ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ആദ്യം പന്തെറിയുകയാണ്. തുടക്കത്തിലേ ഓസ്‌ട്രേലിയയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ പേസര്‍മാര്‍ കാഴ്ചവെച്ചത്. യുവ ഓപ്പണര്‍ കൂപ്പര്‍ കൊനോലിയെ അക്കൗണ്ട് തുറക്കും മുമ്പ് മുഹമ്മദ് ഷമി പുറത്താക്കി. ഒമ്പത് പന്ത് നേരിട്ടാണ് താരം അക്കൗണ്ട് തുറക്കാതെ മടങ്ങിയത്. ട്രാവിസ് ഹെഡിന്റെ റിട്ടേണ്‍ ക്യാച്ച് ആദ്യ ഓവറില്‍ ലഭിച്ചത് മുഹമ്മദ് ഷമി നഷ്ടമായിരുന്നു.
പിന്നീട് പഴയ താളം കണ്ടെത്തിയ ഹെഡ് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. സിക്‌സും ഫോറുമടക്കം അതിവേഗം റണ്‍സുയര്‍ത്തി താരം ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തി. അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ ഇന്ത്യയുടെ അന്തകനായി ഹെഡ് മാറുമെന്ന് തോന്നിക്കവെ വരുണ്‍ ചക്രവര്‍ത്തി ഹെഡിനെ മടക്കി അയച്ചു. 33 പന്ത് നേരിട്ട് 39 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. ഇപ്പോഴിതാ ഹെഡിനെ ഇന്ത്യ പൂട്ടിയതിന് പിന്നിലെ നായകന്‍ രോഹിത് ശര്‍മയുടെ ബുദ്ധിക്കാണ് ആരാധകര്‍ കൈയടിക്കുന്നത്.
ബൗളിങ് ചെയ്ഞ്ച് കിറു കൃത്യം
രോഹിത് ശര്‍മ വരുത്തിയ ബൗളിങ് ചെയ്ഞ്ചാണ് ഹെഡിന്റേയും ഓസ്‌ട്രേലിയയുടേയും കണക്കുകൂട്ടല്‍ തെറ്റിച്ചതെന്ന് പറയാം. പതിവിലും വിപരീതമായി ആറാം ഓവറില്‍ കുല്‍ദീപ് യാദവിനെയാണ് രോഹിത് പന്തേല്‍പ്പിച്ചത്. പവര്‍പ്ലേയില്‍ അക്ഷര്‍ പട്ടേലിനെയാണ് കൂടുതലും ഇന്ത്യ ഉപയോഗിക്കുന്നത്. എന്നാല്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിനെ കൊണ്ടുവന്നത് ഓസീസിന്റെ റണ്‍വേഗം കുറച്ചു. മികച്ച പന്തുകളോടെ ഹെഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കുല്‍ദീപിനായി.
പിന്നാലെ അക്ഷര്‍ പട്ടേലിനെയാണ് ഓസീസ് പ്രതീക്ഷിച്ചത്. എന്നാല്‍ ഡാനിയല്‍ വെട്ടോറി സ്പിന്‍ തന്ത്രമോതുന്ന ഓസീസ് ടീമില്‍ അക്ഷറിന്റെ തന്ത്രം ഹെഡിനെതിരേ അത്ര ക്ലിക്കാവില്ലെന്ന രോഹിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. അക്ഷറിന് പകരം സര്‍പ്രൈസായി വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടുവന്ന രോഹിത്തിന്റെ തന്ത്രം ഫലം കണ്ടു. ഹെഡ് ആക്രമിക്കുമെന്ന് ഉറപ്പായിരുന്നതിനാല്‍ വരുണിന്റെ തന്ത്രത്തെ രോഹിത് വിശ്വസിച്ചു. ഇതാണ് അപകടകാരിയായ ഹെഡിന്റെ വിക്കറ്റ് നേടാന്‍ സഹായിച്ചത്.

വരുണിനെ നേരിട്ട് ഹെഡിന് വലിയ പരിചയമില്ല
വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ മികവിനാണ് കൈയടിക്കേണ്ടത്. ന്യൂസീലന്‍ഡിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനത്തോടെയാണ് വരുണ്‍ കസറിയത്. ദുബായിലെ പിച്ചില്‍ നേരത്തെ തന്നെ മികവ് കാട്ടിയിട്ടുള്ള വരുണിന് ഹെഡിനെതിരേ പന്തെറിയുമ്പോള്‍ ആത്മവിശ്വാസമുണ്ടാവുമെന്നുറപ്പ്. ദുബായിലെ സാഹചര്യത്തോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ ഹെഡിന് സാധിച്ചിരുന്നില്ല. ഹെഡിന് വരുണിനെ നേരിട്ട് വലിയ അനുഭവസമ്പത്തില്ലായിരുന്നു.
ഇത് മുന്നില്‍ക്കണ്ടാണ് കൃത്യമായി വരുണിന് രോഹിത് പന്ത് നല്‍കിയതെന്ന് പറയാം. രോഹിത്തിന്റെ ഈ കണക്കൂട്ടല്‍ തെറ്റാതെ പന്തെറിയാന്‍ വരുണിന് സാധിക്കുകയും ചെയ്തു. ഹെഡിനെ കൃത്യമായി സമ്മര്‍ദ്ദത്തിലാക്കാനും ആക്രമിച്ച് കളിക്കാന്‍ പ്രേരിപ്പിക്കാനും നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കായി. ഇതിനനുസരിച്ച് പന്തെറിഞ്ഞ വരുണ്‍ ഹെഡിന്റെ വിക്കറ്റ് കൃത്യ സമയത്ത് നേടുകയും ഓസ്‌ട്രേലിയയുടെ റണ്ണൊഴുക്കിന്റെ വേഗം കുറക്കുകയുമായിരുന്നു.
വരുണ്‍ സ്റ്റംപിന് ആക്രമിക്കുന്ന ബൗളര്‍
ദുബായിലെ പിച്ചില്‍ മറ്റ് സ്പിന്നര്‍മാരെക്കാള്‍ വരുണിനെ അപകടകാരിയാക്കുന്നത് സ്റ്റംപിലേക്കെത്തുന്ന പന്തുകളാണ്. തുടര്‍ച്ചയായി സ്റ്റംപിന് ആക്രമിക്കുന്ന വരുണിനെ നേരിടുക എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും പ്രയാസമാണ്. മികച്ച ലൈനിലും ലെങ്തിലും ടേണ്‍ ചെയ്യിക്കാന്‍ വരുണിന് കരുത്തുണ്ട്.
ഹെഡ് ആക്രമിക്കുമെന്ന് കൃത്യമായി മനസിലാക്കി പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി കൈയടി അര്‍ഹിക്കുന്നു. നാല് സ്പിന്നര്‍മാരെ നിലനിര്‍ത്തി ഇറങ്ങിയ ഇന്ത്യയുടെ തന്ത്രം ഏറെക്കുറെ ഫലം കണ്ടുവെന്ന് തന്നെ പറയാം. ഹെഡിന്റെ വിക്കറ്റ് ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്. ഇത് മുതലാക്കി മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്.