ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടത്തിലേക്കെത്തിയിരിക്കുകയാണ്. ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ നാല് വിക്കറ്റും ആറ് പന്തും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ (76) അര്‍ധ സെഞ്ച്വറിയോടെ കളിയിലെ താരമായി. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റിലുടെനീളം ടീമിന് കരുത്തായത്.
ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ മിക്ക താരങ്ങളും പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്. നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടെ ഇന്ത്യയുടെ എല്ലാ താരങ്ങളും തങ്ങളുടേതായ പ്രകടന മികവുകൊണ്ടാണ് കൈയടി നേടിയെന്ന് പറയാം. ഇന്ത്യയുടെ വിജയങ്ങള്‍ക്ക് മിക്ക താരങ്ങളും അഭിനന്ദനം ഏറ്റുവാങ്ങവെ ഇന്ത്യയുടെ കിരീടത്തിലേക്കുള്ള യാത്രയില്‍ നിര്‍ണ്ണായകമായ ഒരാളുണ്ട്.
അത് പരിശീലകന്‍ ഗൗതം ഗംഭീറാണ്. പരിശീലകനെന്ന നിലയില്‍ ഗംഭീറെടുത്ത ചില നിര്‍ണ്ണായക നീക്കങ്ങളാണ് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചതെന്ന് നിസംശയം പറയാം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
റിഷഭിനെ തഴഞ്ഞ് രാഹുലിനെ കളിപ്പിച്ചു
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ടീം മാനേജ്‌മെന്റിലെ മറ്റ് പ്രധാനികള്‍ക്കും റിഷഭ് പന്തിനെ കളിപ്പിക്കണമെന്നായിരുന്നു താല്‍പര്യം. എന്നാല്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി മുന്നോട്ട് പോവുകയെന്നത് ഗൗതം ഗംഭീറിന്റെ തീരുമാനമായിരുന്നു. ഇത് എത്രത്തോളം ഗുണകരമായെന്ന് ഇന്ത്യയുടെ പ്രകടനത്തിലേക്ക് പിന്നോട്ട് നടന്നാല്‍ വ്യക്തമാവും. ഫൈനലിലടക്കം നങ്കൂരമിട്ട് കളിച്ച രാഹുലിന്റെ പ്രകടനം ഇന്ത്യയെ സമ്മര്‍ദ്ദ ഘട്ടത്തിലെല്ലാം സഹായിച്ചിട്ടുണ്ട്. ഇത്തവണ രാഹുല്‍ ഇന്ത്യയുടെ ഹീറോയായ മത്സരങ്ങളിലെല്ലാം അഭിനന്ദനം ഗൗതം ഗംഭീര്‍ കൂടി അര്‍ഹിക്കുന്നതാണ്. ഗംഭീര്‍ രാഹുലിനെ കളിപ്പിക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് തന്നെ പറയാം.
അക്ഷര്‍ പട്ടേലിനെ അഞ്ചാമനാക്കി
റിഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ ഇന്ത്യയുടെ മധ്യനിരയില്‍ ഇടം കൈയന്‍ ആരെന്നതായിരുന്നു പ്രധാന ചോദ്യം. ഇത് ഇന്ത്യക്ക് വലിയ തലവേദനയാകവെ അക്ഷര്‍ പട്ടേലിനെ അഞ്ചാം നമ്പറിലേക്ക് കൊണ്ടുവന്നത് ഗൗതം ഗംഭീറിന്റെ ബുദ്ധിയാണ്. ഗംഭീര്‍ നല്‍കിയ റോളിനോട് 100 % നീതി പുലര്‍ത്താന്‍ അക്ഷറിന് സാധിക്കുകയും ചെയ്തു. ഫൈനലിലടക്കം തകര്‍പ്പന്‍ പ്രകടനത്തോടെ അക്ഷര്‍ മാച്ച് വിന്നറായി മാറിയിട്ടുണ്ട്. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും അക്ഷറിന് തിളങ്ങാനാവുമെന്ന ഗംഭീറിന്റെ കണക്കുകൂട്ടല്‍ തെറ്റയില്ല. താരം ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയെന്ന് നിസംശയം പറയാം.

ശ്രേയസ് അയ്യരെ ടീമിലേക്ക് തിരിച്ചുവിളിച്ചു
ബിസിസി ഐയുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യരെ ടീമിലേക്ക് തിരിച്ചുവിളിച്ചത് ഗംഭീറാണ്. നാലാം നമ്പറില്‍ ശ്രേയസിനെ കളിപ്പിക്കാനുള്ള ഗംഭീറിന്റെ തീരുമാനം തെറ്റിയില്ല. ഇഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് ശ്രേയസ്. ഫൈനലില്‍ നിര്‍ണ്ണായകമായ 48 റണ്‍സുമായി തന്റെ റോള്‍ നന്നായി ചെയ്യാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചു. ശ്രേയസിന്റെ മികവ് തിരിച്ചറിഞ്ഞ് ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇടപെട്ടത് ഗംഭീറാണ്. ഇത് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ വളരെ നിര്‍ണ്ണായകമായെന്ന് നിസംശയം പറയാം.
വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി
ഇന്ത്യ ആദ്യം ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ടീമില്‍ ഇടമില്ലായിരുന്നു. എന്നാല്‍ പിന്നീട് യശ്വസി ജയ്‌സ്വാളിനെ മാറ്റി വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടുവന്നത് ഗൗതം ഗംഭീറാണ്. ഈ തീരുമാനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ വളരെ നിര്‍ണ്ണായകമായെന്ന് നിസംശയം പറയാം. ന്യൂസീലന്‍ഡിനെതിരേ ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ വരുണ്‍ ഫൈനലില്‍ കിവീസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യയുടെ ഹീറോയായി. ഇതിനും കൈയടിക്കേണ്ടത് ഗംഭീറിനാണെന്ന് നിസംശയം പറയാം.