ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടത്തിലേക്കെത്തിയിരിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒരോവര്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റിന്റെ വിജയം നേടുകയായിരുന്നു. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ ഗംഭീര ബാറ്റിങ്ങും ടീമിനെ അനായാസം ട്രോഫിയിലേക്കെത്തിച്ചു.
ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ മിക്ക താരങ്ങളും വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയും കൈയടി നേടി. ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമ്പോഴും കെ എല്‍ രാഹുലിന് ഈ കിരീടം ഇരട്ടി മധുരം നല്‍കുന്നതാണ്. കാരണം രാഹുലിനെപ്പോലെ വിമര്‍ശനം നേരിട്ട മറ്റൊരു താരവും ഇന്ത്യന്‍ ടീമിലില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഈ കിരീട നേട്ടം രാഹുലിന് ഇരട്ടി സന്തോഷം നല്‍കുന്നതാണ്.
ഓരോ പിഴവിനും പഴികേട്ടു
വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ പരിഗണിച്ചപ്പോള്‍ മുതല്‍ താരത്തിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം ചേര്‍ത്തുവെക്കാവുന്ന പേരാണ് കെ എല്‍ രാഹുലിന്റേത്. എന്നാല്‍ പലപ്പോഴും ഇത്തരമൊരു പരിഗണന അദ്ദേഹത്തിന് ലഭിച്ചില്ല. ക്ലാസിക് ശൈലിയും നിലയുറപ്പിച്ചാല്‍ ആക്രമണത്തിന്റെ പരമോന്നതിയിലേക്കും പോകുന്ന രാഹുലിന്റെ ശൈലി വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ലെന്ന് തന്നെ പറയാം.
എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം രാഹുലിന് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു. ഇതിനോട് നീതികാട്ടാന്‍ രാഹുലിന് സാധിച്ചുവെന്ന് തന്നെ പറയാം. ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യ എത്തുമ്പോള്‍ ക്രീസിന്റെ ഒരുവശത്ത് രാഹുലുണ്ടായിരുന്നു. ടീമിന് ആവശ്യമായ ഘട്ടങ്ങളിലെല്ലാം അദ്ദേഹം ബാറ്റുകൊണ്ട് ശോഭിച്ചു. രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനം എല്ലാ വിരോധികളോടുമുള്ള അദ്ദേഹത്തിന്റെ മറുപടിയാണെന്ന് തന്നെ പറയാം.

ആറാം നമ്പറിലേക്ക് മാറ്റിയപ്പോഴും പരാതിയില്ല
ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ പ്രശംസ ലഭിക്കേണ്ട താരമാണ് രാഹുലെന്ന് പറയാം. ഓപ്പണറായിട്ടായിരുന്നു രാഹുല്‍ തുടക്ക സമയത്ത് ശ്രദ്ധ നേടിയത്. ടി20യിലടക്കം വെടിക്കെട്ട് പ്രകടനത്തോടെ രാഹുല്‍ കൈയടി നേടിയെടുത്തു. എന്നാല്‍ പിന്നീട് സ്‌ട്രൈക്ക് റേറ്റ് മോശമായതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടു. ടെസ്റ്റിലേക്ക് മാത്രമായി ഒതുക്കപ്പെട്ടു. ഏകദിനത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. എന്നാല്‍ ഗംഭീര്‍ തിരിച്ചെത്തിയതോടെ രാഹുലിനെ ടീമിലേക്ക് പരിഗണിച്ചു.
റിഷഭ് പന്തിനെപ്പോലൊരു സൂപ്പര്‍ താരത്തെ പുറത്തിരുത്തിയാണ് ഇന്ത്യ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി കളിപ്പിച്ചത്. ഈ തീരുമാനം തെറ്റായില്ലെന്ന് നിസംശയം പറയാം. ഇത്തവണ ആറാം നമ്പറിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറിയപ്പോഴും രാഹുലിന് പരാതികളില്ല. തന്റെ റോള്‍ ഗംഭീരമാക്കി രാഹുല്‍ കൈയടി നേടുകയാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴു രാഹുലിന് സീറ്റുറപ്പുണ്ടോയെന്ന കാര്യം സംശയമാണ്. എന്നാല്‍ തന്റെ റോള്‍ എപ്പോഴും ഭംഗിയാക്കി അദ്ദേഹം മുന്നോട്ട് പോവുന്നു.
രാഹുലിന്റെ പ്രകടന കണക്കുകള്‍
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ രാഹുലിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ എത്രത്തോളം ടീമിന് ഗുണകരമായിട്ടുണ്ടെന്ന് വ്യക്തമാവും. ബംഗ്ലാദേശിനെതിരേ പുറത്താവാതെ 41 റണ്‍സും ന്യൂസീലന്‍ഡിനെതിരായ ഗ്രൂപ്പ് ഘട്ടത്തില്‍ 23 റണ്‍സും ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 42 റണ്‍സും ഫൈനലില്‍ പുറത്താവാതെ 34 റണ്‍സും നേടിയാണ് രാഹുല്‍ തിളങ്ങിയത്. ഫൈനലില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നപ്പോള്‍ ആകാശത്തേക്ക് ബാറ്റുയര്‍ത്തി രാഹുല്‍ നടത്തിയ ആഘോഷം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ സന്തോഷമാണ്. ഇന്ത്യന്‍ ടീമിനൊപ്പം ഇനിയും ഏറെക്കാലം മുന്നോട്ട് പോകാന്‍ രാഹുലിന് സാധിക്കുമെന്ന് തന്നെ കരുതാം.