കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല നിലവിലെ ജേതാക്കളായ പാകിസ്താനു സ്വന്തം കാണികള്‍ക്കു മുന്നില്‍ ലഭിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് ടീം അവരെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആധിപത്യം പുലര്‍ത്തിയാണ് കിവികള്‍ ജയിച്ചുകയറിയത്. ഇതോടെ സെമി ഫൈനലിന് ഒരു പടി അടുത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്.
മറുഭാഗത്ത് പാകിസ്താന്റെ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ട് പുറത്താവേണ്ടി വരുമോയെന്ന ഭീതിയിലാണ് ചാംപ്യന്മാര്‍. പക്ഷെ മുഹമ്മദ് റിസ്വാനെയും സംഘത്തെയും പൂര്‍ണമായി എഴുതിത്തള്ളാന്‍ വരട്ടെ. സെമിയിലേക്കു മുന്നേറാന്‍ അവര്‍ക്കു ഇനിയും സാധിക്കും. പാക് ടീമിനു എങ്ങനെ സെമി ഫൈനിലക്കു യോഗ്യത നേടാമെന്നു നമുക്കു പരിശോധിക്കാം.

ഇനി രണ്ടു കളികള്‍
ഗ്രൂപ്പ് എയില്‍ ഇനി രണ്ടു മല്‍സരങ്ങളാണ് പാകിസ്താനു ഇനി ശേഷിക്കുന്നത്. ഇതില്‍ ആദ്യത്തേത് ബദ്ധവൈരികളും അയല്‍ക്കാരുമായ ഇന്ത്യക്കെതിരേയാണ്. ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ സൂപ്പര്‍ പോരാട്ടം. അതിനുശേഷം ഈ മാസം 27ന് അവസാന കളിയില്‍ ബംഗ്ലാദേശുമായും പാക് ടീം പോരടിക്കും.
സെമിയിലേക്കു ടിക്കറ്റെടുക്കാന്‍ പാക് ടീം ആദ്യമായി ചെയ്യേണ്ടത് ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കുകയെന്നതാണ്. ആദ്യം ഇന്ത്യയെയും പിന്നാലെ ബംഗ്ലാദേശിനെയും അവര്‍ക്കു തോല്‍പ്പിച്ചേ തീരൂ. ഇതു മാത്രമല്ല ഇന്ത്യയും ബംഗ്ലാദേശും അവരുടെ മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും തോല്‍ക്കാന്‍ പാക് ടീം പ്രാര്‍ഥിക്കുകയും വേണം.
അങ്ങനെ വന്നാല്‍ ഇന്ത്യക്കും ബംഗ്ലാദേശിനും രണ്ടു പോയിന്റ് മാത്രമേയുണ്ടാവുകയുള്ളൂ. പാകിസ്താന്റെ പക്കല്‍ നാലു പോയിന്റുമുണ്ടാവും. മല്‍സരഫലങ്ങള്‍ അനുസരിച്ച് ന്യൂസിലാന്‍ഡിനു ആറോ, നാലോ പോയിന്റുണ്ടാവുകയും ചെയ്യും. അങ്ങനെ വന്നാല്‍ ന്യൂസിലാന്‍ഡിനൊപ്പം പാക് ടീമും സെമിയിലേക്കു മുന്നേറും.
എന്നാല്‍ പാകിസ്താനെ ഭയപ്പെടുത്തുന്ന ഒരു കാര്യം ബംഗ്ലാദേശുമായി 27ന് നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരത്തിനു മഴ ഭീഷണിയുണ്ടെന്നതാണ്. മല്‍സസരവേദിയായ റാവല്‍പിണ്ടിയില്‍ ഈ ദിവസം മഴ പെയ്യാനുള്ള സാധതകള്‍ 50 മുതല്‍ 70 ശതമാനം വരെയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയെ തുടര്‍ന്നു കളി ഉപേക്ഷിക്കപ്പെട്ടാല്‍ അതു പാകിസ്താന്റെ പുറത്താവലിനു വഴിയൊരുക്കും.

ഈ കാരണത്താന്‍ ഇന്ത്യയുമായുള്ള ഞായറാഴ്ചത്തെ പോരാട്ടം അവര്‍ക്കു ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും ഈ കളിയില്‍ അവരെ സന്തോഷിപ്പിക്കില്ല.
വലിയൊരു മാര്‍ജിനില്‍ തന്നെ ഈ മല്‍സരത്തില്‍ ജയിക്കാനായിരിക്കും അവരുടെ ശ്രമം. ഇതു നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും അവരെ സഹായിക്കും. നിലവില്‍ -1.200 എന്ന മോശം നെറ്റ് റണ്‍റേറ്റാണ് അവര്‍ക്കുള്ളത്. ഇതു പോസിറ്റീവാക്കി മാറ്റാന്‍ ഇന്ത്യക്കെതിരേ ഏകപക്ഷീയമായൊരു ജയം തന്നെ പാക് ടീമിനു അനിവാര്യമാണ്.
പൊരുതാതെ തോറ്റു
ന്യൂസിലാന്‍ഡുമായി കറാച്ചി ദേശീയ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്താല്‍ കാര്യമായി പൊരുതുക പോലും ചെയ്യാതെയാണ് 60 റണ്‍സിന്റെ പരാജയം പാകിസ്താന്‍ സമ്മതിച്ചത്. ബൗളിങിലും ബാറ്റിങിലും പാക് ടീം ഒരുപോലെ ഫ്‌ളോപ്പാവുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് അഞ്ചു വിക്കറ്റിനു 320 റണ്‍സെന്ന വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ടോം ലാതം (118*), വില്‍ യങ് (107) എന്നിവരുടെ സെഞ്ച്വറികളും ഗ്ലെന്‍ ഫിലിപ്‌സിന്റെ (61) ഫിഫ്റ്റിയും അവര്‍ക്കു കരുത്താവുകയും ചെയ്തു. റണ്‍ചേസില്‍ 47.2 ഓവറില്‍ 260 റണ്‍സിന് പാക് ടീം കൂടാരം കയറി.
വാലറ്റത്ത് ഖുശ്ദില്‍ ഷായും (69) ഓപ്പണര്‍ ബാബര് ആസവുമാണ് (64) പാക് ബാറ്റിങ് ലൈനപ്പില്‍ അല്‍പ്പമെങ്കിലും പൊരുതിനോക്കിയത്. സല്‍മാന്‍ ആഗ 42 റണ്‍സും നേടി പുറത്തായി. പവര്‍പ്ലേയിലെ സ്ലോ ബാറ്റിങാണ് അവര്‍ക്കു തിരിച്ചടിയായത്. ആദ്യ 10 ഓവറില്‍ വെറും 22 റണ്‍സ് മാത്രമേ പാക് ടീം നേടിയുള്ളൂ. രണ്ടു വിക്കറ്റുകള്‍ നഷ്ടമാക്കുകയും ചെയ്തു.