില്ല.
വരുന്ന ഐപിഎല്ലില്‍ വമ്പന്‍ പ്രകടനത്തോടെ റിഷഭിന് കസറാന്‍ സാധിച്ചാല്‍ തിരിച്ചുവരവ് അവസരം ലഭിച്ചേക്കും. അല്ലാത്ത പക്ഷം റിഷഭിന്റെ ഏകദിന, ടി20 കരിയര്‍ ബെഞ്ചിലിരുന്ന് അവസാനിക്കാനാണ് സാധ്യത. ടെസ്റ്റില്‍ ഇപ്പോഴും വലിയ മികവ് കാട്ടാന്‍ റിഷഭിനാവും. ടെസ്റ്റിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് റിഷഭ്. എന്നാല്‍ പരിമിത ഓവറില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ റിഷഭില്‍ കാര്യമായ ഭാവി കാണുന്നില്ലെന്ന് തന്നെ പറയാം. എന്തായാലും പ്രതിഭാശാലിയായ റിഷഭ് പുറത്തിരിക്കുന്നത് നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ നിലവിലെ ടീം സാഹചര്യത്തില്‍ റിഷഭ് ടീമിന് പുറത്തിരിക്കുന്നതാണ് നല്ലത്.