ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ ഏറ്റവും വലിയ അഗ്നിപരീക്ഷയായിരിക്കും അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി. ഏകദിന ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാണ്. പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണിത്.
സമീപകാലത്തു ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനും ഇളക്കം തട്ടിയിട്ടുണ്ട്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ തുടര്‍ച്ചയായി രണ്ടു ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യന്‍ ടീം തോറ്റത്. ഇതോടെ ഡബ്ല്യുടിസി ഫൈനല്‍ യോഗ്യതയും ഇന്ത്യക്കു ആദ്യമായി നഷ്ടമായിരുന്നു.
ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11
അതിനാല്‍ ചാംപ്യന്‍സ് ട്രോഫിയുമായി ഇതിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും ഗംഭീറിന്റെ ശ്രമം. എന്നാല്‍ അതു അത്ര എളുപ്പമായിരിക്കില്ല. അദ്ദേഹം ടീം ഇന്ത്യക്കൊപ്പം ഇതികം പരീക്ഷിച്ച് കഴിഞ്ഞ ചില തന്ത്രങ്ങള്‍ ഒഴിവാക്കേണ്ടത് ആവശ്യമാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഗംഭീര്‍ വേണ്ടെന്നു വയ്‌ക്കേണ്ട അദ്ദേഹത്തിന്റെ ചില ഗെയിം പ്ലാനുകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

ഇടംകൈ- വലംകൈ കോമ്പിനേഷന്‍
ഗൗതം ഗംഭീറിന്റെ ഇതുവരെയുള്ള പരിശീലന കരിയറെടുത്താല്‍ ബാറ്റിങില്‍ എല്ലായ്‌പ്പോഴും ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കൊണ്ടുവരാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതായി കാണാം. ഈ നീക്കം വന്‍ പരാജയമാണെന്നാണ് ഇംഗ്ലണ്ടുമായി നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയും തെളിയിക്കുന്നത്.
അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ ഈ ഗെയിം പ്ലാന്‍ ഗംഭീര്‍ മാറ്റുവയ്‌ക്കേണ്ടതുണ്ട്. പകരം മുന്‍നിര ബാറ്റര്‍മാരെ അവര്‍ക്കു അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ തന്നെ നല്‍കാന്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട്.
ബാറ്റിങ് നിരയുടെ ആഴം
ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ആഴം കൂട്ടുന്നതിനായി അമിതമായി ഓള്‍റൗണ്ടര്‍മാരെ പ്ലെയിങ് ഇലവനില്‍ കുത്തി നിറയ്ക്കുന്ന പതിവും ഗൗതം ഗംഭീര്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ബാറ്റിങില്‍ മാത്രം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ബാറ്റിങിലും ബൗളിങിലും കൂടുതല്‍ ബാലന്‍സ് കൊണ്ടു വരാന്‍ അദ്ദേഹം ശ്രമിക്കണം,
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഒഴിവാക്കി പകരം രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ മൂന്നു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെയും ഒരുമിച്ച് കളിപ്പിക്കാന്‍ ഗംഭീര്‍ ശ്രമിക്കരുത്. രണ്ടു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ക്കൊപ്പം കുല്‍ദീപിനെ അദ്ദേഹം തീര്‍ച്ചയായും കളിപ്പിച്ചേ തീരൂ.

അമിത അഗ്രസീവ് സമീപനം
ഗൗതം ഗംഭീര്‍ ഒഴിവാക്കേണ്ട മൂന്നാമത്തെ കാര്യം ബാറ്റിങിലെ അമിത അഗ്രസീവ് സമീപനമാണ്. അഗ്രസീവ് ക്രിക്കറ്റ് കാഴ്ചവയ്ക്കുന്നത് നല്ലതു തന്നെയാണെങ്കിലും ഏകദിനത്തിന് ഇതു അത്ര അനുയോജ്യമല്ല. പകരം കൂടുതല്‍ സന്തുലിതമായ ഗെയിം പ്ലാനാണ് ടീമിന് ആവശ്യം.
ഉദാഹരണമായി വിരാട് കോലിയുടെ കാര്യമെടുത്താല്‍ അദ്ദേഹം ക്രീസില്‍ നിലയുറപ്പിച്ച ശേഷം അവസാനം വരെ നിന്ന് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്ന ബാറ്ററാണ്. ചാംപ്യന്‍സ് ട്രോഫിയിലും കോലി ഇതേ ശൈലി തന്നെയാണ് പിന്തുടരേണ്ടത്. പകരം സാഹചര്യം നോക്കാതെ അമിത അഗ്രസീവ് ശൈലി പിന്തുടര്‍ന്നാല്‍ അതു വലിയ തകര്‍ച്ചയ്ക്കു വഴിയൊരുക്കും.
ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.