ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം അടുത്ത ഞായറാഴ്ചയാണ് നടക്കാനിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് ലോകം കാത്തിരിക്കുന്ന ത്രില്ലര്‍. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്നയാള്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയായിരിക്കും. നേരത്തേ മുഖാമുഖം വന്നപ്പോള്‍ പലപ്പോഴും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ഇത്തവണ ഷഹീനെ കൂടുതല്‍ മികച്ച രീതിയില്‍ നേരിടാനുള്ള തയ്യാറെടുപ്പാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു വേണ്ടി പുതിയൊരാളെ കൂടി തങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ടീം ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഷഹീനെതിരേ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും പടയൊരുക്കം എങ്ങനെയാണെന്നു നമുക്കു നോക്കാം.

ഇടംകൈയന്‍ പേസര്‍
ഷഹീന്‍ അഫ്രീഡിയെ മികച്ച രീതിയില്‍ നേരിടുന്നതിനായി ഒരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുടെ സഹായം തേടിയിരിക്കുകയാണ് ടീം ഇന്ത്യ. അവേസ് അഹമ്മദെന്നെ ഇടംകൈയന്‍ പേസറാണ് നെറ്റ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരേ പന്തെറിയാനെത്തിയത്. നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാക് വംശജന്‍ കൂടിയായ അദ്ദേഹം നെറ്റ് ബൗളറായി ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.
പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?
പാകിസ്താന്‍ യുവ പേസര്‍ നസീം ഷായുടെ നാട്ടുകാരന്‍ കൂടിയാണ് അവേസെന്നതാണ് കൗതുകകരമായ കാര്യം. പക്ഷെ യുഎയില്‍ ആഭ്യന്തര ക്രിക്കറ്റിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളറെ വിട്ടു തരണമെന്നു രോഹിത്തും കോലിയും തന്റെ കോച്ചിന് മെസേജ് ചെയ്തിരുന്നതായും ഇതേ തുടര്‍ന്നാണ് ഇന്ത്യക്കെതിരേ പന്തെറിയാന്‍ എത്തിയതെന്നും അവേസ് വ്യക്തമാക്കി.
ബൗളിങ് പ്ലാനെന്ത്?
ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ കൂടിയായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കുമെതിരേ നെറ്റ്‌സില്‍ പന്തെറിയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് അവേസ് അഹമ്മദ് പറയുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ ലോക മുഴുവന്‍ ആരാധിക്കുന്ന രണ്ടു വമ്പന്‍ താരങ്ങളാണ് രോഹിത്തും കോലിയും. ഇരുവര്‍ക്കും മുന്നില്‍ ഞാന്‍ ഒന്നും തന്നെയല്ല.

ഷഹീന്‍ അഫ്രീഡിയുടെ അതേ രീതിയില്‍ തന്നെയായിരിക്കും നെറ്റ്‌സില്‍ ഇന്ത്യന്‍ ടീമിനെതിരേ ഞാന്‍ പന്തെറിയുക. എനിക്കു ഇന്‍സ്വിങും ഔട്ട്‌സ്വിങും എറിയാന്‍ സാധിക്കും. ആദ്യത്തെ കുറച്ചു ബോളുകള്‍ ഔട്ട്‌സ്വിങര്‍ എറിഞ്ഞ ശേഷം പിന്നീട് അകത്തേക്കു വരുന്ന ഇന്‍സ്വിങറുകള്‍ എറിയാനാണ് പ്ലാന്‍. ഇതു വഴി ഇന്ത്യന്‍ ബാറ്റര്‍മാരെ വിക്കറ്റിനു മുന്നില്‍ കുരുക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അവേസ് വെളിപ്പെടുത്തി
എന്തുകൊണ്ട് ഇന്ത്യ വന്നില്ല?
ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്കു വരാതിരുന്നതില്‍ അവേസ് അഹമ്മദ് നിരാശ പ്രകടിപ്പിച്ചു. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം പാകിസ്താനിലേക്കു വന്നിരുന്നെങ്കില്‍ നന്നായേനെ. ഇന്ത്യയൊഴികെ മറ്റു ടീമുകളെല്ലാം പാകിസ്താനില്‍ എത്തുകയും അവിടെ കളിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുകയാണ്. ഇന്ത്യന്‍ ടീം കൂടി പാകിസ്താനില്‍ വന്നു കളിച്ചിരുന്നെങ്കില്‍ അതു കാണികള്‍ക്കും ഏറെ സന്തോഷം നല്‍കുമായിരുന്നു.
ഇന്ത്യ അവിടെ കളിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ പാകിസ്താന്‍ ടീമിനു ഒരു മല്‍സരത്തിനു വേണ്ടി മാത്രമായി ദുബായിലേക്കു വരേണ്ട ആവശ്യവും ഇല്ലായിരുന്നു. ഈ തരത്തിലുള്ള യാത്ര വലിയ തിരിച്ചടിയാണ്. ഇന്ത്യന്‍ ടീം പാകിസ്താനിലേക്കു വന്നാല്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുമായിരുന്നു. പാകിസ്താനിലെ ആരാധകര്‍ക്കും ഇന്ത്യയോടു ഇഷ്ടം വര്‍ധിക്കുമായിരുന്നെന്നും അവേസ് കൂട്ടിച്ചേര്‍ത്തു.