ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ആവേശ ഫൈനല്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രണ്ട് ടീമും തുല്യ ശക്തികളുടെ നിരയാണ്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് എത്തുന്നത്. അതേ സമയം ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഫൈനല്‍ ടിക്കറ്റ് നേടിയെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് സ്വാഭാവികമായും മുന്‍തൂക്കമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒട്ടുമിക്ക പ്രമുഖരും ഇന്ത്യ കിരീടം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യക്കൊപ്പം ശക്തമായ താരനിരയുണ്ടെങ്കിലും ഫൈനലില്‍ ന്യൂസീലന്‍ഡിനെ വീഴ്ത്തുക വളരെ പ്രയാസമായിരിക്കും. ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചാണ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. കെയ്ന്‍ വില്യംസനും രചിന്‍ രവീന്ദ്രയും ഫോമിലേക്കെത്തിയതും കിവീസിനെ കൂടുതല്‍ അപകടകാരികളാക്കുന്നു.
എല്ലാവരും ഇന്ത്യയുടെ വിജയ സാധ്യതകളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ന്യൂസീലന്‍ഡിന് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള വഴി ഉപദേശിച്ചിരിക്കുകയാണ് മുന്‍ പാക് പേസറും സൂപ്പര്‍ താരവുമായ ഷുഹൈബ് അക്തര്‍.
ഇന്ത്യയെ വലിയവരായി കാണാതിരുന്നാല്‍ മതി
ഫൈനലിന് മുമ്പ് കൂടുതല്‍ പേരുടേയും പിന്തുണ ഇന്ത്യക്കാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനും ഇന്ത്യ വലിയ എതിരാളികളാണെന്ന തോന്നലുണ്ടാവും. പക്ഷെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഈ തോന്നല്‍ ഉണ്ടാകരുതെന്നാണ് അക്തര്‍ പറയുന്നത്. സ്വയം വിലകുറച്ച് കാണരുതെന്നാണ് അക്തര്‍ ഉപദേശിക്കുന്നത്. ഇന്ത്യക്കെതിരേ മാനസികമായ ആധിപത്യം കാട്ടണമെന്നാണ് അക്തറിന്റെ ഉപദേശം.
'ഇന്ത്യ വലിയവരാണ് തോല്‍പ്പിക്കാനാവില്ലെന്നും നിങ്ങള്‍ രണ്ടാം നിരക്കാരാണെന്നുമുള്ള തോന്നലുണ്ടെങ്കില്‍ മറന്നേക്കൂ. നിങ്ങള്‍ ശക്തരാണെന്ന തോന്നല്‍ ഉണ്ടാവണം. മിച്ചല്‍ സാന്റ് നര്‍ക്ക് ആ വിശ്വാസമുണ്ടാവും. ക്യാപ്റ്റനെന്ന നിലയില്‍ സാന്റ്‌നറില്‍ ഞാന്‍ ആ മികവ് കണ്ടിട്ടുണ്ട്. നായകനെന്ന നിലയില്‍ കപ്പ് നേടണമെന്ന അതിയായ ആഗ്രഹവും പോരാട്ട വീര്യവും സാന്റ് നറിലുണ്ട്' അക്തര്‍ പറഞ്ഞു. ന്യൂസീലന്‍ഡ് നിശബ്ദരായ പോരാളികളാണ്. ഇന്ത്യയെ രണ്ട് തവണ ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ തോല്‍പ്പിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചിട്ടുണ്ട്.
തുടക്കത്തിലേ രോഹിത് ശര്‍മയെ പൂട്ടണം
ന്യൂസീലന്‍ഡ് തുടക്കത്തിലേ രോഹിത് ശര്‍മയെ പൂട്ടാനുള്ള വഴി നോക്കണമെന്നാണ് അക്തര്‍ പറയുന്നത്. മിച്ചല്‍ സാന്റ്‌നര്‍ മുന്നില്‍ നിന്ന് നയിക്കണം. 'ഇന്ത്യക്കെതിരേ ശരിയായ സമയത്ത് ശരിയായ നീക്കം നടത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ശര്‍മ തുടക്കം മുതല്‍ ആക്രമിക്കുമെന്നുറപ്പാണ്. രോഹിത്തിനെ തുടക്കത്തിലേ സ്പിന്നര്‍മാരെ ഉപയോഗിച്ച് തളക്കണം. മിച്ചല്‍ സാന്റ് നര്‍ക്ക് അതിന് സാധിക്കും. മത്സരത്തിലെ വിജയ സാധ്യത നോക്കിയാല്‍ 70% ഇന്ത്യക്കാണെന്ന് പറയാതിരിക്കാനാവില്ല.

ഇന്ത്യന്‍ താരങ്ങളുടെ മികവ് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നതിലാണ്. മികച്ച ടോട്ടലിലേക്കെത്താനും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുന്നു. സെമിയില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരെ സ്റ്റീവ് സ്മിത്ത് നേരിട്ടത് മികച്ച ഉദാഹരണമാണ്.' അക്തര്‍ പറഞ്ഞു. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ അതേ രീതിയില്‍ ചെറുക്കാന്‍ കിവീസിന് കരുത്തുണ്ട്. മിച്ചല്‍ സാന്റ് നര്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രാസ്വെല്‍, രചിന്‍ രവീന്ദ്ര എന്നിവരെല്ലാം സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. ഇത് ഇന്ത്യക്ക് തലവേദനയായി മാറുമെന്ന് തന്നെ പറയാം.
ഇന്ത്യയെ ഭാഗ്യം തുണക്കുമോ
ഇന്ത്യ ശക്തമായ താരങ്ങളുടെ നിരയാണ്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പല വട്ടം ഇന്ത്യയെ ചതിച്ചിട്ടുള്ളതാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ പാകിസ്താനോട് തോറ്റ് മടങ്ങി. ഫൈനലിലെ സമ്മര്‍ദ്ദം മറികടക്കാന്‍ ഇന്ത്യയെക്കാള്‍ കേമര്‍ ന്യൂസീലന്‍ഡാണ്. അതുകൊണ്ടുതന്നെ രോഹിത്തിനും സംഘത്തിനും എളുപ്പമാവില്ല. ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ ഭാഗ്യത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത് പ്രതീക്ഷിക്കാനാവില്ല.